കൊല്ലം: പ്രമുഖ ബാങ്കിന്റെ ക്രെഡിറ്റ് കാർഡിനായി ഓൺലൈനായി അപേക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ തട്ടിപ്പ് സംഘം കൊല്ലം മുണ്ടയ്ക്കൽ സ്വദേശിയായ യുവാവിന്റെ അക്കൗണ്ടിൽ നിന്ന് 116494 രൂപ കവർന്നു. ഫേസ്ബുക്കിൽ ക്രെഡിറ്റ് കാർഡിന്റെ പരസ്യം കണ്ട യുവാവ് ലിങ്കിൽ കയറിയപ്പോൾ നിലവിൽ ക്രെഡിറ്റ് കാർഡുണ്ടോയെന്ന് ചോദിച്ചു.
ഉണ്ടെന്ന് മറുപടി നൽകിയപ്പോൾ രണ്ട് ദിവസം കഴിഞ്ഞ് എക്സിക്യുട്ടീവ് ബന്ധപ്പെടുമെന്ന് ഓട്ടോമാറ്റിക് മറുപടി ലഭിച്ചു. ബാങ്കിന്റെ ലോഗോ ഉൾപ്പടെ നൽകിയായിരുന്നു പരസ്യം. തൊട്ടടുത്ത ദിവസം യുവാവിനെ ബാങ്ക് എക്സിക്യുട്ടീവ് എന്ന വ്യാജേനെ ഒരാൾ വിളിച്ചു. ഇംഗ്ലീഷിലായിരുന്നു ആശയവിനിമയം. പുതിയ ക്രെഡിറ്റ് കാർഡ് അപേക്ഷയുടെ ഭാഗമായി ഒരു ഫോം ഓൺലൈനായി പൂരിപ്പിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടു. അതിന് യുവാവിന്റെ വാട്സ് ആപ്പിൽ എ.പി.കെ ഫയൽ അയച്ച് നൽകി. ഇത് ഓപ്പൺ ചെയ്തതോടെ ഫയൽ യുവാവിന്റെ ഫോണിൽ ഇൻസ്റ്റാളായി. തുടർന്ന് യുവാവ് നിലവിൽ ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡിന്റെ പണത്തിന്റെ പരിധി പരിശോധിക്കാനെന്ന പേരിൽ കാർഡിന്റെ നമ്പർ ഉൾപ്പടെയുള്ള വിശദാംശങ്ങൾ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു. നമ്പർ നൽകിയപ്പോൾ ഫോണിൽ ലഭിച്ച ഒ.ടി.പിയും തട്ടിപ്പ് സംഘം ആവശ്യപ്പെട്ടത് പ്രകാരം യുവാവ് പറഞ്ഞുനൽകി. ഇതിന് പിന്നാലെ 50000, 39996, 4700 എന്നിങ്ങനെ മൂന്ന് തവണകളായി 94696 രൂപയുടെ ഓൺലൈൻ ഇടപാട് നടത്തി തുക തട്ടിയെടുത്തു.
ക്രെഡിറ്റ് കാർഡ് പരിധി കഴിഞ്ഞെന്ന് മനസിലാക്കിയ തട്ടിപ്പ് സംഘം അപേക്ഷ പൂർത്തിയാക്കാനായി ഡെബിറ്റ് കാർഡിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു. ഇത് നൽകിയപ്പോൾ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന 21798 രൂപ യഥാക്രമം 19998,1800 എന്നിങ്ങനെ രണ്ട് തവണകളായി തട്ടിയെടുത്തു.
യുവാവ് ഫോണിൽ വരുന്ന മെസേജുകൾ കാണാതിരിക്കാൻ മുഴുവൻ പണവും തട്ടിയെടുക്കുന്നതുവരെ നേരിട്ടും വാട്സ് ആപ്പ് മുഖേനയും തുടർച്ചയായി മുക്കാൽ മണിക്കൂറോളം ഫോണിൽ സംഭാഷണം തുടർന്നുകൊണ്ടിരുന്നു. യുവാവിന്റെ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |