കൊട്ടിയൂർ: പെരുമാൾക്ക് സാന്ത്വനവും ഭക്തർക്ക് ആത്മതൃപ്തിയും പകർന്ന് ഇന്നലെ അക്കരെ സന്നിധാനത്ത് വൈശാഖ മഹോത്സവത്തിലെ പ്രധാനചടങ്ങായ ഇളനീരാട്ടം നടന്നു. വിവിധ പ്രദേശങ്ങളിൽ നിന്നും ഭക്തർ കഠിനവ്രതമനുഷ്ഠിച്ച് എഴുന്നള്ളിച്ച് പെരുമാൾക്ക് സമർപ്പിച്ച ആയിരക്കണക്കിന് ഇളനീരുകളാണ് അഷ്ടമിനാളിൽ ഭഗവാന് അഭിഷേകം ചെയ്തത്.
ഇന്നലെ രാവിലെ മുതൽ കാര്യത്ത് കൈക്കോളന്റെ നേതൃത്വത്തിലുള്ള സംഘം ഇളനീരുകൾ ചെത്തിയൊരുക്കി മുഖമണ്ഡപത്തിൽ കൂട്ടി വച്ചു.ഇളനീർ ചെത്താനുള്ള കത്തികൾ കത്തി തണ്ടയാന്മാരാണ് തിരുനടയിൽ സമർപ്പിച്ചത്.വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ രണ്ടാമത്തെ ആരാധനയായ അഷ്ടമി ആരാധനയും ഇന്നലെ നടന്നു.ഉച്ചശീവേലിക്ക് ശേഷം ഭണ്ഡാര അറയ്ക്ക് മുന്നിൽ പന്തീരടി കാമ്പ്രം സ്ഥാനികന്റെ കാർമ്മികത്വത്തിലാണ് അഷ്ടമി ആരാധന നടന്നത്.ആരാധനയുടെ ഭാഗമായി തെയ്യമ്പാടി നമ്പ്യാരുടെ അഷ്ടമി പാട്ടും നടന്നു.
ഭക്തിനിർഭരമായി മുത്തപ്പൻ വരവ്
രാത്രിയിൽ കൊട്ടേരിക്കാവിൽ നിന്നും മുത്തപ്പൻ ദൈവം വരവും അകമ്പടിക്കാരും ഓടച്ചൂട്ട് കത്തിച്ച് ക്ഷേത്ര സന്നിധാനത്ത് എത്തി അരിയും കളഭവും സ്വീകരിച്ച് അനുമതി നൽകി ദൈവം മടങ്ങിയ ശേഷം പാലോന്നം നമ്പൂതിരി രാശി വിളിച്ചതോടെയാണ് ഇളനീരാട്ടം തുടങ്ങിയത്.ആദ്യം മൂന്ന് ഇളനീർ ഉഷകാമ്പ്രം അഭിഷേകം ചെയ്തു.തുടർന്ന് ഭക്തർ സമർപ്പിച്ച ഓരോ ഇളനീരും വെട്ടി വെള്ളിക്കുടങ്ങളിൽ നിറച്ച് ഇടമുറിയാതെ സ്വയംഭൂ വിഗ്രഹത്തിൽ അഭിഷേകം ചെയ്തു. തീരാറായപ്പോൾ പാലോന്നം നമ്പൂതിരി മൂന്ന് ഇളനീരുകൾ വെട്ടി അഭിഷേകത്തിന് തയ്യാറാക്കി ഉഷകാമ്പ്രത്തിന് നൽകി.അത് അഭിഷേകം ചെയ്തതോടെയാണ് ഇളനീരാട്ടം പൂർത്തിയായത്.ഇതോടെ ഇളനീർ വ്രതക്കാർ നോറ്റ കഠിന വ്രതത്തിന് പരിസമാപ്തിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |