ഇരിട്ടി :മഴയ്ക്ക് അല്പം ശമനം ഉണ്ടായെങ്കിലും മലയോര മേഖലയിൽ ചൊവ്വാഴ്ച്ചയും വ്യാപക നാശം.അയ്യൻകുന്നിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ റബർമരങ്ങൾ വ്യാപകമായി നശിച്ചു. എടൂർ - വീർപ്പാട് റൂട്ടിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കൂറ്റൻ മരം റോഡിലേക്ക് വീണ് ബസ് ഉൾപ്പെടെ വലിയ വാഹനങ്ങളുടെ യാത്ര തടസപ്പെട്ടു. മേഖലയിലെ വൈദ്യുതി ബന്ധവും തകരാറിലായി.
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയിലും കാറ്റിലും ഇരിട്ടി താലൂക്കിൽ മരം വീണും മറ്റും ഇരിട്ടി താലൂക്കിൽ 34 വീടുകൾക്ക് ഭാഗിക നാശം നേരിട്ടിരുന്നു.അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ തട്ട് മേഖലയിൽ 200 ഓളം റബർ മരങ്ങൾ കാറ്റിൽ ഒടിഞ്ഞു വീണു . വാഴയും മറ്റ് മരങ്ങളും കടപുഴകി വീണും നാശനഷ്ടം സംഭവിച്ചു .ജോസ് കൊള്ളികൊളവിൽ ,ജോസഫ് മാന്തോട്ടത്തിൽ ,പാപ്പച്ചൻ ചേന്നംകുളത്ത് എന്നിവരുടെ 200 ഓളം റബർ മരങ്ങൾ കാറ്റിൽ നശിച്ചു .ജോസഫ് വരകനാട്ടിന്റെ 15 ഓളം കവുങ്ങും 50 ഓളം വാഴയും കഴിഞ്ഞ ദിവസത്തെ മഴയിലും കാറ്റിലും നിലംപൊത്തി.
ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട് . കർണാടകയിലെ കുടക് വനമേഖലയിലെ ശക്തമായ മഴയാണ് ലഭിക്കുന്നത് . ഇതോടെ ബാരാപ്പോൾ പുഴയിലും വയത്തൂർ പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട് . മൂന്ന് ദിവസമായി മുടങ്ങിക്കിടന്ന വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു വരുന്നു.കീഴൂർക്കുന്ന് - വള്ളിയാട് റൂട്ടിൽ ലക്ഷം വീടിന് സമീപം റോഡരികിലെ കുന്നിടിഞ്ഞതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.കഴിഞ്ഞദിവസം രാത്രിയാണ് രണ്ടിടങ്ങളിലായി കുന്നിടിഞ്ഞത്. കുന്നിൻ മുകളിൽ നിന്ന് മണ്ണ് റോഡിലേക്ക് പതിക്കുന്ന സ്ഥിതിയാണ്. ഇതുവരെയുള്ള യാത്രക്കാരുടെ സുരക്ഷാ കണക്കിലെടുത്ത് ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |