കോട്ടയം : കുമരകത്ത് കരിമീൻ സുലഭമായതോടെ സാധാരണക്കാരന്റെ തീൻമേശകളിൽ രുചിമേളം. വിലകുറഞ്ഞത് മത്സ്യത്തൊഴിലാളികൾക്ക് ഇരുട്ടടിയുമായി. ഇടവേളയ്ക്ക് ശേഷമാണ് കരിമീന് കുമരകത്ത് വിലകുറയുന്നത്.
ബി ഗ്രേഡ് കരിമീനിന് കിലോയ്ക്ക് 270 രൂപയാണ് വില. 600 രൂപയായിരുന്ന എ പ്ളസ് ഗ്രേഡിന് 450 രൂപയും എ
ഗ്രേഡ് 370 ലേയ്ക്കും താഴ്ന്നു. മത്തിയുടെ വിലയ്ക്ക് സി ഗ്രേഡ് കിട്ടും. 200 മുതലാണ് വില. കായൽ മുരശിന്റെ വില 350 ൽ നിന്ന് 280 ലേയ്ക്കും പൊടിമീൻ 100 ലേക്കുമെത്തി. മിക്ക ദിവസങ്ങളിലും കൂടിയ അളവിൽ കരിമീൻ ലഭിക്കുന്നതായി തൊഴിലാളികൾ പറയുന്നു. തണ്ണീർമുക്കം ബണ്ട് അടഞ്ഞ കിടക്കുന്ന സാഹചര്യത്തിൽ കരിമീൻ ലഭ്യത വർദ്ധിച്ചത് തൊഴിലാളികൾക്ക് ആശ്വാസമായിരുന്നു. എന്നാൽ വില്പന ഇടിഞ്ഞത് പ്രതിസന്ധിയ്ക്കും വിലയിടിവിനും കാരണമായി. ക്രൈസ്തവരുടെ നോമ്പ്, വിനോദ സഞ്ചാരികളുടെ കുറവ് എന്നിവ വില്പന കുറയാൻ കാരണമായതായി വ്യാപാരികൾ പറയുന്നു.
ഭക്ഷണശാലകളിൽ പൊള്ളിക്കും
വിലക്കുറവിൽ കരിമീൻ സുലഭമായിട്ടും ഭക്ഷണശാലകളിലെ വില പൊള്ളിക്കുകയാണ്. 400 ന് മുകളിലാണ് വില. വലിപ്പം കൂടിയാൽ ആയിരം വരെയെത്തും. ഷാപ്പുകളിലും റിസോർട്ടുകളിലും ഹോട്ടലുകളിലുമാണ് കൊള്ള. ഒരു കിലോ കരിമീൻ 10 എണ്ണം വരെ കാണും. ഗ്രേഡ് കൂടും തോറും എണ്ണം കുറയും. കൂടുതൽ വിൽക്കുന്നത് ബി ഗ്രേഡ് കരിമീനാണ്. ഇവ പാകം ചെയ്താൽ ഒരെണ്ണത്തിന് ഒരുകിലോയേക്കാൾ വില നൽകണം. ഫ്രൈ, പൊള്ളിക്കൽ, മപ്പാസ്, നിർവാണ എന്നിങ്ങനെ ഐറ്റം മാറും തോറും വിലയും കയറും.
കൂടുതൽ ഡിമാൻഡ് ബി ഗ്രേഡിന്
എ പ്ലസിന് 450 രൂപ
എ ഗ്രേഡ് 370 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |