കൊല്ലം: ജില്ലയിൽ ഇത്തവണ 30088 പേർ എസ്.എസ്.എൽ.സി പരീക്ഷ എഴുതും. ഇതിൽ 15442 ആൺകുട്ടികളും 14646 പെൺകുട്ടികളുമാണ്. പട്ടികജാതി വിഭാഗക്കാർ 4288 പേരും പട്ടികവർഗ വിഭാഗത്തിൽ നിന്ന് 104 പേരും പ്രത്യേക പരിഗണന ആവശ്യമുള്ള 933 കുട്ടികളും പരീക്ഷ എഴുതും.
മാർച്ച് മൂന്ന് മുതൽ 26 വരെ 10 ദിവസങ്ങളിലായാണ് പരീക്ഷകൾ. രാവിലെ 9.30ന് ആരംഭിക്കും. ഹയർ സെക്കൻഡറി പരീക്ഷ ഉച്ചയ്ക്ക് ശേഷമാണ് നടത്തുന്നത്. ജില്ലയിൽ മൂന്ന് വിദ്യാഭ്യാസ ഉപജില്ലകളിലായി 230 പരീക്ഷാ കേന്ദ്രങ്ങളാണ് എസ്.എസ്.എൽ.സിക്ക് സജ്ജമാക്കിയിട്ടുള്ളത്. കൊല്ലം 111, കൊട്ടാരക്കര 66, പുനലൂർ 53.
ചോദ്യപേപ്പറുകൾ ജില്ലാ വിദ്യാഭ്യാസ ഓഫീസ് തല സ്റ്റോറേജ് കേന്ദ്രങ്ങളിൽ പൊലീസ് സുരക്ഷയോടെയാണ് സൂക്ഷിക്കുക. കൊല്ലം ക്രിസ്തുരാജ് എച്ച്.എസ്, കൊട്ടാരക്കര എം.ടി.എച്ച്.എസ് ഫോർ ഗേൾസ്, പുനലൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസ് എന്നിവിടങ്ങളാണ് സ്റ്റോറേജ് കേന്ദ്രങ്ങൾ. പരീക്ഷയ്ക്ക് ശേഷം ബാക്കി വരുന്ന ചോദ്യപേപ്പറുകളും ഇവിടെ സൂക്ഷിക്കും.
ചോദ്യപേപ്പറുകളുടെ സോർട്ടിംഗ് ഫെബ്രുവരി 28ന് അവസാനിക്കും. തുടർന്ന് ബന്ധപ്പെട്ട ബാങ്കുകളിലേക്കും ട്രഷറികളിലേക്കും മാറ്റും. പരീക്ഷാ ദിവസം അതത് ക്ലസ്റ്ററുകളിൽ ഉൾപ്പെട്ട സ്കൂളുകളിലേക്ക് പൊലീസ് സുരക്ഷ കൊണ്ടുപോകും. പരീക്ഷ കഴിയുന്ന ദിവസം തന്നെ ഉത്തര കടലാസുകൾ ഡെസ്പാച്ച് ചെയ്യേണ്ടതിനാൽ ഹെഡ് പോസ്റ്റ് ഓഫീസുകളിൽ പരീക്ഷാ ദിവസങ്ങളിൽ അധികസമയം ലഭ്യമാക്കുന്നതിന് പോസ്റ്റ് ഓഫീസ് അധികൃതർക്ക് നിർദേശം നൽകി.
ഈ വർഷം ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത് വിമല ഹൃദയ സ്കൂളിലാണ്, 658 പേർ. നാലുപേർ വീതം 2252 ഇൻവിജിലേറ്റർമാരെയാണ് പരീക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |