കൊല്ലം: മഴക്കുറവിൽ നിന്ന് അധികമഴ ലഭിച്ച പട്ടികയിലേക്ക് ജില്ലയും. പലഭാഗത്തും വൈകിട്ടും രാത്രിയിലുമായി ഇടിയും മിന്നലോടും കൂടിയ വേനൽമഴ പെയ്തിറങ്ങിയത്. മാർച്ച് ഒന്ന് മുതൽ കഴിഞ്ഞ ദിവസം വരെ 58.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. 41.3 മില്ലി മീറ്റർ മഴയായിരുന്നു പ്രതീക്ഷിച്ചത്. ഇതുവരെ 42 ശതമാനം വേനൽമഴ ലഭിച്ചെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. ഈ മാസം ആദ്യം മുതൽ പല ദിവസങ്ങളിലായി ലഭിച്ച മഴയാണ് ജില്ലയിലെ മഴക്കുറവിനെ പരിഹരിച്ചത്. അതേസമയം കഴിഞ്ഞ 13 മുതൽ 19 വരെ ജില്ലയിൽ കാര്യമായി മഴ ലഭിച്ചിരുന്നില്ല. സംസ്ഥാനത്ത് കാസർകോട് ഒഴികെ മിക്ക ജില്ലകളിലും വേനൽ മഴ തകർത്ത് പെയ്യുകയും സാധാരണ ലഭിക്കേണ്ടതിന്റെ അധികമഴ ലഭിക്കുകയും ചെയ്തു. 12.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് കാസർകോട് 4.3 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. 67 ശതമാനത്തിന്റെ കുറവാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.
ചൂടിന് തെല്ലും മയമില്ല
അധിക മഴ ലഭിച്ചിട്ടും ചൂട് കൂടുന്ന സവിശേഷ കാലാവസ്ഥയാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. ഇന്നലെ ജില്ലയിൽ 36 ഡിഗ്രിയായിരുന്നു ചൂട്. ഈ മാസം ആദ്യം മുതൽ വേനൽമഴ ശക്തമാണെങ്കിലും കുറച്ചു ദിവസമായി മഴ കുറഞ്ഞതോടെ ചൂട് വർദ്ധിക്കുകയായിരുന്നു. ഫാനോ എ.സിയോ ഇല്ലാതെ വീട്ടിലിരിക്കാൻ പറ്റാത്ത അവസ്ഥയാണ്. അൾട്രാ വയലറ്റ് ഇൻഡക്സ് 11 ൽ എത്തിയതോടെ ജില്ലയിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിരുന്നു.
ലഭിച്ച മഴ: 58.5 മില്ലി മീറ്റർ
പ്രതീക്ഷിച്ച മഴ: 41.3 മില്ലി മീറ്റർ
മഴയിലെ വർദ്ധനവ്: 42 %
വെതർ സ്റ്റേഷൻ, ഇന്നലെ ലഭിച്ച മഴ
കൊല്ലം - 7 മില്ലി മീറ്റർ
പുനലൂർ -1.6 മില്ലി മീറ്റർ
കരുവേലിൽ - 0.5 മില്ലി മീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |