തൊടുപുഴ: ചിലപാട്ടുകൾ കേൾക്കുമ്പോൾ അത് നമുക്കുവേണ്ടി മാത്രമുള്ളതാണെന്ന് തോന്നാറില്ലേ... വരികളുടെ മൃദുത്വം, ഉൾക്കാമ്പ്, പിന്നെ ആലാപനത്തിന്റെ മാധുര്യം.. ഇതൊക്കെ ചേർത്തുതന്നെ നീലിമ പാടി. 'ഇനിയും പാടുവതെന്തിനു വെറുതേ, ഈ വഴി ആതിര വരുമെന്നോ'- സംഗീത മധുരത്തിൽ ചാലിച്ച ശുദ്ധഗാനം ഹൃദയംകൊണ്ടാണ് നീലിമ ഷിജു പാടിയതെന്ന് തോന്നിപ്പോയി. പൊള്ളുന്ന നൊമ്പരത്തിലും ജീവിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്നുണ്ട് ആ പാട്ടിലെന്ന് അടുത്തിരുന്നൊരാൾ പറഞ്ഞത് വെറുതെയല്ല. നഷ്ടപ്പെട്ടുപോയ ജീവിതവും പ്രതീക്ഷയുടെ ചെറുകിരണവും അതിലുണ്ടെന്ന് സാരം, ജീവന്റെ തുള്ളിയായി അതങ്ങിനെ പെയ്തിറങ്ങിയപ്പോൾ എറണാകുളം മഹാരാജാസ് കോളേജിലെ നീലിമ ഷിജുവിന് ലളിതഗാനത്തിൽ ലഭിച്ചത് ഒന്നാം സമ്മാനം. റിയാലിറ്റി ഷോയായ സ്റ്റാർ സിംഗർ സീസൺ ഒമ്പതിലൂടെ നീലിമയെ മിക്കവർക്കും അറിയാം. കണ്ണൂർ കാപ്പാട് ഹിമത്തിൽ സംഗീതാദ്ധ്യാപകനായ കെ.പി. ഷിജുവിന്റെയും വിജിലയുടെയും മകളാണ് നീലിമ ഷിജു. ഗായിക ചിത്രയുമായി ആത്മബന്ധം സ്ഥാപിക്കാൻ സ്റ്റാർ സിംഗർ പരിപാടിയിലൂടെ കഴിഞ്ഞിരുന്നു. മഹാരാജാസിലെ മൂന്നാം വർഷ ബി.എ ഇംഗ്ളീഷ് വിദ്യാർത്ഥിനിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |