പയ്യന്നൂർ: റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കോടികളുടെ വികസന പ്രവൃത്തനങ്ങൾ നടക്കുന്നതിനിടയിൽ, പതിറ്റാണ്ടുകളായി നിലനിന്നിരുന്ന സൗകര്യങ്ങൾ നിർത്തലാക്കി റെയിൽവേയുടെ തുഗ്ലക്ക് പരിഷ്കാരം.
ഇതുവരെയുണ്ടായിരുന്ന പാർസൽ സർവ്വീസ് ഇന്നു മുതൽ നിർത്തലാക്കി റെയിൽവേ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്.
പാലക്കാട് ഡിവിഷനു കീഴിൽ പയ്യന്നൂർ ഉൾപ്പെടെ മൂന്നു സ്റ്റേഷനുകളിലെ പാർസൽ സർവീസാണ് ഇന്നു മുതൽ നിർത്തലാക്കുന്നത്. നിലമ്പൂരും പൊള്ളാച്ചിയുമാണ് നിർത്തലാക്കിയ മറ്റ് രണ്ട് സ്റ്റേഷനുകൾ.
ഒരു വർഷം മുമ്പും പയ്യന്നൂരിൽ പാർസൽ സർവീസ് നിർത്തിവച്ചു കൊണ്ട് ഉത്തരവ് ഇറങ്ങിയിരുന്നുവെങ്കിലും പൊതുജനങ്ങളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നുമുണ്ടായ കടുത്ത പ്രതിഷേധത്തെ തുടർന്ന് പുനഃസ്ഥാപിക്കുകയായിരുന്നു. എന്നാൽ ഒരു വർഷത്തിനു ശേഷം വീണ്ടും ഈ ഉത്തരവ് പ്രാബല്യത്തിലാക്കുകയാണ്.
വടക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളിൽ ഒന്നാണ് പയ്യന്നൂർ.
പയ്യന്നൂരിൽ പാർസൽ സർവ്വീസ് നിർത്തലാക്കുന്നതോടെ ഇവിടെയുള്ളവരെല്ലാം ഇനി കണ്ണൂർ സ്റ്റേഷനെയാണ് ആശ്രയിക്കേണ്ടി വരിക. ധനനഷ്ടത്തിനോടൊപ്പം സമയനഷ്ടവും ദുരിതവും ഏറെയാണ് എന്നുള്ളതാണ് ഇതിന്റെ പരിണിത ഫലം. ഇതിനെല്ലാമുപരി സ്റ്റേഷനിലെ പാർസൽ സർവ്വീസിനെ ആശ്രയിച്ച് കഴിയുന്ന നാല് അംഗീകൃത ലൈസൻസ് പോട്ടർമാരുടെ ജീവിതവും പാർസൽ സർവ്വീസ് നിലയ്ക്കുന്നതോടെ വഴിമുട്ടും. ഇവരിൽ 45 ലേറെ വർഷമായി ജോലി ചെയ്യുന്നവരുമുണ്ട്.
പാർസൽ സർവ്വീസ് പുനഃസ്ഥാപിക്കുവാൻ ജനപ്രതിനിധികളും മറ്റും ശക്തമായി ഇടപെടണമെന്നാണ് യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആവശ്യം.
ഇവിടെയുണ്ട് നാവിക അക്കാഡമിയും
സി.ആർ.പി.എഫ് കേന്ദ്രവും
ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാഡമി, പെരിങ്ങോം സി.ആർ.പി.എഫ്. പരിശീലന കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ്, ഗവ. ആയുർവേദ കോളജ്, മൂന്ന് എൻജിനീയറിംഗ് കോളജുകൾ, കേന്ദ്രീയ
വിദ്യാലയം തുടങ്ങിയ സ്ഥാപനങ്ങൾ ആശ്രയിക്കുന്ന സ്റ്റേഷനാണ് പയ്യന്നൂർ. നാവിക അക്കാഡമി, സി.ആർ.പി.എഫ്. കേന്ദ്രം എന്നിവയിൽ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ സേവനമനുഷ്ടിക്കുന്നുണ്ട്. ഇവർക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ചും പാർസൽ അയക്കേണ്ട സൗകര്യമാണ് ഇതോടെ ഇല്ലാതായത്.
പുഴഞണ്ടും ചെമ്മീനും
രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന പുഴഞണ്ടും ചെമ്മീനും കയറ്റി അയക്കുന്നത് പ്രധാനമായും പയ്യന്നൂരിൽ നിന്നാണ്. സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി ചെന്നൈയിലേക്കാണ് ഇവിടെ നിന്ന് ഇവ കയറ്റി അയയ്ക്കുന്നത്. ഇത് കൂടാതെ സാധാരണക്കാരും അവരുടെ പാർസലുകൾ അയക്കുന്നതിന് പൊതുവെ ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ റെയിൽവെയെയാണ് ആശ്രയിക്കാറുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |