കാസർകോട്: പൂനയിൽ നിന്നും കോഴിക്കോട്ടേക്ക് റഫ്രിജറേറ്ററുമായി പോകുന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. ഇന്നലെ വൈകുന്നേരം നാലേ ഇരുപതോടെ കാസർകോട്- കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ നിന്നും മേൽപ്പറമ്പ് ദേളി റോഡ് കുവത്തൊട്ടി എന്ന സ്ഥലത്താണ് സംഭവം.
ഇലക്ട്രിക് ലൈനിൽ ലോറിയുടെ മുകൾഭാഗം തട്ടി ഷോർട്ട് ആയതാണ് തീ പിടിത്തത്തിന് പിന്നിൽ. കണ്ടൈനറികളിലേക്കുണ്ടായിരുന്ന റഫ്രിജറേറ്ററുകളിലേക്ക് തീ പടർന്നു . വിവരമറിഞ്ഞ് ഫയർ സ്റ്റേഷൻ ഓഫീസർ കെ.ഹർഷയുടെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സണ്ണി ഇമ്മാനുവലിന്റെയും നേതൃത്വത്തിലുള്ള രണ്ടു യൂണിറ്റ് സേന ഉടൻ സ്ഥലത്തെത്തി. കെ.എസ്.ഇ.ബി അധികൃതർ എത്തി വൈദ്യുത ബന്ധം വിച്ഛേദിച്ച ശേഷമാണ് ഷിയേഴ്‌സ് ഉപയോഗിച്ച് പൂട്ട് പൊളിച്ച് കണ്ടൈനറിനകത്തെ തീ നിയന്ത്രണവിധേയമാക്കിയത്. പിന്നാലെ ലക്ഷക്കണക്കിന് രൂപ വിലയുള്ള നിരവധി റഫ്രിജറേറ്ററുകൾ സുരക്ഷിതമായി പുറത്തെത്തിച്ചു.
പിന്നാലെ കണ്ടെയ്നറിനുള്ളിൽ ഉണ്ടായിരുന്ന തീ പൂർണമായും കെടുത്തി.പത്തോളം റഫ്രിജറേറ്ററുകൾ ഭാഗികമായി കത്തി. ബാക്കി റഫ്രിജറേറ്ററുകളും ലോറിയും സേനയുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിക്കാനായി. ഫയർഫോഴ്സ് അംഗങ്ങളായ കെ.ആർ.അജേഷ് , ഷൈജു, ടി.അമൽരാജ് , അഖിൽ അശോകൻ, ജെ.എ.അഭസെൻ, സാദിഖ് , വൈശാഖ് , ഹോംഗർഡുമാരായ ടി.വി.പ്രവീൺ, സുമേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |