എഴുകോൺ: പട്ടികജാതി മേഖലയിലും വികസന വേഗമില്ലാതെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ. വാർഷിക പദ്ധതിയിൽ വകയിരുത്തിയ പ്രത്യേക ഘടക പദ്ധതി ഫണ്ടിന്റെ പകുതി പോലും ചെലവഴിക്കാതെ ജില്ലയിലെ 28 തദ്ദേശ സ്ഥാപനങ്ങൾ. 43.03 ശതമാനം ചെലവഴിച്ച കൊല്ലം ജില്ലാ പഞ്ചായത്തിന് പുറമെ 22 ഗ്രാമ പഞ്ചായത്തുകളും മൂന്ന് മുനിസിപ്പാലിറ്റികളും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും ഈ പട്ടികയിലാണ്.
മുനിസിപ്പാലിറ്റികളിൽ എസ്.സി ഫണ്ടിനത്തിൽ 2.18 കോടി വകയിരുത്തിയിട്ടുള്ള കരുനാഗപ്പള്ളിയാണ് ഏറ്റവും മോശം നിലയിൽ. 23.7 ശതമാനം തുകയാണ് ഇതുവരെ ചെലവഴിച്ചത്. പുനലൂർ (39.51), കൊട്ടാരക്കര (39.45 ) എന്നിവയും പിന്നിലാണ്. 2.17 കോടി വകയിരുത്തിയ പരവൂർ മുൻസിപ്പാലിറ്റി 59.42 ശതമാനം തുക ചെലവഴിച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്തുകളിൽ വെട്ടിക്കവലയും (49.83) ശാസ്താംകോട്ടയും (48.39) മാർച്ച് പകുതി കഴിഞ്ഞിട്ടും അൻപതിന്റെ കടമ്പ കടന്നിട്ടില്ല. വകയിരുത്തിയിട്ടുള്ള 2.57 കോടി രൂപയിൽ 69.96 ശതമാനം ചെലവഴിച്ച ചടയമംഗലമാണ് ബ്ലോക്ക് പഞ്ചായത്തുകളിൽ മുന്നിൽ. കൊട്ടാരക്കര (69.38), ഇത്തിക്കര (67.5), അഞ്ചൽ (66.29) എന്നിവ താരതമ്യേന മികച്ച നിലയിലാണ്.
ഗ്രാമപഞ്ചായത്തുകളിൽ 20.13 ശതമാനം മാത്രം ചെലവഴിച്ച ആലപ്പാടാണ് ഏറ്റവും പിന്നിലുള്ളത്. തെന്മല (30), ചടയമംഗലം (30.79), ചിറക്കര (34.41), മൈലം ( 34.54), പിറവന്തൂർ (34.68) എന്നിവ എസ്.സി ഫണ്ട് ചെലവഴിക്കുന്നതിൽ ബഹുദൂരം പിന്നിലാണ്. ഇളമ്പള്ളൂർ, ഇളമാട്, പൂയപ്പള്ളി, തക്കരുവ, കുലശേഖരപുരം എന്നീ പഞ്ചായത്തുകൾ 40 ശതമാനം ഫണ്ട് പോലും ചെലവഴിച്ചിട്ടില്ല. തെക്കുംഭാഗം, കരവാളൂർ, മേലില, മയ്യനാട്, ശൂരനാട് സൗത്ത്, കുമ്മിൾ, തൊടിയൂർ, നീണ്ടകര, ആര്യങ്കാവ്, തേവലക്കര, അഞ്ചൽ എന്നിവയാണ് പകുതി തുക ചെലവഴിച്ചിട്ടില്ലാത്ത മറ്റ് പഞ്ചായത്തുകൾ.
ഉമ്മന്നൂർ (72.63), തലവൂർ (71.73), മൺറോത്തുരുത്ത് പഞ്ചായത്തുകളാണ് മികവ് പുലർത്തുന്നത്. സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി 15 ദിവസമാണ് ശേഷിക്കുന്നത്. മാരത്തൺ ഓട്ടം ഓടിയാലേ ഈ തദ്ദേശ സ്ഥാപനങ്ങൾക്ക് ബാക്കി തുക ചെലവഴിച്ച് ഫണ്ട് വിനിയോഗത്തിൽ മുന്നിലെത്താനാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |