പാലാ: മനുഷ്യജീവനുകളെ കൂട്ടക്കുരുതിക്ക് കൊടുക്കുന്ന മാരക ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർക്കശ നിലപാടുകളുമായി പാലാ രൂപതയും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടും.രൂപതാതിർത്തിക്കുള്ളിൽ ഒരു കുഞ്ഞുപോലും ലഹരിക്കടിമപ്പെടരുതെന്ന ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിശ്ചയദാർഢ്യമാണ് പാലാ രൂപതയിലെ ഊർജ്ജിത ലഹരിവിരുദ്ധ മുന്നേറ്റങ്ങളുടെ തുടർച്ചയ്ക്ക് കാരണം. 'വാർ എഗൻസ്റ്റ് ഡ്രഗ്സ്, സേ നോ ടു ഡ്രഗ്സ്' പരിപാടിയുടെ രണ്ടാംഘട്ട ഉദ്ഘാടനം പാലാ ബിഷപ്സ് ഹൗസിൽ നാളെ രാവിലെ 9ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. തുടർന്ന് ആദ്യദിനം പാലാ മുനിസിപ്പൽ ഏരിയായിൽ 'ഡോർ ടു ഡോർ' പ്രചരണ പരിപാടി നടക്കും. 26 വാർഡുകളിലെയും ഇടവഴികളും മുക്കുംമൂലയും വിടാതെ പ്രചരണപരിപാടികൾ കടന്നുപോകും.
നാളെ രാവിലെ 9 ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ വികാരി ജനറാൾമാർ, വിവിധ ഡിപ്പാർട്ടുമെന്റുകളിലെ വൈദികർ, സിസ്റ്റേഴ്സ്, അൽമായർ, ലഹരിവിരുദ്ധ പ്രവർത്തകർ എന്നിവരും ഉദ്ഘാടന സമ്മേളനത്തിലെ പ്രത്യേകം ക്ഷണിതാക്കളാണ്. മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ, രൂപതാ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, സാബു എബ്രഹാം, ജോസ് കവിയിൽ, ആന്റണി മാത്യു തുടങ്ങിയവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |