ജർമ്മൻ സാങ്കേതിക വിദ്യയായ കോൾഡ് മില്ലിംഗ് റീ സൈക്ലിംഗ് ഉപയോഗപ്പെടുത്തിയ രണ്ടാമത്തെ ജില്ല കണ്ണൂർ.
കണ്ണൂർ:ജില്ലയിലെ റോഡുകളിൽ നടക്കുന്ന കോൾഡ് മില്ലിംഗ് പ്രവൃത്തി പലയിടങ്ങളിലും വാഹനയാത്രക്കാർക്ക് ദുരിതമാകുന്നു. 2021 ജനുവരിയിലാണ് ജില്ലയിൽ കോൾഡ് മില്ലിംഗ് പൂർത്തിയാക്കിയത്.എന്നാൽ നാല് വർഷം പൂർത്തിയാകുമ്പോൾ പാത സ്വാഭാവികത നഷ്ടപ്പെട്ട് അപകടം വിതയ്ക്കുന്ന ഉയർച്ചതാഴ്ച്ചകളും രൂപപ്പെടുന്നതായാണ് ഡ്രൈവർമാരുടെ പരാതി. അഞ്ച് വർഷം വരെ ഈടുനിൽക്കുമെന്നും കൂടുതൽ ഗുണനിലവാരം പുലർത്തുമെന്നുമാണ് കോൾഡ് മില്ലിംഗ് റോഡുകളെന്ന് പറയുമ്പോഴും കണ്ണൂർ ജില്ലയിൽ സ്ഥിതി വ്യത്യസ്തമാണ്.
പലയിടങ്ങളിലും നിശ്ചിത കാലാവധി എത്തും മുമ്പെ റോഡുകൾ താറുമാറാവുകയാണ്. ബൈക്ക് യാത്രികർക്കാണ് ഇതിലൂടെ കൂടുതലും ബാധിക്കുന്നത്.മേലെച്ചൊവ്വ,കാൾടെക്സ് എന്നിവിടങ്ങളിലെല്ലാം അപകടത്തെ മാടിവിളിച്ച് റോഡിൽ അപകട കുഴികളും താഴ്ചകളും രൂപപ്പെട്ടിരിക്കുകയാണ്..മേലേച്ചൊവ്വയിൽ സമീപകാലത്ത് ബൈക്ക് അപകടം പതിവാണ്. കോൾഡ് മില്ലിംഗിന് ചിലവ് കുറവാണെങ്കിലും നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലെന്ന അഭിപ്രായമാണ് വിദഗ്ധർ പങ്കുവെക്കുന്നത്.
ഉപരിതലത്തിന് മിനുസമേറുമെന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകത. എന്നാൽ അതിശക്തമായ ചൂടും വെയിലും കാരണം ജില്ലയിൽ വർഷം കഴിയുന്തോറും പലയിടങ്ങളിലും വിള്ളൽവീണ് റോഡ് തകരുകയാണ്.
ദേശീയ പാതയിൽ 27.91 കോടി ചെലവിൽ താണ മുതൽ ധർമ്മടം പാലം വരെയുള്ള 17 കി .മീ ഭാഗവും താണ മുതൽ താഴെചൊവ്വ ഗേറ്റ് വരെ 3.56 കി. മീറ്ററും എടക്കാട് പമ്പ് മുതൽ ധർമ്മടം പാലം വരെ 6.44 കി .മീറ്ററും ഭാഗവുമാണ് കോൾഡ് മില്ലിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ബലപ്പെടുത്തിയത്.പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കിയെങ്കിലും ഇവിടെയൊന്നും അധികൃതർ അവകാശപ്പെട്ട മികച്ച ഗുണനിലവാരം കാണാനില്ല.രാത്രി കാലങ്ങളിൽ ബൈക്ക് യാത്രികർക്ക് വലിയ അപകടമാണ് ഇതുമൂലമുണ്ടാകുന്നത്.
കോൾഡ് മിൽ പ്രവൃത്തി ഇങ്ങനെ
മെഷീൻ ഉപയോഗിച്ച് നിലവിലുളള ടാറിംഗ് 7.5 സെ.മി ആഴത്തിൽ കിളച്ചെടുത്ത് ആവശ്യമായ അളവിൽ മെറ്റൽ, സിമന്റ്, ഫോം ബിറ്റുമെൻ എന്നിവ ചേർത്ത് റീസൈക്ലിംഗ് നടത്തി നിരത്തി ഉറപ്പിക്കുന്നതാണ് കോൾഡ് മിൽ രീതി. ബിറ്റുമെൻ പത രൂപത്തിലാക്കിയാണ് മെറ്റലുമായി ചേർക്കുന്നത്. ഇതിനായി 180 ഡിഗ്രി ചൂടിലുള്ള ബിറ്റുമെനിലേക്ക് കുറഞ്ഞ അളവിൽ തണുത്ത വെള്ളം സ്പ്രേ ചെയ്ത് വായുവിന്റെ സാന്നിദ്ധ്യത്തിൽ പത രൂപത്തിലാക്കുന്നു.എല്ലാ പ്രവൃത്തിയും ചെയ്യുന്നത് നൂതനസാങ്കേതിക വിദ്യയും മെഷീനറിയും ഉപയോഗിച്ചാണ്.മുപ്പത് ശതമാനത്തോളം ചിലവ് കുറയ്ക്കാനും പരിസ്ഥിതി ആഘാതം വലിയ അളവിൽ കുറക്കാനാകുമെന്നതുമാണ് കോൾഡ്മില്ലിന്റെ പ്രധാന നേട്ടം
റോഡിൽ രൂപപ്പെട്ടിട്ടുള്ള ഈ ഉയർച്ച താഴ്ച്ചകൾ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ പലപ്പോഴും ശ്രദ്ധിക്കാറില്ല.മേലേച്ചൊവ്വ ഭാഗത്ത് ബൈക്ക് യാത്രികർ പലപ്പോഴും ഇതെ തുടർന്ന് അപകടത്തിൽപ്പെടാറുണ്ട്.
ടി.വിശാൽ,മേലേച്ചൊവ്വ
കോൾഡ് മിൽ
റോഡ് , പാലം അല്ലെങ്കിൽ പാർക്കിംഗ് സ്ഥലം പോലുള്ളവയുടെ ഉപരിതലം ഒരു ഭാഗമെങ്കിലും നീക്കം ചെയ്യുന്ന പ്രക്രിയയാണ് പേവ്‌മെന്റ് മില്ലിംഗ് ( കോൾഡ് പ്ലാനിംഗ് , അസ്ഫാൽറ്റ് മില്ലിംഗ് അല്ലെങ്കിൽ പ്രൊഫൈലിംഗ് ) . മില്ലിംഗ് ഉപരിതലം നിരപ്പാക്കാനും മിനുസപ്പെടുത്താനും ആവശ്യമായ കനം മുതൽ പൂർണ്ണ ആഴത്തിലുള്ള നീക്കം വരെ നീക്കം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |