ഇരിട്ടി : അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളിലായി 10 കിലോമീറ്റർ പരിധിയിലുള്ള ജനവാസ കേന്ദ്രങ്ങളിൽ ഭീതി വിതച്ച മൂന്ന് വയസ്സ് പ്രായമുള്ള പിടിയാനയെ മയക്കുവെടിവച്ച് പിടികൂടാനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറളം ഫാം വളയഞ്ചാലിലെ ആർ.ആർ.ടി ക്യാമ്പിൽ എത്തിച്ച് ചികിത്സ നൽകുന്നതിനിടെ ഇന്നലെ രാത്രി ഒൻപതോടെ കുട്ടിയാന ചരിഞ്ഞു. പടക്കം കടിച്ചതിനെ തുടർന്ന് കീഴ്ത്താടിയിൽ ഗുരുതരമായി മുറിവേറ്റ ആനയ്ക്ക് ഭക്ഷണം കഴിക്കുന്നതിനടക്കം സാധിക്കുന്നുണ്ടായിരുന്നില്ല.
ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് കീഴ്പള്ളിക്കടുത്ത് വട്ടപ്പറമ്പ് മേഖലയിൽ ഈ കാട്ടാനയെ ആദ്യം കാണുന്നത്. രാത്രി മുഴുവൻ ഇടവേലി, അത്തിക്കൽ ജനവാസ മേഖലയിൽ കറങ്ങിയ ആനയെ പുലർച്ചെയോടെ പിന്നെ കാണാതായി. ആന ഫാമിലേക്ക് മടങ്ങിയെന്ന ആശ്വാസത്തിനിടയിലാണ് ഏഴു കിലോമീറ്റർ മാറി കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷൻ റോഡിലെ പൂത്തോട്ടാൽ പാലത്തിനു സമീപം പുലർച്ചെ അഞ്ചു മണിയോടെ പ്രദേശവാസി പി.എസ്.തങ്കച്ചൻ കാണുന്നത്.
പിന്നീട് രാവിലെ ആറരയോടെയാണ് വെന്തചാപ്പ മേഖലകളിലേക്ക് ആന നീങ്ങിയതായി സൂചന ലഭിച്ചു. ഏഴുമണിയോടെ വന്തചാപ്പ ചപ്പാത്തിന് സമീപത്തായി കരിക്കോട്ടക്കരി എടപ്പുഴ റോഡ് മുറിച്ചുകടന്ന് ആന അയ്യൻകുന്ന് പഞ്ചായത്തിൽ പ്രവേശിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെ വനം വകുപ്പിന്റെ വാഹനത്തെ ആന ആക്രമിച്ചു. അടുത്ത പറമ്പിലേക്ക് ഓടിക്കയറിയ ആന പതിനഞ്ചു മിനിറ്റോളം ഇതേ സ്ഥലത്ത് നിലയുറപ്പിച്ച ശേഷം പതിയെ കരിക്കോട്ടക്കരി ടൗൺ ഭാഗത്തേക്ക് മാറുകയായിരുന്നു.
വനപാലകസംഘം പടക്കം പൊട്ടിച്ച് ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും കരിക്കോട്ടക്കരി വെന്തചാപ്പ മേഖലയിൽ ചുറ്റിതിരിഞ്ഞ ആന കൃഷിയിടങ്ങളിൽ തന്നെ നിലയുറപ്പിച്ചു. രാവിലെ 10 മണിയോടെയാണ് വെന്തചാപ്പ മേഖലയിൽ നിന്നും കരിക്കോട്ടക്കരി റോഡിലേക്ക് ആനയെത്തുന്നത്. നെല്ലിക്കൽ ജേക്കബിന്റെ വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറിയ ആന അവിടെത്തന്നെ കുറെ സമയം നിലയുറപ്പിച്ചു. ഈ സമയത്ത് വനപാലകർക്ക് ആനയുടെ പരിക്ക് നിരീക്ഷിക്കാൻ സാധിച്ചു . വായ്ക്കകത്തുണ്ടായ മാരകമായ മുറിവിന്റെ വേദന സഹിക്കാൻ കഴിയാതെയാണ് കാട്ടാന പരക്കം പാഞ്ഞതെന്ന് മനസ്സിലാക്കിയ വനപാലകസംഘം വീട്ടിൽ നിന്നും പൈപ്പ് ഉപയോഗിച്ച് ദേഹത്ത് വെള്ളം ചീറ്റി ആനയെ ശാന്തമാക്കി.
അയ്യൻകുന്നിൽ നിരോധനാജ്ഞയും
അവശതയിലുള്ള ആനയെ കാട്ടിലേക്ക് തുരത്തുന്നത് സാദ്ധ്യമല്ലെന്ന് നിരീക്ഷിച്ച വനപാലക സംഘം പിന്നീട് ചീഫ് വൈൽഡ് ലൈഫ് വാർഡന് സന്ദേശം നൽകി.രണ്ടുമണിയോടെ മയക്കു വെടിവയ്ക്കുവാനുള്ള ചീഫ് വൈഡ് ലൈഫ് വാർഡൻ ഉത്തരവ് ഇറങ്ങി. പിന്നീട് വയനാട് ആർ.ആർ.ടി സംഘം എത്തുന്നതിനുള്ള കാത്തിരിപ്പായി. ഇതിനിടയിൽ അയ്യൻകുന്ന് പഞ്ചായത്തിലെ 7,8,9 വാർഡുകളിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൈക്ക് പ്രചരണവും നടത്തി. ആളുകളെ കാട്ടാനയുടെ സമീപത്തേക്ക് എത്തുന്നതും തടഞ്ഞു. കരിക്കോട്ടക്കരി പള്ളിയിലും കൂമന്തോട്, മലയാളം കാട് കപ്പേളകളിലും നടത്താനിരുന്ന ദിവ്യബലിഅടക്കം ഒഴിവാക്കി.
ആന അവശനിലയിൽ
ഒടുവിൽ വൈകുന്നേരം അഞ്ചു മണിയോടെ വയനാട് വെറ്റിനറി സർജൻ ഡോ.അജേഷ് മോഹൻദാസ്, ആറളം ആർ.ആർ.ടി വെറ്റിനറി സർജൻ ഡോ.ഏലിയാസ് റാവുത്തർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആനയെ നിരീക്ഷിച്ചശേഷം മയക്കുവെടി വച്ചു. ഒരു ഡോസ് മയക്കുവെടി ഏറ്റതോടെ ആന മയങ്ങി. പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കയറുകൊണ്ട് കാലുകൾ ബന്ധിച്ചു. തുടർന്ന് മുറിവിൽ പ്രാഥമിക ചികിത്സ നൽകി. ഇതിനിടെ ലോറിയിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ആന തളർന്നു വീണു. മുൻകാലുകൾ ലോറിയുടെ അകത്തേക്ക് കയറ്റി പിൻകാലുകൾ കയറ്റാനുള്ള ശ്രമത്തിനിടയിലാണ് ആന വീണത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |