കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 5000 വോളണ്ടിയർമാർ രക്തദാനം നടത്തും. മൂന്ന് മാസം കൊല്ലം ജില്ലയിലെ സർക്കാർ - സ്വകാര്യ ബ്ലഡ് ബാങ്കുകൾ വഴിയാണ് രക്തദാനം. സമ്മേളനത്തിന്റെ ഭാഗമായി രൂപീകരിച്ച മെഡിക്കൽ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന പരിപാടിയുടെ ഉദ്ഘാടനം ഫെബ്രുവരി മൂന്നാം വാരം നടക്കും. സമ്മേളനത്തിൽ നൂറുപേരിൽ നിന്ന് അവയവദാന സമ്മതപത്രം ഏറ്റുവാങ്ങും.
ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിൽ മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കും. ഗൈനക്കോളജി, ഓർത്തോപീഡിക്‌സ്, ഇ.എൻ.ടി, ജനറൽ മെഡിസിൻ വിഭാഗങ്ങളെ ഉൾപ്പെടുത്തി 15ന് തഴവയിലും ഓങ്കോളജി, ഓർത്തോപീഡിക്‌സ്, ഗൈനക്കോളജി, ജനറൽ മെഡിസിൻ വിഭാഗങ്ങളെ ഉൾപ്പെടുത്തി 16ന് ഈസ്റ്റ് കല്ലടയിലും കാർഡിയോളജി, ഗൈനക്കോളജി, ഇ.എൻ.ടി, ജനറൽ മെഡിസിൻ വിഭാഗങ്ങളെ ഉൾപ്പെടുത്തി 22ന് കരീപ്രയിലും ഓങ്കോളജി, കാർഡിയോളജി, ജനറൽ മെഡിസിൻ വിഭാഗങ്ങളെ ഉൾപ്പെടുത്തി 23ന് പരവൂർ തെക്കുംഭാഗത്തും സൈക്യാട്രി, ജനറൽ മെഡിസിൻ വിഭാഗങ്ങളെ ഉൾപ്പെടുത്തി മാർച്ച് 1ന് കൊല്ലം പുവർഹോമിലുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
വിവിധ ക്യാമ്പുകളിലായി 2000 പേർക്ക് മെഡിക്കൽ സേവനം ഉറപ്പാക്കും. ആശ്രാമം മൈതാനത്ത് സംഘടിപ്പിക്കുന്ന എക്‌സിബിഷനിൽ എൻ.എസ് ആശുപത്രി, പത്തനാപുരം ഇ.എം.എസ് ആശുപത്രി, കടയ്ക്കൽ കിംസാറ്റ് ആശുപത്രി എന്നിവരുടെ സഹകരണത്തോടെ മെഡിക്കൽ എയ്ഡ് ബൂത്ത് സ്ഥാപിക്കും. പ്രതിനിധി സമ്മേളനം നടക്കുന്ന ടൗൺഹാൾ കോമ്പൗണ്ടിൽ മാർച്ച് 6 മുതൽ 9 വരെ നാല് കിടക്കകളോടെ അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി ചികിത്സാ വിഭാഗങ്ങളടങ്ങുന്ന മെഡിക്കൽ സെന്റർ സ്ഥാപിക്കുമെന്നും സംഘാടക സമിതി ചെയർമാൻ കെ.എൻ.ബാലഗോപാൽ, ജനറൽ കൺവീനർ എസ്.സുദേവൻ, മെഡിക്കൽ സബ്കമ്മിറ്റി ചെയർമാൻ സി.ബാൾഡുവിൻ, കൺവീനർ പി.ഷിബു എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |