SignIn
Kerala Kaumudi Online
Saturday, 27 April 2024 9.11 PM IST

വിയോജിപ്പിന്റെ രാഷ്ട്രീയം ജനാധിപത്യത്തിന്റെ കരുത്ത്: എൻ.കെ. പ്രേമചന്ദ്രൻ എം.പി

കൊല്ലം: വിയോജിപ്പിന്റെ രാഷ്ട്രീയം സഹിഷ്ണുതയോടെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് രാജ്യത്തെ ജനാധിപത്യത്തിന്റെ കരുത്തെന്നും വിയോജിപ്പുകളില്ലെങ്കിൽ ജനാധിപത്യം നഷ്ടമാകുമെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കേരളകൗമുദി കൊല്ലം യൂണിറ്റിന്റെ നേതൃത്വത്തിൽ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷവും പ്രതിഭകൾക്കുള്ള ആദരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്രിട്ടിഷുകാർ നമുക്ക് നൽകിയ സ്വാതന്ത്ര്യം ഔദാര്യമല്ല, ജീവൻ നഷ്ടപ്പെടുത്തിയ ത്യാഗോജ്വല സമരങ്ങൾക്ക് മുന്നിൽ നിവൃത്തിയില്ലാതെ അവർ രാജ്യം വിട്ടോടുകയായിരുന്നു. പുതിയ തലമുറ ചരിത്രം പഠിക്കുകയും പൂർവികരുടെ ത്യാഗത്തെ മനസിലാക്കുകയും വേണം. സ്വാതന്ത്ര്യത്തിന്റെ വില തിരിച്ചറിയണം. അവസരസമത്വവും തുല്യനീതിയും ഓരോ പൗരനും ലഭ്യമാകുന്ന സാഹചര്യമുണ്ടാകണം. സാമൂഹ്യ നീതിയിലധിഷ്ഠിതമായ സ്വാതന്ത്ര്യമാണ് രാജ്യത്തുണ്ടാകേണ്ടത്. അത്തരം സാമൂഹ്യനീതിക്കായുള്ള പോരാട്ടം നടത്തുന്ന പത്രമാണ് കേരളകൗമുദിയെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.

കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റെസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. എം.നൗഷാദ് എം.എൽ.എ മുഖ്യാതിഥിയായി. ചടങ്ങിൽ വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചവർക്കുള്ള കേരളകൗമുദിയുടെ ആദരവ് എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.നൗഷാദ് എം.എൽ.എ, എസ്. രാധാകൃഷ്ണൻ എന്നിവർ സമ്മാനിച്ചു.

പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസുകാർക്കും സി.ബി.എസ്.സി 12-ാ ക്ലാസ് പരീക്ഷയിലെ സ്‌കൂൾ ടോപ്പർമാർക്കുള്ള കേരളകൗമുദിയുടെ ഉപഹാരവും ചടങ്ങിൽ വിതരണം ചെയ്തു. കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് ബി.ഉണ്ണിക്കണ്ണൻ സ്വാഗതവും ലേഖകൻ പട്ടത്താനം സുനിൽ നന്ദിയും പറഞ്ഞു.

സമരസേനാനികൾ ആഗ്രഹിച്ച ഇന്ത്യയെ

രൂപപ്പെടുത്തണം: എം. നൗഷാദ് എം.എൽ.എ

ഏഴര ദശാബ്ദങ്ങൾക്കിപ്പുറവും സ്വാതന്ത്ര്യസമര സേനാനികൾ ആഗ്രഹിച്ച ഇന്ത്യയെ രൂപപ്പെടുത്താൻ നമുക്ക് കഴിഞ്ഞിട്ടില്ലെന്നും ആ ഉത്തരവാദിത്തം ഓരോ പൗരന്മാരും ഏറ്റെടുക്കണമെന്നും എം.നൗഷാദ് എം.എൽ.എ പറഞ്ഞു. ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സഹോദരങ്ങളുടെ ബുദ്ധിമുട്ടിലും നിസഹായവസ്ഥയിലും മറ്റുള്ളവർക്ക് യാതൊരു വികാരവും തോന്നുന്നില്ലെങ്കിൽ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വിലയില്ലാതെയാകും. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഓരോ പൗരനും ഉത്തരവാദിത്തമുണ്ട്. മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിക്കാൻ ഓരോരുത്തരും മുന്നിട്ടിറങ്ങണം. രാജ്യം പല കാര്യങ്ങളിലും കേരളത്തെ മാതൃകയാക്കണമെന്നും എം.നൗഷാദ് എം.എൽ.എ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.