SignIn
Kerala Kaumudi Online
Wednesday, 01 May 2024 3.09 AM IST

തലശ്ശേരിയിൽ എതിർപ്പ് ശക്തം: തീപിടിച്ച് സ്റ്റേഡിയം ഫീസ് വിവാദം

stadium
സ്റ്റേഡിയത്തിൽ പ്രഭാത സവാരിക്കാരിൽ നിന്നും വാടക വാങ്ങാനുള്ള തീരുമാനത്തിനെതിരെ തലശ്ശേരി നഗരസഭ കാര്യാലയത്തിലേക്ക് യൂത്ത് ലീഗ് സംഘടിപ്പിച്ച മാർച്ച്

തലശ്ശേരി:പുതുക്കിപ്പണിത് ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ നാമം നൽകുന്ന തലശ്ശേരി സ്റ്റേഡിയത്തിൽ പ്രഭാത സവാരിക്കാർക്കും പരിശീലനത്തിനെത്തുന്ന കായികതാരങ്ങൾക്കും ഫീസ് നിശ്ചയിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി. സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ നീക്കം സംബന്ധിച്ച് കേരളകൗമുദി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നുയരുന്നത്.

പ്രതിഷേധം ശക്തമായതിന് പിന്നാലെ ഫീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച് നിർദ്ദേശം വച്ചത് മാത്രമാണെന്നും സ്ഥലം എം.എൽ.എയുമായി ചർച്ച നടത്തി മാത്രമാണെ തീരുമാനമെടുക്കുകയുള്ളുവെന്നും സ്പോർട്സ് കേരള ഫൗണ്ടേഷൻ ഓപ്പറേഷൻ മാനേജർ ആർ.‌ഡി.രാധിക വ്യക്തമാക്കി. ഓപറേഷൻ മാനേജരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് ഇതെന്നും നഗരസഭ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം തന്നെ ചെയർപേഴ്സൺ യമുനാറാണി വ്യക്തമാക്കിയിരുന്നു. ബി.ഇ.എം.പി. ഹാർട്ട് ബീറ്റ്സ് കൂട്ടായ്മ സെക്രട്ടറി അബ്ദുൽ റസാക്ക്, ജോയന്റ് സെക്രട്ടറി അജയൻ, ശ്രീപാൽ, സെക്രട്ടറിയേറ്റ് അംഗം അഫ്സൽ എന്നിവരാണ് ഇന്നലെ സ്പോർട്സ് കേരള ഫൗണ്ടേഷൻ ഓപ്പറേഷൻ മാനേജരുമായി ചർച്ച നടത്തിയത്.

പ്രതിഷേധിച്ച് ബി.ജെ.പി

പതിറ്റാണ്ടുകളുടെ പഴക്കമുള്ള തലശ്ശേരി സ്റ്റേഡിയത്തിൽ പ്രഭാത സവാരിക്കാർ ഫീസ് നൽകണമെന്ന
തീരുമാനം ലജ്ജാകരവും അപലപനീയവുമാണെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് കുറ്റപ്പെടുത്തി. പൊതുജനത്തിന്റെ നികുതിപ്പണം കൊണ്ട് നവീകരിച്ചിട്ടുള്ള സ്റ്റേഡിയം സമ്പന്നർക്ക് മാത്രമായി തുറന്നു കൊടുക്കുന്നത് വിശദീകരിക്കണം.ഇതിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കണമെന്നും പ്രതിഷേധിക്കണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു.

കെ. അനിൽകുമാര്

സ്പീക്കർക്ക് നിവേദനം

കായിക പ്രേമികളെയും സാധാരണക്കാരെയും സാരമായി ബാധിക്കുന്ന തുഗ്ലക്ക് പരിഷ്‌ക്കാരം ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് തലശ്ശേരി ജവഹർ കൾച്ചറൽ ഫോറം ചെയർമാൻ കെ.ശിവദാസൻ, സ്പീക്കർ എ.എൻ ഷംസീർ,സംസ്ഥാന കായികവകുപ്പ് മന്ത്രി, തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ എന്നിവർക്ക് നിവേദനം നൽകി.


500 രൂപ ഫീസ് നൽകാൻ പ്രഭാത സവാരിക്കാർ തയ്യാറാകണമെന്നത് അംഗീകരിക്കാനാവില്ല.പ്രതിഷേധം ക്ഷണിച്ചു വരുത്തണോയെന്ന് ബന്ധപ്പെട്ടവർ പുനരാലോചിക്കുന്നത് ഉചിതമായിക്കും- സി.പി.ആലിപ്പി കേയി ,​സാമൂഹ്യ പ്രവർത്തകൻ.

മഹിതമായ കായിക പാരമ്പര്യമുള്ള തലശ്ശേരിയിലെ കായിക പ്രേമികളെയാക്കെ തളർത്തുന്ന നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണം- കെ.വി.ഗോകുൽദാസ് (കായികമത്സരസംഘാടകൻ)​

നഗരസഭയിലേക്ക് യൂത്ത് ലീഗ് മാർച്ച്
തലശ്ശേരി നഗരസഭ ജസ്റ്റിസ്റ്റ് വി.ആർ.കൃഷ്ണയ്യർ മെമ്മോറിയൽ സ്റ്റേഡിയത്തിൽ പ്രഭാത സവാരി നടത്തുന്നവരിൽ നിന്നും മാസവാടക വാങ്ങാനുള്ള അധികൃതരുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് തലശ്ശേരി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി.
ഹോസ്പിറ്റൽ പരിസരത്ത് നിന്നാരംഭിച്ച മാർച്ചിനിടെ ഒരു വിഭാഗം പ്രവർത്തകർ പൊലീസ് വലയം ഭേദിച്ച് നഗരസഭാ കാര്യാലയത്തിലേക്ക് ഓടി കയറാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. നേതാക്കന്മാർ ഇടപെട്ട് പ്രവർത്തകരെ തടയുകയായിരുന്നു.തുടർന്ന് നഗരസഭ ഓഫീസിന്റെ പ്രധാന കവാടത്തിന് മുൻപിൽ പ്രവർത്തകർ മുദ്രാവാക്യവുമായി നിലയുറപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് റഷീദ് തലായിയുടെ അദ്ധ്യക്ഷതയിൽ മാർച്ച് കണ്ണൂർ ജില്ലാ ലീഗ് സെക്രട്ടറി അഡ്വ. കെ.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.