കൊല്ലം: താങ്ങാനാവാത്ത ജോലി ഭാരത്താൽ നട്ടം തിരിയുന്ന ആശാ വർക്കർമാർക്ക് ജോലിക്കൂലി ലഭിക്കുന്നത് മൂന്നും നാലും മാസങ്ങൾ കൂടുമ്പോൾ! നിലവിൽ മൂന്നു മാസത്തെ വേതനവും ഒരുമാസത്തെ ഇൻസെന്റീവും കുടിശികയുണ്ട്. സംസ്ഥാന സർക്കാരിന്റെ 5000 രൂപയും കേന്ദ്രസർക്കാരിന്റെ 2000 രൂപയും ഉൾപ്പെടെ ആകെ 7000 രൂപയാണ് ഇവരുടെ പ്രതിമാസ ഓണറേറിയം.
നാഷണൽ ഹെൽത്ത് മിഷന് വേണ്ടിയുള്ള കേന്ദ്ര ഫണ്ട് വൈകുന്നതാണ് വേതനം മുടങ്ങാനുള്ള പ്രധാന കാരണം. പൂർണമായും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള ഇൻസെന്റീവ് തുക 17 വർഷമായി ഒരു മാറ്രവുമില്ലാതെ തുടരുകയാണ്. വിവിധ രോഗങ്ങൾ ബാധിച്ച് വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ആവശ്യമായ നിർദ്ദശങ്ങൾ നൽകുന്നതോടൊപ്പം സമീപ പ്രദേശങ്ങളിൽ ബോധവത്കരണവും നടത്തേണ്ടത് ആശ വർക്കർമാരുടെ ചുമതലയാണ്. നിരീക്ഷണത്തിലുള്ളവർക്ക് അസുഖ ലക്ഷണമുണ്ടോ എന്ന് നിരന്തരം അന്വേഷിക്കണം. ചിലരിൽ നിന്നു വ്യക്തമായ മറുപടിക്കു പകരം ചീത്തവിളിയും കേൾക്കേണ്ടി വരുന്നു. ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോഴൊക്കെ വിവരം നൽകണം. കൂടാതെ പഞ്ചായത്തുകളുടെ വിവിധ ആരോഗ്യ സർവേ (മന്ത്, ക്യാൻസർ, വിവിധ കണക്കെടുപ്പുകൾ), നിരന്തരം വിവിധ യോഗങ്ങളിലും പരിപാടികളിലും നിർബന്ധിത ഹാജർ, വീട്ടിലെത്തിയാൽ പോലും വിവിധ സർവേകളുടെ കണക്ക് നൽകൽ, അഞ്ചിൽ കൂടുതൽ രജിസ്റ്ററുകളുമായി വീടുകളിൽ നിന്ന് വീടുകളിലേക്കുള്ള യാത്ര... ലഭിക്കുന്ന വേതനത്തിന്റെ ഇരട്ടിയിലേറെ മൂല്യമുള്ള ജോലിയാണ് ഇവർ ചെയ്യേണ്ടി വരുന്നത്.
മൂവായിരം പേർക്ക് ഒരാൾ!
ആയിരം പേർക്ക് ഒരു ആശ വർക്കർ എന്നതു മാറി മൂവായിരം പേർക്ക് ഒരാൾ എന്നതാണ് നിലവിലെ അനുപാതം. ജില്ലയിൽ രണ്ടായിരത്തോളം ആശാ വർക്കർമാരുണ്ട്. കൊവിഡ് കാലത്ത് വൃദ്ധരും ഗർഭിണികളും ഉൾപ്പെടെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവർക്ക് സാന്ത്വനമേകാൻ ആശാവർക്കർമാർ മുൻപന്തിയിലുണ്ടായിരുന്നു. 2005 ലാണ് സന്നദ്ധപ്രവർത്തകർ എന്ന നിലയിൽ ആശ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്) പ്രവർത്തകരെ നിയോഗിക്കുന്നത്.
പ്രവർത്തനം
വാർഡിലെ മാതൃ ശിശു സംരക്ഷണം
ഗർഭിണികളുടെ കണക്കെടുപ്പും സേവനങ്ങളെത്തിക്കലും
കിടപ്പുരോഗികൾക്കുള്ള സേവനങ്ങൾ വീടുകളിലെത്തിക്കൽ
മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയൽ
കുടുംബാസൂത്രണ മാർഗങ്ങൾ ഉറപ്പാക്കൽ .
ആരോഗ്യ കാര്യങ്ങളിൽ ബോധവത്കരണം
ചോദിച്ചു മടുത്തു. ഉള്ള വേതനമെങ്കിലും കൃത്യസമയത്ത് കിട്ടിയാൽ മതിയായിരുന്നു
ആശാ വർക്കർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |