കോട്ടയം: ശ്രീനാരായണ ഗുരുദേവൻ സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തിയ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിന് കരിയും കരിമരുന്നും വേണ്ടെന്ന" ഗുരുദേവ വചനം യാഥാർത്ഥ്യമാകുന്നു. ആന പാട്ടത്തിനുള്ള പണം ഉപയോഗിച്ച് വീടില്ലാത്ത നിർദ്ധനനായ ശാഖാംഗത്തിന് വീട് നിർമ്മിച്ചു നൽകാനുള്ള എസ്.കെ.എം ദേവസ്വം ഭാരവാഹികളുടെ തീരുമാനത്തിന് പിന്തുണയേറി. ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ കയറാമെന്നുള്ള തീരുമാനം പ്രാവർത്തികമാക്കിയതിന് പിന്നാലെ ഇങ്ങനെയൊരു നിലപാട് കൂടിയെടുത്ത എസ്.കെ.എം ദേവസ്വം സമൂഹത്തിന് വലിയ മാതൃകയായി.
ഏഴു ദിവസത്തെ ഉത്സവത്തിന് നിരവധി ആനകളെ എഴുന്നള്ളിച്ചിരുന്നത് പാടെ ഒഴിവാക്കി. ആന ഇടഞ്ഞ് നിരവധി അപകടങ്ങൾ ഉണ്ടാകുന്നത് ആവർത്തിക്കാതിരിക്കാനാണ് ഇങ്ങനൊരു തീരുമാനം എടുത്തത്.
ആനയുടെ പാട്ടത്തുക വീട് നിർമ്മാണത്തിന് തികയാതെ വന്നതിനാൽ സുമനസുകളുടെ സഹായം തേടിയിരുന്നു. ദേവസ്വം സെക്രട്ടറി കെ.പി. ആനന്ദക്കുട്ടൻ ആദ്യ സംഭാവനയായി 50,000 രൂപ കൈമാറി. ബി.എസ്.എൻ.എൽ ജീവനക്കാർ ചേർന്ന് 15,000 രൂപയും നൽകി. സാമ്പത്തിക സഹായം നൽകാനായി നല്ലവരായ ആളുകൾ മുന്നോട്ടുവരുന്നുണ്ട്. ക്ഷേത്രഉത്സവം അവസാനിച്ചാൽ ഉടൻ വീടു നിർമാണം ആരംഭിക്കും.
കുമരകത്തെ നാല് എസ്.എൻ.ഡി.പി യോഗം ശാഖാ പ്രതിനിധികൾ ഉൾക്കൊള്ളുന്നതാണ് ശ്രീകുമാരമംഗലംദേവസ്വം. നാലു ശാഖകളിലെയും സ്വന്തമായി വീടില്ലാത്ത നിർദ്ധനാംഗത്തെ കണ്ടെത്തിയായിരിക്കും വീട് നിർമിച്ചു നൽകുക.
##
ശ്രീകുമാര മംഗലം ദേവസ്വത്തിന് സ്വന്തമായി നൂറ് ശതമാനം വിജയവുമായി അക്കാഡമിക് കലാകായികരംഗങ്ങളിൽ മികവോടെ പ്രവർത്തിക്കുന്ന ഹയർസെക്കൻഡറി സ്കൂളും ഇംഗ്ലീഷ് മീഡിയം സ്കൂളും ഗസ്റ്റ് ഹൗസും, ബാങ്കും ഓഡിറ്റോറിയവുമുണ്ട്. ഗുരുദേവൻ വിശ്രമിച്ചസ്ഥലവും കസേരയും പരിപാവനമായി സൂക്ഷിക്കുന്നു. ഭക്തന്മാരുടെ സഹായത്തോടെ നിർമ്മിച്ച സ്വർണത്തേരിലാണ് വിഗ്രഹം എഴുന്നള്ളിപ്പ്
##
120 വർഷം മുമ്പ് പട്ടിണിപ്പാവങ്ങളായ പിന്നാക്കക്കാർക്ക് ആരാധനാലയമില്ലായിരുന്നു. തങ്ങൾക്ക് ആരാധനയ്ക്ക് ക്ഷേത്രം വേണമെന്ന ആഗ്രഹം അറിയിച്ചതനുസരിച്ചെത്തിയ ഗുരുവിനെ വേമ്പനാട്ടു കായലിലൂടെ നിരവധി വള്ളങ്ങളുടെ അകമ്പടിയോടെയാണ് കുമരകത്തേക്ക് സ്വീകരിച്ചാനയിച്ചത്. ഗുരുദേവന്റെ കൈവശം ഉണ്ടായിരുന്ന ബാലമുരുകനെയാണ് പ്രതിഷ്ഠിച്ചത്. ഇതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ചിങ്ങത്തിലെ ചതയ ദിനത്തിൽ ഗുരുദേവ ചിത്രം വഹിച്ചു നിരവധി വള്ളങ്ങളുടെ അകമ്പടിയോടെയുള്ള ജല ഘോഷയാത്രയും ശ്രീനാരായണ ട്രോഫിക്കായുള്ള മത്സര വള്ളംകളിയും നടത്തുന്നു. ക്ഷേത്രത്തിനൊപ്പം പള്ളിക്കുടം വേണമെന്ന് ഗുരുവിന്റെ നിർദ്ദേശമനുസരിച്ച് ആരംഭിച്ച കുടിപ്പള്ളിക്കുടമാണ് ഇന്ന് ഹയർ സെക്കൻഡറി സ്കൂളായി വളർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |