തലയോലപ്പറമ്പ് : സെന്റ് ജോർജ്ജ് പള്ളിയിൽ കൈക്കാരന്മാരുടെ മുറിയിലെ ലോക്കർ തകർത്ത് 2 ലക്ഷം രൂപ അപഹരിച്ച കേസിൽ മോഷ്ടാവ് പിടിയിൽ. ഇടുക്കി അടിമാലി 200 ഏക്കർ ഭാഗത്ത് ചക്കിയാങ്കൽ പത്മനാഭൻ (64) ആണ് പിടിയിലായത്. തൃശൂർ വടക്കാഞ്ചേരി ഫൊറോന പള്ളിയിൽ മോഷണം നടത്താൻ എത്തിയ ഇയാളെ സെമിത്തേരി വഴി ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തലയോലപ്പറമ്പ് പൊലീസ് സാഹസികമായാണ് പിടികൂടിയത്. കേരളത്തിലെ വിവിധ ജില്ലകളിലായി 60 പള്ളികളിൽ മോഷണം നടത്തിയതിന് ഇയാൾക്കെതിരെ കേസുകളുണ്ട്. പെരുമ്പാവൂർ പള്ളിയിലെ മോഷണവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ ജനുവരി 28 നാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി 9 ന് രാത്രിയിലാണ് തലയോലപ്പറമ്പ് പള്ളിയിൽ മോഷണം നടത്തിയത്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വടക്കാഞ്ചേരി ഭാഗത്ത് ഇയാൾ ഉള്ളതായി കണ്ടെത്തി. തലയോലപ്പറമ്പ് എസ്.ഐ പി.എസ് സുധീരൻ, സി. പി.ഒമാരായ വി.എം മനീഷ്, പി.കെ ബിനു, അരുൺ, ബാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് ഇയാളുടെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. എസ്.എച്ച്.ഒ വിപിൻ ചന്ദ്രന്റെ നേതൃത്വത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |