ഓടനാവട്ടം: സംഘടനാശക്തിയെ തകർക്കുന്നവരെ തിരിച്ചറിയണമെന്നും
സംഘടിച്ച് ശക്തരാകാത്തതിനാൽ സമുദായത്തിന് അർഹമായത് നഷ്ടപ്പെടുകയാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
യോഗം ഒമാൻ യൂണിയൻ പ്രസിഡന്റ് പൂയപ്പള്ളി ഗുരുഭവനിൽ എൽ.രാജേന്ദ്രൻ പണികഴിപ്പിച്ച ഗുരുദേവ ക്ഷേത്രത്തിന്റെ സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിന് മുന്നോട്ടുപോകാൻ കേസുകൾ തടസമാകുന്നുണ്ട്. സമ്പന്നർ പാവങ്ങളെ കൊണ്ട് കേസുകൾ കൊടുപ്പിക്കുകയാണെന്നും അതുമൂലം വൻ നഷ്ടമാണ് യോഗം നേരിടുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. മറ്റ് സമുദായങ്ങളുടെ പ്രശ്നങ്ങൾ അവർ വാർത്തയാക്കാറില്ല. അവരുടെ വേദികളിൽ പറഞ്ഞു പരിഹരിക്കുകയാണ് ചെയ്യുന്നതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ചടങ്ങിൽ
എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ക്ഷേത്രത്തിന്റെ ഭദ്ര ദീപ പ്രകാശനം നടത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. എൻ.കെ.പ്രേമചന്ദ്രൻ എം.പി അദ്ധ്യക്ഷനായി.
ജി.എസ്.ജയലാൽ എം.എൽ.എ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, ഡോ.വിജയൻ കോതമംഗലം, പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജെസി റോയി, വാർഡ് മെമ്പർ രാജു ചാവടി തുടങ്ങിയവർ സംസാരിച്ചു. ഗുരുക്ഷേത്ര സ്ഥാപകൻ എൽ.രാജേന്ദ്രൻ സ്വാഗതവും ഗുരുഭവനിൽ നിധിൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |