പാലാ: കുപ്പത്തൊട്ടിയിൽ നിന്നും സ്വർണ്ണാഭരണങ്ങളും പൈസയും കിട്ടയപ്പോഴും ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനാംഗങ്ങളായ മഞ്ജു ബിനീഷിന്റെയും മിനി ഷാജിയുടെയും കണ്ണ് മഞ്ഞളിച്ചില്ല. ഇവയ്‌ക്കൊരു പോറൽപോലും ഏൽക്കാതെ ഉടമസ്ഥനെ സ്വർണ്ണാഭരണങ്ങൾ തിരികെയേൽപ്പിച്ച് മാതൃകയായി ഈ ഹരിതരത്‌നങ്ങൾ.
ഇന്നലെ ഉച്ചകഴിഞ്ഞ് ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ അറവക്കുളം വാർഡിലെ വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ശേഖരിക്കുകയായിരുന്നു മഞ്ജുവും മിനിയും. ആർക്കാട്ട് വർക്കിച്ചന്റെ വീട്ടിൽ നിന്നും പ്ലാസ്റ്റിക്കിനൊപ്പം കുറെ പഴയതുണികളും മാലിന്യക്കൂട്ടിൽ നിന്നും കിട്ടി. ഇവ റോഡിൽ കൊണ്ടുവന്ന് തരംതിരിച്ച് വാഹനത്തിൽ കയറ്റാൻ ശ്രമിക്കുമ്പോഴാണ് തുണിക്കിടയിൽ മൂടിവച്ചിരുന്ന ഒരു പേഴ്‌സ് കണ്ടത്. തുറന്നപ്പോൾ മൂന്ന് സ്വർണവളകളും രണ്ട് മോതിരവും ആയിരം രൂപയുമുണ്ടായിരുന്നു. ഒട്ടും അമാന്തിച്ചില്ല, ഉടമ വർക്കിച്ചന് പേഴ്‌സോടെ ഇത് മടക്കി നൽകി. കളഞ്ഞുപോയി എന്നുകരുതിയ ആഭരണങ്ങളായിരുന്നു ഇതെന്ന് വർക്കിച്ചൻ പറഞ്ഞു. തിരികെ കിട്ടിയപ്പോൾ വർക്കിച്ചനും കുടുംബത്തിനും വലിയ സന്തോഷം.
ഹരിതകർമ്മ സേനാംഗങ്ങളെ ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി, വൈസ് പ്രസിഡന്റ് വിനോദ് വേരനാനി, സെക്രട്ടറി ഇൻചാർജ്ജ് രശ്മി മോഹൻ തുടങ്ങിയവർ അഭിനന്ദിച്ചു. മഞ്ജുവിനെയും മിനിയേയും ഇന്ന് ചേരുന്ന സമ്മേളനത്തിൽ ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |