ചെറുവത്തൂർ : കൊടക്കാട് കേളപ്പേജി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കവാടത്തിന് തൊട്ടുമുന്നിലൂടെ കടന്നുപോകുന്ന ചെറുവത്തൂർ - ചീമേനി - ഐ ടി പാർക്ക് - പാലാവയൽ ഭീമനടി - മുക്കട റോഡിൽ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന നാട്ടുകാരുടെയും മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റിന്റെയും നിർദ്ദേശം ഇനിയും നടപ്പാക്കാതെ കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ. വൻദുരന്തത്തിന് തന്നെ കാരണമായേക്കാവുന്ന അശാസ്ത്രീയത തിരുത്താതെയും ആവശ്യത്തിന് സുരക്ഷാ മുൻകരുതലുകളെടുക്കാതെയുമാണ് കെ.ആർ.എഫ്.ബി ഉരുണ്ടുകളിക്കുന്നത്.
സ്കൂളിന് മുന്നിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തുകൊണ്ട് റോഡ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് നാട്ടുകാർ ഒന്നടങ്കം കഴിഞ്ഞ മേയിൽ നിവേദനം സമർപ്പിച്ചിരുന്നു. തുടർന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഒക്ടോബറിൽ ചേർന്ന ജില്ല റോഡ് സുരക്ഷാ യോഗം ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ഡിസംബറിൽ തന്നെ പണി പൂർത്തീകരിക്കുമെന്നായിരുന്നു കെ.ആർ.എഫ്.ബി അധികൃതർ ഉറപ്പ് നൽകിയത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ അഭ്യർത്ഥന ലഭിച്ചിട്ടും അധികൃതർ അനങ്ങിയിട്ടില്ല. സുരക്ഷാ സംവിധാനങ്ങൾ റോഡിന്റെ രണ്ടാംഘട്ട പണി പൂർത്തിയായാൽ മാത്രമേ മാത്രമെ പൂർത്തിയാകുകയുള്ളുവെന്നാണ് കെ.ആർ.എഫ്.ബി കാസർകോട് പ്രൊജക്ട് വിഭാഗം അറിയിച്ചിരിക്കുന്നത്.
സ്കൂളിന് മുന്നിലൂടെ കടന്നുപോകുന്ന റോഡിൽ അൻപത് കിലോമീറ്റർ പ്രവർത്തിയാണ് നടക്കുന്നതെന്നും ഇതിൽ 5.6 കിലോമീറ്റർ ദൂരം മാത്രമാണ് സെക്കന്ററി ടാറിംഗ് നടന്നിട്ടുള്ളതെന്നുമാണ് കെ.ആർ.എഫ്.ബിയുടെ പുതിയ വിശദീകരണം .ചെറുവത്തൂർ മുതൽ നല്ലാമ്പുഴ വരെയുള്ള റോഡിന്റെ സെക്കൻഡ് ലെയർ ടാറിംഗ് പൂർത്തിയായാലുടൻ സുരക്ഷാ സംവിധാനം ഒരുക്കുമെന്നും അധികൃതർ ഈ കത്തിൽ വിശദീകരിക്കുന്നു. നേരത്തെ 2024 ഡിസംബർ 30നുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കുമെന്നാണ് കെ.ആർ.എഫ്.ബി ഉറപ്പ് നൽകിയിരുന്നത്. മോട്ടോർവാഹനവകുപ്പിന് നൽകിയ ഉറപ്പിന് വിരുദ്ധമായാണ് കെ.ആർ.എഫ്.ബിയുടെ പുതിയ പ്രസ്താവനയെന്ന് വിവരാവകാശ പ്രവർത്തകൻ എം. വി പുഷ്പരാജ് പറഞ്ഞു.
ദുരന്തം ഒഴിവാക്കാൻ ഇവിടെ വേണം
സൈൻ ബോർഡ്
പെഡസ്ട്രിയൻ ക്രോസിംഗ്
റംബിൾ സ്ട്രിപ്പ്
ദുരന്തം വരെ കാക്കണോ
കൊടക്കാട് കേളപ്പജി സ്‌കൂളിന് മുന്നിലുള്ള റോഡ് വെടിപ്പായതോടെ മിന്നൽ വേഗത്തിലാണ് വാഹനങ്ങൾ ചീറിപ്പായുന്നത്. സ്‌കൂളിന്റെ കവാടത്തിനോട് ചേർന്ന് തന്നെയാണ് റോഡ്. അല്പം ശ്രദ്ധ തെറ്റിയാൽ അപകടം ഉറപ്പാണ്.. രാവിലെയും ഉച്ചക്കും വൈകുന്നേരവും കുട്ടികൾ റോഡിൽ ഇറങ്ങുന്ന സമയത്ത് പോലും വാഹനങ്ങൾ അമിതവേഗത്തിൽ ചീറിപ്പായുന്നു. സ്‌കൂളിന് മുന്നിൽ സുരക്ഷാ സംവിധാനം ഒരുക്കുന്നതിനായി പലതരത്തിലുള്ള യോഗങ്ങൾ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷിതാക്കളും പൊലീസും ചേർന്ന് സുരക്ഷാ ബോധവൽക്കരണ പരിപാടിയും ഇവിടെ നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |