തളിപ്പറമ്പ്: ധർമ്മശാല നിഫ്റ്റ് കോമ്പൗണ്ടിൽ കാട്ടുപോത്തിനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാത്രി
പത്തരയോടെയാണ് കോമ്പൗണ്ടിൽ കാട്ടുപോത്തിനെ കണ്ടത്.വിവരമറിഞ്ഞ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.വി.സനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും എസ്.ഐ ജയ്‌മോൻ ജോർജിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തുമ്പോഴേക്കും കാട്ടുപോത്ത് സമീപത്തെ ശ്മശാനത്തിന്റെ ഗേറ്റ് തകർത്ത് കുറ്റിക്കാട് നിറഞ്ഞ പറമ്പിൽ കയറുകയായിരുന്നു.
ഈ പറമ്പിന്റെ ഗേറ്റ് പുറത്ത് നിന്നും അടച്ച് പുലർച്ചെ രണ്ടര വരെ കാട്ടുപോത്തിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.വനംവകുപ്പുദ്യോസ്ഥരും പൊലീസും പിൻവാങ്ങിയ ശേഷം വനം വകുപ്പ് വാച്ചർമാരായ ഷാജി, റിയാസ് മാങ്ങാട് എന്നിവരെ നിരീക്ഷണത്തിന് നിയോഗിച്ചെങ്കിലും കാട്ട് പോത്തിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നാൽ . ഇന്നലെ രാവിലെ നടത്തിയ പരിശ്രാധനയിൽ ശ്മശാനത്തിന്റെ പിറകിലത്തെ മതിൽ ചാടി കടന്നതിന്റെ അടയാളങ്ങൾ കണ്ടെത്തി. തുടർന്നും പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
കരിമ്പത്തും എത്തി
കഴിഞ്ഞ 28ന് രാത്രി പന്ത്രണ്ടുമണിയോടെ പട്ടുവത്ത് നിന്നും തെയ്യം കണ്ട് മടങ്ങുകയായിരുന്നവർ തളിപ്പറമ്പ്-ശ്രീകണ്ഠാപുരം സംസ്ഥാനപാതയിൽ പനക്കാട് കാട്ടുപോത്തിനെ കണ്ടിരുന്നു.വിവരമറിഞ്ഞ് തളിപ്പറമ്പ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതെ കാട്ടുപോത്തായിരിക്കും ധർമ്മശാല ഭാഗത്തെത്തിയതെന്നാണ് നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |