കൊല്ലം: ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സുസജ്ജമായി, സി.പി.എം സംസ്ഥാന സമ്മേളന നഗറിലെ ഡോ. ചെഗുവേരാസ് മെഡിക്കൽ സ്ക്വയർ. വെന്റിലേറ്റർ സൗകര്യം അടക്കം നാല് കിടക്കകൾ, ഡിഫിബ്രിലേറ്റർ, മോണിറ്റർ, സിറിഞ്ച് പമ്പ്, ഇൻഫ്യൂഷൻ പമ്പ്, ഓക്‌സിജൻ കിയോസ്‌കുകൾ, ജീവൻരക്ഷാ മരുന്നുകൾ അടങ്ങിയ ക്രാഷ്‌കാർട്ട്, ഇ.സി.ജി റൂം, ഫാർമസി, നെഴ്‌സിംഗ് സ്റ്റേഷൻ, സെമി ഓട്ടോ അനലൈസറും ഹെമറ്റോളജി അനലൈസറും അടക്കമുള്ള ലബോറട്ടറി എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സെന്റർ ഉദ്ഘാടനം ചെയ്തത്.
രണ്ട് ഐ.സി.യു ആംബുലൻസുകളടക്കം മൂന്ന് ആംബുലൻസുകൾ, സമ്മേളന പരിസരത്തുനിന്ന് രോഗിയെ താത്കാലിക ആശുപത്രിയിൽ എത്തിക്കാൻ വീൽ ചെയറുകളും ട്രോളിയും അടക്കമുള്ള മിനി ആശുപത്രിയാണ് 1500 സ്‌ക്വയർ ഫീറ്റിൽ സജ്ജീകരിച്ചിരിക്കുന്നത്. മോഡേൺ മെഡിസിൻ, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ തുടങ്ങി നാല് വിഭാഗങ്ങളുടെ സേവനം ലഭ്യമാണ്. 15 ഡോക്ടർമാരടക്കം 36 ജീവനക്കാരാണ് രാവിലെ 8 മുതൽ രാത്രി 9 വരെ സേവനമനുഷ്ഠിക്കുന്നത്. ജനറൽ മെഡിസിൻ, പൾമണോളജി, ഇ.എൻ.ടി വിഭാഗം ഡോക്ടർമാരുടെ ഫുൾടൈം സേവനമുണ്ട്. സമ്മേളന ഹാളിനുള്ളിൽ വേഗത്തിൽ മെഡിക്കൽ സഹായം ഉറപ്പാക്കാൻ ഹാളിന് മുന്നിലെ വൊളണ്ടിയർ ക്യാപ്ടനെയും മെഡിക്കൽ സെന്റർ കോ-ഓർഡിനേറ്ററെയും ബന്ധിപ്പിച്ച് വയർലെസ് സൗകര്യമുണ്ട്. ചികിത്സയും മരുന്നും പൂർണമായും സൗജന്യമാണ്. സമ്മേളന നടത്തിപ്പിന്റെ ഭാഗമായുള്ള മെഡിക്കൽ സബ്കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മെഡിക്കൽ സ്‌ക്വയർ തയ്യാറാക്കിയത്.
സ്‌ക്വയറിൽ എത്തുന്നവർക്ക് ചെഗുവേരയുടെ പ്രവർത്തന കേന്ദ്രമായിരുന്ന ലാറ്റിൻ അമേരിക്കൻ ചരിത്രവും വർത്തമാനവും പ്രതിപാദിക്കുന്ന, ചെഗുവേരയുടെ മകൾ അലൈഡാ ചെഗുവേര പ്രകാശനം ചെയ്ത് റെസ്‌പോൺസ് ബുക്ക്‌സ് പുറത്തിറക്കിയ 'ഹസ്താ സിയമ്പ്രേ' എന്ന പുസ്തകം സൗജന്യമായി നൽകുന്നുണ്ട്. മെഡിക്കൽ സ്‌ക്വയർ സേവനം കൂടാതെ നഗരത്തിലെ വിവിധ ലോഡ്ജുകളിൽ താമസിക്കുന്ന സമ്മേളന പ്രതിനിധികൾക്ക് രാത്രികാല സഹായത്തിന് ഓൺകോൾ മെഡിക്കൽ സേവനവും സജ്ജീകരിച്ചിട്ടുണ്ടെന്ന് മെഡിക്കൽ സബ്കമ്മിറ്റി ചെയർമാനും പാർട്ടി ജില്ലാ കമ്മിറ്റിയംഗവുമായ സി.ബാൾഡുവിൻ, കൺവീനറും എൻ.എസ് സഹകരണ ആശുപത്രി സെക്രട്ടറിയുമായ പി.ഷിബു എന്നിവർ അറിയിച്ചു. നാഷണൽ ഹെൽത്ത്മിഷൻ, എൻ.ജി.ഒ യൂണിയൻ, കെ.ജി.എൻ.എ, എൻ.എസ് ആശുപത്രി, ആയുർവേദ മെഡിക്കൽ അസോസിയേഷൻ, ഇ.എം.എസ് സഹകരണ ആശുപത്രി, പ്രോഗ്രസീവ് ഹോമിയോപ്പതീസ് ഫോറം, സിദ്ധ മെഡിക്കൽ അസോസിയേഷൻ, കെ.പി.പി.എ, കെ.എം.എസ്.ആർ.എ എന്നിവരുടെ സഹകരണത്തോടെയാണ് മെഡിക്കൽ സ്ക്വയർ സജ്ജമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |