കണ്ണൂർ: ട്രോളിംഗ് നിരോധനമേർപ്പെടുത്തിയാൽ സാധാരണ ഘട്ടങ്ങളിൽ പരമ്പരാഗതമായി ചെറുവള്ളങ്ങളിൽ പോയി മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് കുറച്ചെങ്കിലും പ്രതീക്ഷയുണ്ടാകാറുണ്ട്. മുൻ കാലഘട്ടങ്ങളിൽ വലിയ ബോട്ടുകാർ മീൻ അടിത്തട്ടിൽ നിന്നും അരിച്ചെടുത്ത് കൊണ്ടുപോകാത്തതിനാൽ കുറച്ചെങ്കിലും മത്സ്യം വള്ളങ്ങളുമായി പോകുന്നവരുടെ വലയിൽ കുടുങ്ങും. എന്നാൽ ഈ വർഷം സ്ഥിതി തികച്ചും വ്യത്യസ്ഥമാണ്. പേരിന് പോലും മീൻ കിട്ടാത്ത ദുരവസ്ഥയാണ് ഉള്ളതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
മത്സ്യ ലഭ്യയതയിൽ വന്നിരിക്കുന്ന ഇത്രയും വലിയ കുറവ് തൊഴിലാളികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ജീവിതം തുഴഞ്ഞ് ഒരു വിധേനെയെങ്കിലും കരയ്ക്കെത്തിക്കാൻ നോക്കുമ്പോൾ യാതൊരു തരത്തിലും ജീവിതം മുന്നോട്ട് പോകാത്തത്രയും പ്രതിസന്ധിയിലാണെന്ന് ഇവർ പറയുന്നു.
വലിയ മത്സ്യബന്ധന ബോട്ടുകളുടെ അമിതമായ കടന്നുകയറ്റവും മുൻ വർഷങ്ങളിലെ കാലാവസ്ഥ വ്യതിയാനവുമാണ് കടലിൽ മത്സ്യ ലഭ്യത കുറയാനുള്ള കാരണമായി ഇവർ പറയുന്നത്. കാലാവസ്ഥ വ്യതിയാനം കേരള തീരത്തെ മത്സ്യ ലഭ്യതയെ ബാധിച്ചിട്ടുണ്ടെന്ന് പഠനങ്ങളും പറയുന്നു. അനധികൃതമായി ബോട്ടുകൾ, ചെറുകിട തൊഴിലാളികളുടെ പരിധിയിൽ എത്തി മത്സ്യബന്ധനം നടത്തുന്നതിൽ നേരത്തെ തന്നെ പ്രതിഷേധങ്ങൾ നടന്നിരുന്നു.
ബോട്ടുകൾ കരകയറിയത് മീനുകൾ വാരിയെടുത്ത്അന്യ സംസ്ഥാന ബോട്ടുകളുൾപ്പെടെ ട്രോളിംഗ് നിരോധനമേർപ്പെടുത്തിയതിനു പിന്നാലെ തിരിച്ചുപോയെങ്കിലും തങ്ങൾക്ക് ഈ കാലങ്ങളിൽ ലഭിക്കേണ്ടുന്ന മത്സ്യം മുന്നെതന്നെ വാരിയെടുത്താണ് തിരിച്ചു പോയതെന്നാണ് പരമ്പരാഗത മത്സ്യ തൊഴിലാളികൾ പറയുന്നത്. ഇന്ധനവും ഭക്ഷണവും മറ്റ് ചെലവുകളുമടക്കം പോയി വരാൻ ഇരുപതിനായിരം രൂപയുടെ ചെലവുണ്ട്. മുന്നെ അൻപതിനായിരം രൂപയുടെ മീൻ കിട്ടിയിടത്ത് ഇന്ന് വെറുംകൈയോടെ മടങ്ങേണ്ടി വരുന്നതിനാൽ പലരും കടലിൽ പോകാത്ത സ്ഥിതിയാണ്. ലോണെടുത്ത് വള്ളവും വലയുമെല്ലാം വാങ്ങിയവർക്ക്, ഇത് തിരിച്ചടക്കാൻ മറ്റ് ജോലിക്ക് പോകേണ്ട സ്ഥിതിയാണെന്നും ഇവർ പറയുന്നു. പലരുടേയും ലോൺ തിരിച്ചടവും മുടങ്ങിയിട്ടുണ്ട്.
പലിശ രഹിത വായ്പയുണ്ടായിട്ടും കാര്യമില്ല
ഫിഷറീസ് തൊഴിലാളികൾക്ക് പലിശ രഹിത വായ്പ അനുവദിക്കുന്നുണ്ടെങ്കലും കിട്ടുന്ന മത്സ്യത്തിന്റെ തുകയുടെ രണ്ട് ശതമാനം കമ്മിഷനായി കൊടുക്കുകയും വേണം. വർഷത്തിൽ 150തോളം ദിവസങ്ങളിലെ മത്സ്യം കിട്ടുകയുള്ളു എന്നും അതിന്റെ കൂടെ പണം നൽകുമ്പോൾ നഷ്ടമാണുണ്ടാക്കുന്നത്. ഇതിനുപുറമെ കടൽ മാക്രി ശല്യവും ജില്ലയിൽ രൂക്ഷമാണ്. ഇവ വല മുറിക്കുന്നതും വലിയ നഷ്ടത്തിന് കാരണമാകുന്നതായി ഇവർ പറയുന്നു.
ഞങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾ വലുതാണ്. അതിന് യാതൊരു നഷ്ടപരിഹാരവും കിട്ടാറില്ല. ട്രോളിംഗ് കഴിഞ്ഞാലും സർക്കാർ ഇടപെട്ട് അനധികൃത മത്സ്യ ബന്ധനം തടയാനുള്ള നടപടികൾ അടിയന്തരമായി കൈക്കൊള്ളണം- എസ്.പി മോഹനൻ, പരമ്പരാഗത മത്സ്യത്തൊഴിലാളി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |