കൊല്ലം: ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് കിഫ്ബിയിലൂടെ അനുവദിച്ച 122.24 കോടി രൂപയുടെ പദ്ധതിയുടെ കരാർ നടപടികൾ ആരംഭിച്ചു. പദ്ധതിയുടെ നിർവഹണ ഏജൻസിയായ കെ.എസ്.ഇ.ബി നിർമ്മാണ കരാർ ക്ഷണിച്ചു. 44 മാസം കൊണ്ട് ജോലികൾ പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. 4.85 ഏക്കർ സ്ഥലത്ത് 2,35,000 ചതുരശ്ര അടിയിലാണ് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുക.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കിഫ്ബി എക്സിക്യുട്ടീവ് കമ്മിറ്റി പദ്ധതികൾക്ക് നേരത്തെ അംഗീകാരം നൽകിയിരുന്നു. സാങ്കേതികാനുമതി ലഭിച്ചതിന് പിന്നാലെയാണ് കരാർ നടപടികളിലേക്ക് പ്രവേശിച്ചത്. നിലവിൽ മോർച്ചറിയും ക്വാർട്ടേഴ്സും നിൽക്കുന്ന സ്ഥലത്താണ് പുതിയ നിർമ്മാണങ്ങൾ വരിക.
വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങളും സ്ഥല പരിമിതിയമുമാണ് ജില്ലാ ആശുപത്രി നേരിടുന്ന പ്രതിസന്ധി. ജീർണാവസ്ഥയിലാണ് പല കെട്ടിടങ്ങളും. ഇതാണ് ആധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിന് പ്രധാന തടസം. ഇവ പരിഹരിക്കും വിധമാണ് പുതിയ കെട്ടിടങ്ങൾ ഒരുങ്ങുക.
വികസനം ഘട്ടംഘട്ടമായി
1. 10 നിലകളിലായി വാർഡ് ടവർ
2. ഡയഗ്നോസ്റ്റിക് ബ്ലോക്ക് 8 നിലകളിൽ
3. യൂട്ടിലിറ്റി ബ്ലോക്ക് 3 നില
കിഫ്ബി അനുവദിച്ചത് ₹ 122.24 കോടി
ആകെ വിസ്തൃതി - 4.85 ഏക്കർ
നിർമ്മാണം - 2,35,000 ചതുരശ്ര അടി
പാർക്കിംഗ് - 400 കാറുകൾക്ക്
ജില്ലയിൽ ആരോഗ്യരംഗത്ത് വിപുലമായ സൗകര്യങ്ങൾ ഒരുക്കും വിധമാണ് ജില്ലാ ആശുപത്രി വികസനം സാദ്ധ്യമാക്കുക. യൂട്ടിലിറ്റി ബ്ളോക്കും ഡയഗ്നോസ്റ്റിക് ബ്ളോക്കുമാണ് ആദ്യഘട്ടം നിർമ്മിക്കുക.
എം.മുകേഷ് എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |