കൊല്ലം: വേനലവധിക്ക് സ്കൂൾ അടയ്ക്കാൻ രണ്ടുദിവസം മാത്രമായിട്ടും ഉച്ചഭക്ഷണ പദ്ധതിയിൾ ഉൾപ്പെട്ട കുട്ടികൾക്ക് അവധിക്കാലത്തേക്ക് പ്രഖ്യാപിച്ച നാലുകിലോ അരി വിതരണത്തിന് ഇതുവരെ സ്കൂളുകളിലെത്തിയില്ല. സ്കൂൾ അടച്ചശേഷം എത്തിച്ചാൽ ഭൂരിഭാഗം പേരും കൃത്യസമയത്ത് വാങ്ങാതെ അരി നശിച്ചുപോകുന്ന സാഹചര്യമുണ്ടാകും.
സ്കൂൾ അടയ്ക്കുന്നത് 28നാണെങ്കിലും അവസാന ദിവസം പല ക്ലാസുകാർക്കും പരീക്ഷയില്ല. അതുകൊണ്ട് ഈ കുട്ടികൾ നാളെ കൂടിയെ സ്കൂളിൽ വരാൻ സാദ്ധ്യതയുള്ളു. സ്കൂൾ അടച്ചുകഴിഞ്ഞാൽ ദൂരെ സ്ഥലങ്ങളിലുള്ളവർ അരി വാങ്ങാൻ വരില്ല. അരി കൈപ്പറ്റുന്ന വിദ്യാർത്ഥിയുടെയും രക്ഷിതാവിന്റെയും ഒപ്പ് രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും ചട്ടമുണ്ട്. അതുകൊണ്ട് രക്ഷിതാവില്ലാതെ വിദ്യാർത്ഥികളുടെ കൈയിൽ അരി കൊടുത്തുവിടാനും കഴിയില്ല. പിന്നീട് ആഴ്ചകൾക്ക് ശേഷം പുതിയ പാഠപുസ്തകങ്ങൾ വാങ്ങാനാകും രക്ഷിതാക്കൾക്കൊപ്പം കുട്ടികൾ സ്കൂളിലേക്ക് വരിക. അത്രയും നാൾ അരി സൂക്ഷിച്ചുവയ്ക്കാനുള്ള സൗകര്യവും സ്കൂളുകളില്ല. പല സ്കൂളുകളിലെയും സ്റ്റോർ റൂമിലും ഓഫീസിലുമടക്കം പാറ്റയുടെയും എലിയുടെയും ശല്യമുണ്ട്.
സപ്ളൈകോ അരി എത്തിച്ചില്ല
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് പ്രകാരം സപ്ലൈകോയ്ക്കാണ് അരി എത്തിക്കാനുള്ള ചുമതല
സ്കൂളിനടുത്തുള്ള മാവേലി സ്റ്റോറിൽ നിന്നാണ് അരി എത്തിക്കേണ്ടത്
കേന്ദ്രം അനുവദിച്ച തുകയിൽ ഇതുവരെ ചെലവഴിച്ചതിന്റെ ബാക്കി നഷ്ടമാകാതിരിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വേനലവധിക്കാലത്ത് നാല് കിലോ അരി വീതം നൽകുന്നത്
തുക പൂർണമായും ചെലവഴിച്ചില്ലെങ്കിൽ അടുത്ത വർഷത്തെ കേന്ദ്ര വിഹിതം കുറയും
പല ക്ലാസുകാർക്കും ഇന്ന് പരീക്ഷ തീരും
വിതരണത്തിന്റെ ചുമതല ക്ലാസ് ടീച്ചർക്ക്
അവധി ദിവസങ്ങളിൽ അദ്ധ്യാപകരും ജീവനക്കാരും വരില്ല
കുട്ടികൾക്ക് നൽകണമെന്ന് താല്പര്യമില്ല
വിദ്യാർത്ഥികളുടെ കൈയിൽ അരി കൃത്യമായി എത്തണമെന്ന ലക്ഷ്യത്തോടെ മുൻകൂട്ടിയുള്ള ഒരുക്കം ഇത്തവണ ഉണ്ടായില്ല. 27ന് മുമ്പ് അരി സ്കൂളുകളിലെത്തിച്ച് 31ന് മുമ്പ് വിതരണം പൂർത്തിയാക്കണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം. 29 മുതൽ 31 വരെ അവധിയായതിനാൽ അദ്ധ്യാപകർ വരില്ല. ഈ ദിവസങ്ങളിലെത്തി അരി വിതരണം പൂർത്തിയാക്കണമെന്ന് പ്രത്യേക നിർദ്ദേശവുമില്ല.
ഉച്ചഭക്ഷണ പദ്ധതി
ജില്ലയിൽ വിദ്യാർത്ഥികൾ- 143524
നൽകേണ്ട അരി - 4 കിലോ ഗ്രാം
പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെ
ഇന്നും നാളെയുമായി പരമാവധി സ്കൂളുകളിൽ അരി എത്തിക്കും. കൃത്യമായി വിതരണം ചെയ്യണമെന്ന നിർദ്ദേശവും നൽകും.
വിദ്യാഭ്യാസ വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |