കോഴിക്കോട്: നേരത്തെ പൂത്തു കൊഴിഞ്ഞു തീരാറായ കണിക്കൊന്നയെ ഓർത്ത് നൊമ്പരപ്പെടേണ്ട, വിഷുക്കണിയൊരുക്കാൻ തണ്ടു നിറയെ ഇലകളും പൂക്കളുമായി പ്ലാസ്റ്റിക് കൊന്ന പൂക്കൾ ഇതാ വിപണിയിൽ റെഡി!. പ്ലാസ്റ്റിക്കിലും തുണിയിലും തീർത്ത നിറം മങ്ങാതെ വർഷങ്ങളോളം സൂക്ഷിക്കാൻ കഴിയുന്ന കൊന്നപ്പൂക്കളാണ് വിപണിയിൽ നിരന്നിരിക്കുന്നത്. ഇലയും തണ്ടും അടങ്ങിയ പൂങ്കുലയ്ക്ക് 45 രൂപയാണ് വില. പൂക്കളും മൊട്ടുകളും നിറഞ്ഞ് ഒറിജിനലിനെ വെല്ലുന്നതാണ് പ്ലാസ്റ്റിക് പൂക്കൾ. പൂക്കൾ വാടി കൊഴിയില്ലെന്നതിനാലും കണിയൊരുക്കിയശേഷം വീടിന് അലങ്കാരമായി വയ്ക്കാൻ കഴിയുന്നതിനാലും പ്ലാസ്റ്റിക് കൊന്നപ്പൂക്കൾക്ക് ആവശ്യക്കാർ ഏറെയാണ്. കഴുകി വീണ്ടും ഉപയോഗിക്കാമെന്ന സൗകര്യവുമുണ്ട്.
. ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിലെ മൊത്ത വ്യാപാര വിപണിയിൽ നിന്നാണ് പൂക്കളെത്തുന്നത്. കടും മഞ്ഞ നിറത്തിലും ഇളം മഞ്ഞ നിറത്തിലുമുള്ള കണിക്കൊന്നയ്ക്കാണ് ആവശ്യക്കാരെറെ. വെള്ള, ചുവപ്പ്, വയലറ്റ്, റോസ് നിറത്തിലും പൂക്കൾ ലഭ്യമാണ്. ഇവയ്ക്ക് 40 രൂപയാണ് വില. കഴിഞ്ഞ വർഷം പ്ലാസ്റ്റിക് കൊന്നപ്പൂക്കൾ വിപണിയിൽ എത്തിയിരുന്നെങ്കിൽ ആവശ്യക്കാർ കുറവായിരുന്നു. എന്നാൽ ഇത്തവണ ഷോപ്പുകളിലേക്കും വീടുകളിലേക്കും വാങ്ങാനെത്തുന്നവർ കൂടുതലാണെന്ന് വ്യാപാരികൾ പറയുന്നു.
കൊന്നപ്പൂവിന് ഒരുപിടിക്ക് 50 മുതൽ നൂറുരൂപവരെയാണ് വില. എന്നാൽ ഇവ വേണ്ടത്ര കിട്ടാനുമില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി കാലംതെറ്റിയാണ് കണിക്കൊന്നകൾ പൂക്കുന്നത്. ഈ വർഷവും സ്ഥിതി വ്യത്യസ്തമല്ല. വേനൽ മഴ പെയ്തതോടെ കൊന്നപ്പൂക്കൾ കൊഴിഞ്ഞതാണ് ഇത്തവണ പ്ലാസ്റ്റിക് കൊന്നപ്പൂക്കൾക്ക് ആവശ്യക്കാർ ഏറിയതെന്ന് കച്ചവടക്കാർ പറയുന്നു. പൂക്കൾക്ക് പുറമെ കൃഷ്ണ വിഗ്രഹം, തിരുവുടയാട, മഞ്ചാടിക്കുരു, കുന്നിക്കുരു, മയിൽപ്പീലി എന്നിവ വാങ്ങാനും ധാരാളംപേർ എത്തുന്നുണ്ട്.
@ ഉണ്ണിക്കണ്ണൻമാർ റെഡി
മലയാളിയ്ക്ക് കണി കണ്ടുണരാൻ പതിവ് തെറ്റിക്കാതെ കൃഷ്ണ വിഗ്രഹങ്ങളും ഒരുങ്ങി. നീല, ചന്ദനം, പച്ച തുടങ്ങി വിവിധ വർണങ്ങളിലും വലുപ്പത്തിലുമുള്ള വിഗ്രഹങ്ങളാണ് പാതയോരത്തും മറ്റും നിരന്നിരിക്കുന്നത്. വർഷങ്ങളായി കൊയിലാണ്ടി പൂക്കാട് പാതയോരത്ത് താമസിച്ച് ശിൽപ്പ നിർമാണം നടത്തുന്ന രാജസ്ഥാൻ കുടുംബങ്ങളാണ് കൃഷ്ണ വിഗ്രഹങ്ങൾ ജില്ലയിലെ പല ഭാഗങ്ങളിലും വിൽപ്പന നടത്തുന്നത്. പാളയം, മിഠായിത്തെരുവ്, മുതലക്കുളം, മാനാഞ്ചിറ എന്നിവിടങ്ങളിലെല്ലാം കൃഷ്ണ വിഗ്രഹ വിപണി തകൃതിയാണ്. വിഷു അടുത്തെത്തിയതോടെ കൃഷ്ണ വിഗ്രഹങ്ങൾ വാങ്ങാൻ ആളുകളുടെ തിരക്കും ഏറിവരികയാണ്. ഒന്നരയടി മുതൽ മൂന്നടി വരെ ഉയരമുള്ളതാണ് വിഗ്രഹങ്ങൾ.120 രൂപ മുതൽ വിഗ്രഹങ്ങൾ ലഭ്യമാണ്. 150, 180, 350,450, 550 എന്നിങ്ങനെയാണ് വില. നീല, സിൽവർ തുടങ്ങിയ നിറങ്ങളിലുള്ള മൂന്നടിയോളം പൊക്കമുള്ള വിഗ്രഹങ്ങൾക്ക് 1000 രൂപയാണ്. കൃഷ്ണനും രാധയും ചേർന്നുള്ള വിഗ്രഹങ്ങൾ 200 രൂപ മുതൽ ലഭ്യമാണ്. നീല വർണത്തിലുള്ള കണ്ണനാണ് പ്രിയം കൂടുതലെങ്കിലും വർണ വ്യത്യാസമുള്ളവയ്ക്കും ആവശ്യക്കാരുണ്ട്. അച്ചുകളും പ്ലാസ്റ്റർ ഒഫ് പാരീസും വൈറ്റ് സിമന്റും ഉപയോഗിച്ചാണ് വിഗ്രഹങ്ങൾ തയ്യാറാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |