കണ്ണൂർ:സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ എഴുനൂറിലധികം പേർ പങ്കെടുത്തു. ഇതിൽ തിരഞ്ഞെടുക്കപ്പെട്ട 16 പേരാണ് മുഖ്യമന്ത്രിയുമായി സംവദിച്ചത്.
മഴക്കാലം മുൻ നിർത്തി ദുരന്തനിവാരണവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങളിലൊന്ന്. ജൂണിന് മുമ്പ് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായ് 4500 ആപ്ത വളണ്ടിയർമാരും 6500 സന്നദ്ധ വളണ്ടിയർമാരുമുണ്ട്. യുവ ആപ്ത മിത്ര എന്ന പേരിൽ കമ്മ്യൂണിറ്റി വളണ്ടിയർമാരെ നിയമിക്കാൻ നടപടി സ്വീകരിച്ചു. കേരളത്തിലെ 1054 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 10340 പേർക്ക് തുടർ പരിശീലനം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. വന്യജീവിശല്യം ഒഴിവാക്കാൻ ഒൻപത് ആർ.ആർ.ടികൾ പുതുതായി രൂപീകരിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള സെൻസർ വാളുകൾ, ക്യാമറ ട്രാപ്, അലാറം സിസ്റ്റം എന്നിവയും നടപ്പിലാക്കുന്നുണ്ട്. വന്യജീവികൾക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥ കാടുകളിൽ ഒരുക്കും. 848 കിലോമീറ്റർ സോളാർ ഫെൻസിംഗ് , പത്ത് കിലോമീറ്റർ വേവ് ഫെൻസിംഗ്, 68 കിലോമീറ്റർ ആന കിടങ്ങ് എന്നിവ പൂർത്തീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശാസ്ത്രീയ അറവുശാലകൾ വേണം
ശാസ്ത്രീയ അറവുശാലകൾ നിർമ്മിക്കാൻ നേതൃത്വം കൊടുക്കുമെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കാൻ ആറളം ഫാമിൽ സ്ഥലം അനുവദിക്കണമെന്ന ആവശ്യം പരിശോധിക്കും. ചെറിയ ഹോട്ടലുകൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് വേണമെന്നുള്ളത് കാലത്തിനനുസരിച്ചുള്ള മാറ്റമാണ്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾക്ക് ചെറിയതോതിലുള്ള കാര്യങ്ങൾക്ക് അംഗീകാരം കൊടുക്കാൻ സാധിക്കുമോ എന്ന നിർദേശം പരിശോധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
സ്റ്റേഡിയത്തിന് പ്രത്യേക ശ്രദ്ധ
അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബാൾ സ്റ്റേഡിയത്തിനായി സർക്കാർ ശ്രമം നടത്തുന്നുണ്ട്.സ്‌പോർട്സ് കോട്ടയിലൂടെ ജോലി ലഭിച്ചവർ സ്‌പോർട്സ് രംഗത്ത് തന്നെ പരിശീലകരായി വരുന്നത് ചർച്ച ചെയ്യും. എല്ലാ കുട്ടികളും നീന്തൽ പഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വർഗീയ പ്രചാരണം ഗൗരമായി കാണും
സോഷ്യൽ മീഡിയയിലെ വർഗീയ പ്രചരണം ഗൗരവമായ പ്രശ്നമായാണ് കാണുന്നത്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹരിത കർമ്മ സേനയുടെ ഇൻഷുറൻസുമായി ബന്ധപ്പെട്ട് പ്രത്യേകമായി പരിശോധിച്ചു നടപടി എടുക്കും. തലശ്ശേരി ജില്ലാ കോടതിയിലെയും കണ്ണൂർ സെൻട്രൽ ജയിലിലേയും പുരാരേഖകൾ സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |