കാസർകോട്: കേരളത്തിലെ കോസ്റ്റൽ പൊലീസിന്റെ ബോട്ട് ഓടിക്കുന്നവരിൽ പലരും യോഗ്യതയില്ലാത്തവരെന്ന് ആക്ഷേപം. താനൂരിൽ ബോട്ട് ദുരന്തം ഉണ്ടായതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അഞ്ചുവർഷം കടലിൽ ഓടിച്ചതിന്റെ പരിചയമടക്കം ഒട്ടേറെ നിബന്ധനകൾ വേണമെന്നിരിക്കെ കടലിൽ പൊലീസിന്റെ രക്ഷാബോട്ട് ഓടിക്കുന്നത് ഹൗസ് ബോട്ട് ഡ്രൈവർമാരാണെന്നാണ് പ്രധാന ആരോപണം.
വലിയ ദുരന്തം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ പോലും ലഭിക്കാത്ത സാഹചര്യം ഇതുണ്ടാക്കുമെന്നാണ് പറയുന്നത്. പല ബോട്ടുകൾക്കും മതിയായ ഇൻഷുറൻസ് രേഖകൾ ഇല്ലെന്നും പരാതിയുണ്ട്.
226 കുതിര ശക്തിക്ക് മുകളിൽ എൻജിനുള്ള ബോട്ടുകൾ ഓടിക്കാൻ സ്രാങ്കുമാർക്ക് അധികാരമില്ല. 550 കുതിരശക്തിക്ക് മുകളിൽ എൻജിനുള്ള ബോട്ടുകൾ ഓടിക്കേണ്ടത് സെക്കന്റ് ക്ലാസ് മാസ്റ്റർ ലൈസൻസ് ഉള്ളവരും 1000 കുതിരശക്തിക്ക് മുകളിൽ എൻജിനുള്ള ബോട്ടുകൾ ഓടിക്കേണ്ടത് ഫസ്റ്റ് ക്ലാസ് മാസ്റ്റർ ലൈസൻസ് ഉള്ളവരുമാണ്. എന്നാൽ 550 കുതിരശക്തിക്ക് മുകളിൽ എൻജിനുള്ള കോസ്റ്റൽ പൊലീസിന്റെ ബോട്ടുകൾ ഓടിക്കുന്നത് സാധാരണ സ്രാങ്കുമാരെന്നാണ് ഉയരുന്ന പരാതി.
അതേസമയം ജീവനക്കാരുടെ അഭാവം കാരണം തൃക്കരിപ്പൂർ, ബേക്കൽ, ഷിറിയ തീരദേശ പൊലീസ് സ്റ്റേഷനു കീഴിലെ ബോട്ടുകൾ കട്ടപ്പുറത്താണ്. ബോട്ട് ഓടിക്കുന്നതിന് പുതിയ ജീവനക്കാരുടെ നിയമനത്തിന് ഫെബ്രുവരി ഏഴിന് തളങ്കരയിൽ അഭിമുഖം നടത്തിയിരുന്നെങ്കിലും ഇതിന്റെ നിയമന പട്ടിക പുറത്തിറങ്ങിയിട്ടില്ല. രാഷ്ട്രീയ പരിഗണന വച്ച് ജില്ലയ്ക്ക് പുറത്തുനിന്നുള്ള, യോഗ്യത ഇല്ലാത്തവരെ കോസ്റ്റൽ പൊലീസിന്റെ ബോട്ട് ഓടിക്കാൻ നിയമിക്കുകയാണ്. യോഗ്യതയുള്ള നിരവധി പേർ ജില്ലയിൽ ഉണ്ടായിരിക്കെ ഇവരെ തഴഞ്ഞാണ് ഇത്തരം നിയമനം. അടിയന്തര ഘട്ടങ്ങളിൽ അടക്കം രക്ഷാപ്രവർത്തനത്തിനും പട്രോളിംഗിനും കടലിൽ സഞ്ചരിക്കേണ്ട ബോട്ടുകളോട് സർക്കാർ നിസംഗത തുടർന്നാൽ താനൂരിലേതിന് സമാനമായ ബോട്ട് ദുരന്തങ്ങൾക്ക് ഇനിയും വഴിവയ്ക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
കോസ്റ്റൽ പൊലീസ് ബോട്ട്
ഡ്രൈവർമാരുടെ യോഗ്യത
1. ഏഴാം ക്ലാസ് പാസായിരിക്കണം, 50 വയസ് പൂർത്തിയാകണം.
2. തിരുവിതാംകൂർ, കൊച്ചി, മദ്രാസ് ജനറൽ റൂൾസ് അംഗീകരിച്ച ബോട്ട് കോംപിറ്റൻ സർട്ടിഫിക്കറ്റോ തത്തുല്യ യോഗ്യതാ സർട്ടിഫിക്കറ്റോ
3. അഞ്ച് വർഷം പുറംകടലിൽ ബോട്ട് ഡ്രൈവർ ആയി പ്രവർത്തിച്ച പരിചയം
4. കണ്ണട ഉപയോഗിക്കാതെയുള്ള കാഴ്ചശക്തി ഉണ്ടാകണം
5. കടലിൽ 500 മീറ്റർ നീന്തൽ ടെസ്റ്റിൽ വിജയിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |