കോട്ടയം: വോട്ടെണ്ണലിനുള്ള അവസാന ഒരുക്കങ്ങളും പൂർത്തിയായി. കേന്ദ്ര നിരീക്ഷകർ ഒരുക്കങ്ങൾ വിലയിരുത്തി. മൂന്ന് സ്ഥാനാർത്ഥികളും ആത്മവിശ്വാസത്തിലാണ്. നാട്ടകം ഗവ.കോളേജിൽ രാവിലെ എട്ടിനാണ് വോട്ടെണ്ണൽ. 7.30ന് സ്‌ട്രോംഗ് റൂം തുറന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തിക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങും. ഇതേസമയം തന്നെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണലും ആരംഭിക്കും. പിറവം, പാലാ,കടുത്തുരുത്തി,വൈക്കം,ഏറ്റുമാനൂർ,കോട്ടയം,പുതുപ്പള്ളി എന്നീ ഏഴുമണ്ഡലങ്ങളിലെയും വോട്ടെണ്ണൽ ഏഴിടങ്ങളിലായി ഒരേസമയം നടക്കും.
ലീഡ് നില വേഗത്തിൽ അറിയാം
വോട്ടെണ്ണലിനായി മൊത്തം 129 മേശ. വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണാൻ മൊത്തം 98 മേശ ഒരുക്കിയിട്ടുണ്ട്. ഒരോ നിയമസഭാ മണ്ഡലത്തിനും 14 മേശ വീതമാണുള്ളത്. പോസ്റ്റൽ ബാലറ്റുകളും ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും എണ്ണുന്നതിനായി 31 മേശയും സജ്ജീകരിച്ചിട്ടുണ്ട്.
ഒരു റൗണ്ടിൽ ഒരേസമയം 14 മേശയിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണും. പിറവം 12, പാലാ13, കടുത്തുരുത്തി 13, വൈക്കം 12, ഏറ്റുമാനൂർ 12, കോട്ടയം 13, പുതുപ്പള്ളി 13 എന്നിങ്ങനെയാണ് വോട്ടെണ്ണൽ റൗണ്ടുകളുടെ എണ്ണം. ഒരോ റൗണ്ടും പൂർത്തീകരിക്കുമ്പോൾ ലീഡ് നില അറിയാം.
തപാൽ ബാലറ്റിലെയടക്കം പോളിംഗ്: 66.72 %
വോട്ട് ചെയ്തത്: 8,37,277 പേർ
തപാൽ വോട്ടുകൾ: 14040
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |