കോട്ടയം : കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള നാഗമ്പടം മുനിസിപ്പൽ പാർക്കിൽ പ്രവേശന ഫീസിന്റെ പേരിലും തട്ടിപ്പെന്ന് ആക്ഷേപം. സന്ദർശകരിൽനിന്ന് വാങ്ങുന്ന തുക മറച്ചുവച്ച് കുറഞ്ഞ തുക രസീത് ബുക്കിൽ കാണിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ബി.ജെ.പി കൗൺസിലർ വിനു ആർ.മോഹനാണ് കൗൺസിലിൽ വിഷയം ഉന്നയിച്ചത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 18 ന് പാർക്കിലെ കൗണ്ടറിൽ നിന്ന് നൽകിയ പ്രവേശനഫീസിന്റെ ചില രസീതുകളാണ് ഹാജരാക്കിയത്. ഇതിൽ പലതിലും രേഖപ്പെടുത്തിയിരിക്കുന്നത് 200 നടുത്തുള്ള തുകയാണ്. എന്നാൽ രസീത് ബുക്കിൽ ഓരോന്നിലും കാർബൺ പേപ്പർ വയ്ക്കാതെ രേഖപ്പെടുത്തിയിട്ടുള്ളത് 24 രൂപയാണ്. രസീത് ബുക്ക് കൗൺസിലിൽ എത്തിച്ച് പരിശോധിക്കണമെന്നും കൗൺസിലർമാർ ഒന്നടങ്കം ആവശ്യപ്പെട്ടു. അജണ്ടകൾ ചർച്ച ചെയ്യാൻ ചേർന്ന കൗൺസിൽ യോഗവും ബഹളത്തിൽ മുങ്ങി. 211 കോടി രൂപയുടെ ക്രമക്കേടിൽ ചെയർപേഴ്‌സണും, വൈസ് ചെയർമാനും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് അഡ്വ.ഷീജ അനിലാണ് പ്രമേയം അവതരിപ്പിച്ചത്. അജണ്ടയിലില്ലാത്തതിനാൽ പ്രമേയത്തിൽ ചർച്ച സാധിക്കില്ലെന്ന് യു.ഡി.എഫ് കൗൺസിലർ എം.പി സന്തോഷ്‌കുമാറും രംഗത്തെത്തി. ഇതോടെ യോഗം ബഹളത്തിൽ മുങ്ങുകയായിരുന്നു. ഇതോടെ യോഗം പിരിച്ചുവിട്ടതായി ചെയർപേഴ്‌സൺ പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |