കണ്ണൂർ: കഴിഞ്ഞ ഫെബ്രുവരി 25ന് കശുവണ്ടി ശേഖരിക്കാൻ പോയ ആദിവാസി ദമ്പതികളുടെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധം തണുപ്പിക്കാൻ സർക്കാർ നടത്തിയ പ്രഖ്യാപനം പാഴ്‌വാക്കായി. രണ്ടുമാസത്തിനകം ആറുകിലോമീറ്റർ ദൂരമെങ്കിലും മതിൽ പൂർത്തിയാക്കുമെന്ന വാഗ്ദാനത്തെ തുടർന്നായിരുന്നു അന്ന് പ്രതിഷേധം കെട്ടടടങ്ങിയത്. പത്തുദിവസം മാത്രം ബാക്കി നിൽക്കെ 3.600 കി.മി മാത്രമാണ് ഇതുവരെ പൂർത്തിയാക്കാനായിട്ടുള്ളത്.
ജില്ല കളക്ടറുടെ നേതൃത്വത്തിലുള്ള നിരീക്ഷണസമിതി നിർമ്മാണ പുരോഗതി വിലയിരുത്തി ആറു കി.മീറ്റർ മതിൽ ഏപ്രിൽ 30നകം തീർക്കണമെന്നായിരുന്നു കരാറുകാരന് അന്ത്യശാസനം നൽകിയിരുന്നത്. വനംവകുപ്പ് മന്ത്രിയെ ഉൾപ്പെടെ തടഞ്ഞുവച്ച് പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലായിരുന്നു പ്രതിഷേധക്കാർക്ക് അധികൃതർ മതിൽ പൂർത്തിയാക്കുമെന്ന ഉറപ്പ് നൽകിയത്.
ആനമതിൽ നിർമാണത്തിനായി അലൈൻമെന്റിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ മരങ്ങൾ മുറിച്ചുനീക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിന് തന്നെ നടപടി സ്വീകരിക്കാവുന്നതാണെന്ന് അന്ന് മന്ത്രി വ്യക്തമാക്കിയതാണ്.തുടർന്ന് 35 കെട്ടുകാർ ഉൾപ്പെടെ 55 തൊഴിലാളികൾ പ്രവർത്തിക്കായി എത്തുകയും ചെയ്തിരുന്നു. എന്നിട്ടും പ്രഖ്യാപിച്ച തീയതിക്ക് മുമ്പ് മതിൽ നിർമ്മാണം പൂർത്തിയാക്കാനുള്ള സാദ്ധ്യത വിരളമാണെന്നാണ് പഞ്ചായത്ത് അധികാരികൾ ഉൾപ്പെടെ പറയുന്നത്.
തടസമായി ക്വാറി സമരം, വേനൽ മഴ..
ആവശ്യത്തിന് തൊഴിലാളികൾ വന്നെങ്കിലും ക്വാറിസമരം മൂലം കല്ലുകൾ ലഭിക്കാത്തതാണ് നിലവിലുള്ള പ്രതിസന്ധി. ചെങ്കുത്തായ മലയുടെ മുകളിലേക്ക് സാമഗ്രികൾ എത്തിക്കാനുള്ള റോഡ് പൂർത്തിയാക്കിയെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴയെ തുടർന്ന് വാഹനങ്ങൾ മലയിൽ കുടുങ്ങിയത് മതിൽ നിർമ്മാണത്തിൽ വിലങ്ങുതടിയായി. ഈ രീതി തുടർന്നാൽ ഏപ്രിൽ 30നകം ആറു കിലോമീറ്ററെങ്കിലും പൂർത്തിയാക്കണമെന്ന നിരീക്ഷണ സമിതിയുടെ ഉത്തരവ് നടപ്പാകാനിടയില്ല.നിലവിലെ സാഹചര്യങ്ങൾ വച്ച് മതിൽ പൂർത്തിയാകാൻ മൂന്ന് മാസമെങ്കിലും വേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ.
ഒന്നരവർഷം, പൂർത്തിയായത് നാലു കി.മീ
2023 സെപ്റ്റംബർ 30നാണ് ആനമതിൽ നിർമ്മാണം ആരംഭിച്ചത്. എന്നാൽ ഒന്നര വർഷം പിന്നിടുമ്പോഴും നാല് കിലോമീറ്റർ പോലും പൂർത്തിയായിട്ടില്ല. ആനമതിൽ പൂർത്തിയാകാതെ ഫാമിൽ വിഹരിക്കുന്ന ആനകളിൽ നിന്ന് മോചനം സാധ്യവുമല്ല. തുരത്തിയ ആനകൾ മഴക്കാലമടുക്കുമ്പോൾ വീണ്ടും ജനവാസ മേഖലയിൽ എത്താനുള്ള സാദ്ധ്യത നിലനിൽക്കുന്നു.
ആറളത്തിന്റെ നഷ്ടം ചെറുതല്ല
പത്തുവർഷം 14 മരണം
പതിനാലു പേരാണ് പത്തുവർഷത്തിനകം ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടടിയിൽ അമർന്നത്. ഇവരിൽ പതിനൊന്നും ആദിവാസികളാണ്. വന്യജിവി ശല്യം രൂക്ഷമായതോടെ സർക്കാർ നൽകിയ ഭൂമിയിൽ വാസയോഗ്യമല്ലെന്ന് മനസിലാക്കി പലരും വീടൊഴിഞ്ഞ് പോകുകയാണ്.
85 കോടിയുടെ കാർഷികനാശം
ആറളം ഫാമിംഗ് കോർപറേഷന്റെ കൃഷി ഭൂമിയിൽ കഴിഞ്ഞ ഏഴ് വർഷത്തെ നഷ്ടം 85 കോടിയിലധികം രൂപയാണ്.തെങ്ങ്, കവുങ്ങ്, കുരുമുളക്, കശുമാവ്, കൊക്കോ, തുടങ്ങിയ ഫാമിൽ കൃഷി ചെയ്ത എല്ലാത്തരം വിളകളും വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ നശിച്ചു.
പ്രശ്നങ്ങൾ ഓരോന്നായി മറികടക്കുമ്പോഴും പുതിയ പ്രതിസന്ധികൾ ഉണ്ടാകുകയാണ്. ക്വാറി സമരം വന്നതിനാൽ കല്ല് കിട്ടാത്തതാണ് നിലവിലെ പ്രതിസന്ധി. കൂട്ടത്തിൽ വേനൽ മഴകൂടിയായപ്പോൾ ബുദ്ധിമുട്ടുകൾ ഇരട്ടിയായി.എം.എൽ.എ യുമായിടക്കം ചർച്ച ചെയ്ത് കല്ലെത്തിക്കാനുള്ള വഴികൾ നോക്കുന്നുണ്ട്. -കെ.പി രാജേഷ് ആറളം പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |