കാസർകോട്: ഒഴിവുകൾ ഏറെയുണ്ടായിട്ടും മതിയായ നിയമനം നടത്താതെ ഒരു പി.എസ്.സി റാങ്ക് ലിസ്റ്റ് കൂടി ഈ മാസം 31 ഓടെ ഇല്ലാതാകും. 2022 മേയ് 31ന് പ്രസിദ്ധീകരിച്ച എൽ.പി, യു.പി റാങ്ക് ലിസ്റ്റ് ആണ് കാലാവധി തീർന്ന് റദ്ദാക്കപ്പെടുന്നത്. മെയിൻ ലിസ്റ്റിൽ 991 പേരാണ് മൂന്ന് വർഷമായി നിയമനം കാത്തുകിടന്നത്. സപ്ലിമെന്ററി ലിസ്റ്റിൽ 598 പേർ കൂടി ഇതിന് പുറമേയുണ്ട്.
ഈ ലിസ്റ്റിൽ നിന്ന് 277 പേരെ മാത്രമാണ് ഇതുവരെ നിയമിച്ചത്. കൊവിഡ് മഹാമാരിയുടെ ഭീഷണിയിലായ 2019ലാണ് പി.എസ്.സി പരീക്ഷ നടത്തിയത്. റാങ്ക് ലിസ്റ്റ് പുറത്തുവന്നത് 2022ലും. ഏഴ് വർഷം കാത്തിരുന്ന ശേഷമാണ് ഉദ്യോഗാർത്ഥികൾ നിയമനം കിട്ടാതെ പുറത്തു പോകുന്നത്. ഈ റാങ്ക് ലിസ്റ്റിലുള്ള പലരും പ്രായപരിധി കഴിഞ്ഞതിനാൽ ഇനി പരീക്ഷ എഴുതാനോ നിയമനം കിട്ടാനോ വഴിയില്ലാത്തവരാണ്. ഒഴിവുകൾ ഉണ്ടായിട്ടും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഒന്നും ഉണ്ടായിട്ടില്ല.
സ്കൂളുകൾ താൽക്കാലികക്കാർക്ക് പിറകെ
പതിവ് പോലെ ഇത്തവണയും സ്കൂളുകൾ തുറക്കുമ്പോൾ താൽക്കാലിക അദ്ധ്യാപകർക്കായി ഇന്റർവ്യു നടത്തിവരികയാണ്.വെബ്സൈറ്റിൽ ഉള്ള യഥാർത്ഥ ഒഴിവുകൾ പി.എസ്.സിയെ അറിയിക്കുന്നില്ലെന്നുമാണ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത്.2025 ഏപ്രിൽ 25 ന് കാസർകോട് ഡി.ഡി.ഇ പ്രസിദ്ധീകരിച്ച ഒഴിവുകൾ പോലും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രൈമറിയിലെ ഒഴിവുകൾ
ഹെഡ്മാസ്റ്റർ 54
എൽ.പി 59,
യു.പി 54
എന്നാൽ ഹെഡ്മാസ്റ്റർ റിട്ടയർമെന്റ് ഒഴിവുകൾ കുറെ ഉണ്ടെങ്കിലും അവയൊന്നും പി എസ് സിയെ അറിയിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |