17 തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു
കൊല്ലം: ദേശീയപാത നിർമ്മാണത്തിനിടെ പാൽക്കുളങ്ങരയിൽ റോഡിടിഞ്ഞ് മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. അസാം സ്വദേശികളായ ബീരേന്ദ്രകുമാർ, വിജയകുമാർ, സുന്ദർദേവ് എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ബീരേന്ദ്രകുമാർ, വിജയകുമാർ എന്നിവരുടെ നില ഗുരുതരമാണ്.
ഇന്നലെ വൈകിട്ട് 2.15 ഓടെയായിരുന്നു അപകടം. പാൽക്കുളങ്ങര ക്ഷേത്രത്തിന് എതിർവശത്ത് അലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന റോഡ് 50 മീറ്റോളം നീളത്തിൽ ഇടിയുകയായിരുന്നു. ഈ സമയം 20 ഓളം ഇതര സംസ്ഥാന തൊഴിലാളികൾ മൂന്ന് മീറ്ററോളം താഴ്ചയിൽ നിന്ന് റീട്ടെയിനിംഗ് വാളിന്റെ കോൺക്രീറ്റിനുള്ള കമ്പി കെട്ടുകയായിരുന്നു. മണ്ണിടിയുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. ഇതിനിടയിൽ മണ്ണ് ഉയരത്തിൽ കെട്ടിനിറുത്തിയിരുന്ന റീട്ടെയിനിംഗ് വാളിന്റെ കമ്പികളിലേക്ക് പതിച്ചു. ഈ കമ്പികൾ ബീരേന്ദ്രകുമാറിന്റെയും വിജയകുമാറിന്റെയും തലയിൽ പതിക്കുകയായിരുന്നു. ഓടി മാറുന്നതിനിടയിൽ മണ്ണ് ശരീരത്തിൽ വീണാണ് സുന്ദർലാലിന് പരിക്കേറ്റത്. പരിക്ക് സാരമല്ലാത്തതിനാൽ പിന്നീട് മടങ്ങി.
പാൽക്കുളങ്ങര ഭാഗത്ത് സർവീസ് റോഡിൽ നിന്ന് മൂന്ന് മീറ്ററോളം ഉയർന്നാണ് ആറുവരിപ്പാത നിർമ്മിക്കുന്നത്. ആറുവരി പാതയെ താങ്ങിനിറുത്താനാണ് റീട്ടെയിനിംഗ് വാൾ നിർമ്മിക്കുന്നത്.
സുരക്ഷാ ക്രമീകരണങ്ങളില്ലാതെ നിർമ്മാണം
മൂന്ന് മീറ്ററോളം ഉയരത്തിൽ റോഡിന്റെ മണ്ണ് നീക്കിയ ശേഷം അതിന്റെ താഴെ നിന്നാണ് തൊഴിലാളികൾ പണി ചെയ്തിരുന്നത്. ഇതേ റോഡിൽ കൂടി തിരുവനന്തപുരം ഭാഗത്തേക്കുള്ള വാഹനങ്ങളും കടന്നുപോവുകയായിരുന്നു. വലിയ വാഹനങ്ങൾ കടന്നുപോയപ്പോഴുള്ള പ്രകമ്പനത്തിലാണ് മണ്ണിടിഞ്ഞത്. നിർമ്മാണം നടക്കുന്നതിന്റെ എതിർവശത്ത് കൂടി മാത്രം വാഹനങ്ങൾ കടത്തിവിട്ടിരുന്നെങ്കിൽ മണ്ണിടിയൽ ഒഴിവാക്കാമായിരുന്നു.
അപകടങ്ങൾ തുടർക്കഥ
മാസങ്ങൾക്ക് മുമ്പ് ചാത്തന്നൂരിൽ ദേശീയപാത ഫ്ലൈ ഓവർ നിർമ്മാണത്തിനിടെ തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. കാവനാടും കൊട്ടിയത്തും സമാനമായ സംഭവങ്ങളുണ്ടായി. അയത്തിലിൽ നിർമ്മാണത്തിലിരുന്ന പാലം കോൺക്രീറ്റിനിടെ തകർന്നു. കല്ലുംതാഴം ജംഗ്ഷനിൽ കഴിഞ്ഞമാസം റോഡ് ഇടിഞ്ഞുതാഴ്ന്നു. അപകടങ്ങൾ ആവർത്തിക്കുമ്പോഴും ജില്ലാ ഭരണകൂടം കരാർ കമ്പനിക്കും ദേശീയപാത അതോറിറ്റിക്കും സുരക്ഷാ മുൻകരുതൽ സംബന്ധിച്ച് കർശന നിർദ്ദേശം നൽകാറുണ്ടെങ്കിലും പാലിക്കാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |