കൊല്ലം: ആവശ്യത്തിന് ലൈഫ് ഗാർഡുകളില്ലാത്ത കൊല്ലം ബീച്ചിൽ സന്ദർശകർ നിരന്തരം അപകടത്തിൽപ്പെട്ടിട്ടും നടപടിയില്ല. കൊല്ലം, അഴീക്കൽ ബീച്ചുകളിലായി നിലവിൽ 9 ലൈഫ് ഗാർഡുകളാണുള്ളത്. കൊല്ലത്ത് 7 പേരും അഴീക്കൽ ബീച്ചിൽ രണ്ട് പേരും. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി.
അപകടമേറിയ കൊല്ലം ബീച്ചിൽ മാത്രം 8 ലെെഫ് ഗാർഡുകളുടെയെങ്കിലും സേവനം ഒരുസമയം ആവശ്യമാണെന്നിരിക്കെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ 3 പേർ മാത്രമാണ് നിയോഗിക്കപ്പെടുന്നത്. പരാതികൾ ഏറെയുണ്ടായെങ്കിലും പരിഹാരം ഉണ്ടായില്ല. ഒഴിവ് ദിവസങ്ങളിലും തിരക്കുള്ള ദിവസങ്ങളിലും എല്ലാവരെയും ശ്രദ്ധിക്കാൻ ലെെഫ് ഗാർഡുകൾക്ക് കഴിയാറില്ല. 2 കിലോമീറ്ററോളം നീണ്ടു കിടക്കുന്ന കൊല്ലം ബീച്ചിൽ പലയിടങ്ങളിലായി ആളുകൾ കടലിലിറങ്ങുന്നത് പലപ്പോഴും ലൈഫ് ഗാർഡുകളുടെ കണ്ണിൽപ്പെടാറില്ല. ഇത് അപകടങ്ങളുമുണ്ടാക്കുന്നു.
മഹാത്മാഗാന്ധി പാർക്കിന്റെ തുടക്കം മുതൽ ബീച്ച് ഹോട്ടൽ വരെയായിരുന്നു മുമ്പ് ബീച്ച്. ലൈഫ് ഗാർഡുകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇവിടെയായിരുന്നു. ഇപ്പോൾ ഇതിന് വടക്കോട്ട് ഒരു കിലോമീറ്ററോളം ബീച്ച് വികസിച്ചു. ഇവിടെ കടലിൽ ഇറങ്ങുന്നവരെ ശ്രദ്ധിക്കാൻ ലെെഫ് ഗാർഡിന് പലപ്പൊഴും കഴിയാറില്ല. കൃത്യമായി ബീച്ചിന്റെ ഏരിയ നിർണയിച്ച് ഇതിനൊരു പരിഹാരം കാണണമെന്ന് ലെെഫ് ഗാർഡുകൾ വർഷങ്ങളായി ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും പരിഹാരമില്ല.
രക്ഷയില്ല, രക്ഷിക്കുന്നവർക്ക്
ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ലൈഫ് ഗാർഡുകൾക്ക് കാലങ്ങളായി 830 രൂപയാണ് ദിവസ വേതനം. ടൂറിസം വകുപ്പാണ് ശമ്പളം നൽകുന്നത്. 200 രൂപയുടെയെങ്കിലും വർദ്ധന കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്. ശമ്പളത്തിനൊപ്പം ലഭിച്ചുകൊണ്ടിരുന്ന ഭക്ഷണ അലവൻസും മൂന്ന് വർഷമായി ലഭിക്കുന്നില്ല. റിസ്ക് അലവൻസ് എന്നയിനത്തിൽ ലഭിച്ചുകൊണ്ടിരുന്ന 3000 രൂപ വെട്ടിക്കുറച്ച് 1500 രൂപയാക്കി. പി.എഫ്, ഇൻഷ്വറൻസ്, ഇ.എസ്.ഐ ആനുകൂല്യങ്ങളുമില്ല. 20 വർഷം വരെ ജോലിയിൽ തുടരുന്നവരുണ്ട്.
12 വർഷം, 100 പേർ
കേരളത്തിൽ ഏറ്റവും അപകടമുള്ള ബീച്ചായി മാറിയിരിക്കുകയാണ് കൊല്ലം ബീച്ച്. മറ്റ് ബീച്ചുകളിൽ തീരത്തുനിന്ന് ചരിഞ്ഞാണ് കടലിലേക്കിറങ്ങുന്നത്. എന്നാൽ കൊല്ലം ബീച്ചിൽ തീരത്തുനിന്നു കുത്തനെ മൂന്നു മീറ്ററോളം ആഴം കടലിലേക്കുണ്ട്. ഇതാണ് അപകടമുണ്ടാക്കുന്നത്. ബീച്ചിന്റെ ആഴം അറിയാത്തവരാണ് അപകടത്തിൽപ്പെടുന്നത്. തീരത്തോട് ചേർന്ന് ഇത്രയും ആഴമുള്ളതുകൊണ്ടുതന്നെ തിര ശക്തി പ്രാപിക്കുന്നത് തീരം തൊട്ട ശേഷമായിരിക്കും. തീരത്ത് ശക്തമായി കുത്തി വീഴുന്ന തിര കാൽ ചുവട്ടിലെ മണ്ണടക്കം വലിച്ചുകൊണ്ട് പോകും. 12 വർഷത്തിനിടയിൽ നൂറോളംപേരാണ് ഇവിടെ തിരയിൽ പെട്ട് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |