കോട്ടയം : കോട്ടയം ഗവ.നഴ്സിംഗ് കോളേജിലെ റാഗിംഗ് വീരന്മാർക്ക് മുങ്ങാൻ അവസരം നൽകാതെ പരാതി കിട്ടിയതിന് പിന്നാലെ അറസ്റ്റ് ചെയ്യാനായത് കൃത്യമായ അന്വേഷണത്താലെന്ന് പൊലീസ്. റാഗിംഗ് തടയുന്നതിലും നടപടി എടുക്കുന്നതിലും വീഴ്ച സംഭവിച്ച പ്രിൻസിപ്പലിനെയും, അസി.പ്രൊഫസറെയും സസ്പെൻഡ് ചെയ്തത് സർക്കാരും നേട്ടമായി ഉയർത്തിക്കാട്ടുന്നു. എന്നാൽ ഇടതുബന്ധമുള്ള പ്രതികളെ രക്ഷിക്കാനുള്ള ശ്രമമെന്നാണ് പ്രതിപക്ഷ ആരോപണം.
വിവിധ രാഷ്ട്രീയ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും കോളേജിന് മുന്നിൽ പ്രതിഷേധ സമരവുമായി വിഷയം സജീവമാക്കി നിറുത്തുന്നു. ശക്തമായ നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐയും സമരരംഗത്തുണ്ട്. കേസ് അട്ടിമറിക്കരുതെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഫ്രാൻസിസ് ജോർജ് എം.പി, എം.എൽഎമാരായ മോൻസ് ജോസഫ് , ചാണ്ടി ഉമ്മൻ ,ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്. യു.ഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് എന്നിവരുടെ നേതൃത്വത്തിൽ യു.ഡി.എഫ് സംഘവും ഗാന്ധിനഗർ സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പിന്നീട് കോളേജിലെത്തിയ സംഘം ആന്റി റാഗിംഗ് സമിതിയുടെ മിനിട്ട്സും പരിശോധിച്ചു. സമിതി കൂടാറില്ലെന്നു കണ്ടെത്തിയതായി തിരുവഞ്ചൂർ വ്യക്തമാക്കി. സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ അന്വേഷണം പുരോഗമിക്കുന്നതോടെ കോളേജിൽ നിന്ന് പുറത്താക്കിയേക്കുമെന്നാണ് സൂചന.
പരാതി കൊടുക്കാൻ ഭയം
പ്രതികൾക്ക് കോളേജിൽ അപ്രമാദിത്വമുണ്ടായിരുന്നുവെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കോളേജ് യൂണിയൻ പരിപാടികൾക്ക് ഉൾപ്പെടെ ഇവർ മേൽക്കോയ്മ നിലനിറുത്തി. പ്രതികളെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തെങ്കിലും പിന്തുണയ്ക്കുന്നവരുണ്ട്. അതിനാൽ പരാതി പറയാൻ മറ്റ് വിദ്യാർത്ഥികൾക്ക് ഭയമാണ്.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രതികൾ കേസിൽ നിന്ന് രക്ഷപ്പെടുമെന്നാണ് ആശങ്ക.
അടിയന്തര കൗൺസലിംഗ്
പീഡനത്തിനിരയായ വിദ്യാർത്ഥികൾക്ക് അടിയന്തര കൗൺസലിംഗ് നൽകും. റിമാൻഡിലായ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായതോടെ 20 വയസിൽ താഴെയുള്ള മൂന്നുപേരെ കാക്കനാട് ജയിലിന് സമീപം ബോസ്റ്റൺ സ്കൂളിലേക്ക് മാറ്റും. മറ്റു രണ്ട് പേരെ സബ് ജയിലിൽ പാർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |