വിളയാട്ടം ആയൂർ, കടയ്ക്കൽ മേഖലയിൽ
കൊല്ലം: കടയ്ക്കൽ, ആയൂർ മേഖലയിൽ നാടിനെ വിറപ്പിച്ച് കാട്ടുപോത്തിന്റെ വിളയാട്ടം. ഇടമുളയ്ക്കലിൽ കഴിഞ്ഞ വെള്ളിയാഴ്ച കർഷകനെ കുത്തിക്കൊലപ്പെടുത്തിയ കാട്ടുപോത്തിനൊപ്പം ഉണ്ടായിരുന്ന പോത്താണ് ഈ മേഖലയിൽ തുടരുന്നതെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ.
റബർ കാടുകളിലും വയലുകളിലും റോഡ് വക്കുകളിലും മാറിമാറിയാണ് പോത്ത് പ്രത്യക്ഷപ്പെടുന്നത്.
നാട്ടുകാർ സംഘടിക്കുന്നതോടെ പോത്ത് ഓടിമറിയും. വനംവകുപ്പ് സംഘവും പോത്തിന് പിന്നാലെയുണ്ട്. പലയിടങ്ങളിൽ നിന്നായി പോത്തിന്റെ കുളമ്പയാളവും വനംവകുപ്പ് സംഘം ശേഖരിച്ചു. ജനങ്ങളെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും കണ്ട് മദമിളകിയത് പോലെ ചീറിപ്പാഞ്ഞാണ് പോത്ത് രക്ഷപെടുന്നത്. ഈ ഓട്ടത്തിനിടയിൽ ആരെങ്കിലും മുന്നിൽപ്പെട്ടാൽ ആക്രമിക്കാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് തന്നെ പ്രദേശത്തെ ജനങ്ങളൊന്നാകെ ഭീതിയിലാണ്. കുളത്തൂപ്പുഴ കാട്ടിൽ നിന്നാകാം പോത്ത് എത്തിയത്. തിരിച്ച് മടങ്ങാൻ വഴി അറിയാതെ നാട്ടിൽ കറങ്ങുന്നതാകാനാണ് സാദ്ധ്യതയെന്ന് വനംവകുപ്പ് ഉദോഗസ്ഥർ പറയുന്നു.
റബർ കർഷകർ പ്രതിസന്ധിയിൽ
കടയ്ക്കൽ, അയൂർ മേഖലയിലെ റബർ തോട്ടങ്ങളിലാണ് കാട്ടുപോത്തിനെ കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമായും കണ്ടത്. അതുകൊണ്ട് തന്നെ പ്രദേശത്തെ റബർ കർഷകർ ഇന്നലെ പുലർച്ചെ തോട്ടത്തിലേക്ക് പോയില്ല. പോത്തിനെ പിടികൂടി കാട്ടിലേക്ക് തിരികെ വിട്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ എങ്ങനെ ടാപ്പിംഗിന് പോകുമെന്ന ആശങ്കയിലാണ് തൊഴിലാളികളും കർഷകരും.
വെടിവയ്ക്കാൻ അനുമതിയില്ല
ഉഗ്ര ശക്തിയുള്ള മൃഗമായതിനാൽ കാട്ടുപോത്തിനെ പിടികൂടുക പ്രയാസമാണ്. അതുകൊണ്ട് തന്നെ എഴുപതോളം പേരടങ്ങുന്ന വനം വകുപ്പ് സംഘം കഴിഞ്ഞ രണ്ട് ദിവസമായി പോത്തിന് പിന്നാലെ പായുകയാണ്. ഇന്നലെ പലതവണ കാട്ടുപോത്ത് മുന്നിൽ പെട്ടെങ്കിലും വെറുതേ നോക്കി നിൽക്കാനേ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞുള്ളു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടാലെ മയക്കുവെടി വയ്ക്കാൻ കഴിയൂ. ഇന്നെങ്കിലും അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.
കാട്ടുപോത്ത് ചീറിപ്പാഞ്ഞ വഴികൾ
വെള്ളിയാഴ്ച രാത്രി 9 - ആയൂർ പാലത്തിന് സമീപം കല്ലുമലയിലെ റബ്ബർ തോട്ടത്തിന് സമീപം
ശനിയാഴ്ച രാവിലെ 9 - പാവൂരിൽ റോഡ് വക്കിൽ
ഉച്ചയ്ക്ക് 11 - പാവൂരിലെ റബർ തോട്ടത്തിൽ
വൈകിട്ട്- 6.30 - ഇളവങ്കോട് മാർത്തോമ കോളേജിന് സമീപം വയലിൽ
ഞായറാഴ്ച പുലർച്ചെ 5.45- കടയ്ക്കൽ ആർത്തറമൂട് റബർതോട്ടത്തിൽ
രാവിലെ 8 - ആൽത്തറമൂട്ടിലെ മറ്റൊരു റബർ തോട്ടത്തിൽ
ഉച്ചയ്ക്ക് 1- ചൂണ്ടയ്ക്ക് അടുത്തുള്ള കലുങ്കിൽ കുരുങ്ങിയ നിലയിൽ
വൈകിട്ട് 4- കടയ്ക്കൽ പിൽഗിരിയിലെ റബർ തോട്ടത്തിൽ
കഴിഞ്ഞ മൂന്ന് ദിവസമായി അലഞ്ഞുതിരിയുന്ന കാട്ടുപോത്തിന് ഭക്ഷണം കാര്യമായി ലഭിക്കാൻ സാദ്ധ്യതയില്ല. അതിനാൽ ആക്രമണ സാദ്ധ്യത കൂടുതലാണ്.
വനം വകുപ്പ് ഉദ്യോഗസ്ഥർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |