പരവൂർ: വിവരാവകാശ നിയമ പ്രകാരമുള്ള രേഖകൾ യഥാസമയം നൽകാതിരുന്നതിന് പരവൂർ നഗരസഭാ സൂപ്രണ്ടും പബ്ലിക് ഇൻഫർമേഷൻ ഓഫീസറുമായ എസ്.ധന്യയ്ക്ക് സംസ്ഥാന വിവരാവകാശ കമ്മിഷൻ 15,000 രൂപ പിഴ ശിക്ഷ വിധിച്ചു. കഴിഞ്ഞ മേയ് 5നാണ് ഉത്തരവിറങ്ങിയത്.
നഗരസഭയിൽ കെട്ടിട നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ആവശ്യപ്പെട്ട് പരവൂർ കുറുമണ്ടൻ സ്വദേശി ഹരി സോമൻ നൽകിയ അപേക്ഷയിൽ 189 ദിവസം കഴിഞ്ഞിട്ടും മറുപടി നൽകാതിരുന്നതാണ് നടപടിക്ക് കാരണമായത്. ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് പരാതിക്കാരൻ വീണ്ടും വിവരാവകാശ കമ്മിഷനെ സമീപിച്ചു. സിറ്റിസൺ പോർട്ടലിന്റെ സാങ്കേതിക തകരാറു മൂലം അപേക്ഷ കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെന്നായിരുന്നു സൂപ്രണ്ടിന്റെ മറുപടി. സിറ്റിസൺ പോർട്ടലിന് സാങ്കേതികമായി ഈ കാലയളവിൽ ഒരു തകരാറും പരവൂർ നഗരസഭയിൽ സംഭവിച്ചിട്ടില്ലെന്ന് ഇൻഫർമേഷൻ കേരള മിഷൻ (ഐ.കെ.എം) മറുപടി നൽകി.
വിശദീകരണത്തിൽ തൃപ്തിവരാതെ വിവരാവകാശ കമ്മിഷൻ നേരിട്ട് സിറ്റിംഗിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥ ഹാജരായില്ല. തുടർന്നാണ് സംസ്ഥാന വിവരാവകാശ കമ്മിഷൻ അംഗം പി.ആർ.ശ്രീലത 15,000 രൂപ പിഴയിട്ടത്. പിഴത്തുക ഒരു മാസത്തിനകം വിവരാവകാശ കമ്മിഷനിൽ അടയ്ക്കണം. അല്ലെങ്കിൽ നഗരസഭ സെക്രട്ടറി ഇവരുടെ ശമ്പളത്തിൽ നിന്ന് പിഴത്തുക ഈടാക്കി വിവരാവകാശ കമ്മിഷനിൽ അടയ്ക്കണമെന്നും ഉത്തരവുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |