കോഴിക്കോട്: വിഷു, റംസാൻ ആഘോഷപ്പൊലിമ കെടുത്താൻ കൊവിഡ് പിടിമുറുക്കുമ്പോഴും കരുതൽ വിടാതെ ആഘോഷം അടിപൊളിയാക്കാനുറച്ച് മലയാളികൾ. ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ വൈറൽ പനിയുമായി എത്തുന്ന രോഗികളിൽ പലർക്കും കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടെങ്കിലും അതൊന്നും റംസാൻ, വിഷു ആഘോഷങ്ങൾക്ക് മങ്ങലേൽപ്പിച്ചിട്ടില്ല. കൊവിഡ് സ്ഥിരീകരിക്കുന്നവർ വീടുകളിൽ കഴിയാൻ തയ്യാറാവുന്നത് വിപണിയ്ക്ക് ആശ്വാസമായിട്ടുണ്ട്. കൊവിഡ് ജാഗ്രതാ നിർദ്ദേശമുള്ളതിനാൽ പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചെത്താൻ ആളുകൾ കാണിക്കുന്ന ജാഗ്രതയും വ്യാപനം തടയാൻ സഹായമായിട്ടുണ്ട്. ഒമിക്രോൺ വിഭാഗത്തിൽപ്പെടുന്ന വൈറസാണ് പടരുന്നത്. പനി , കഫം പറിഞ്ഞു പോകാത്ത ചുമ , മഞ്ഞ നിറത്തിലുള്ള കഫം, തൊണ്ടവേദനയും ശരീര വേദനയും ആഹാരം ഇറക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് ലക്ഷണങ്ങൾ. കൊവിഡ് കൂടുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പും ജാഗ്രതയിലാണ്. ജില്ലയിലെ എല്ലാ ആശുപത്രികളിലും പ്രത്യേക കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്.
@ മെഡിക്കൽ കോളേജിൽ പ്രത്യേക വാർഡ്
കൊവിഡ് എണ്ണം കൂടിയതോടെ മെഡിക്കൽ കോളേജ് സജ്ജം. പ്രത്യേക വാർഡുകൾ ആരംഭിച്ചു. എം.സി.എച്ചിൽ സാവിത്രി ബാബു ബ്ലോക്കിലെ 39ാം വാർഡാണ് കൊവിഡ് വാർഡാക്കിയത്. കാറ്റഗറി മൂന്നിലുള്ള ഗുരുതര രോഗികളെ മാത്രമാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. ഒന്ന്, രണ്ട് വിഭാഗത്തിലുള്ളവർക്ക് പ്രാഥമികാരോഗ്യ കേന്ദ്രം,താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ നൽകാനും ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് രോഗികളെ ചികിത്സിക്കുക. അടിയന്തര സാഹചര്യ നേരിടാൻ ഐ.സി.യു ,ഓക്സിജൻ നൽകാനുള്ള സംവിധാനങ്ങളെല്ലാം സജ്ജമാണെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
'' കൊവിഡിനെ പ്രതിരോധിക്കാൻ ശക്തമായ മുന്നൊരുക്കങ്ങളാണ് ജില്ലയിൽ നടക്കുന്നത്. ജില്ലയിലെ പ്രധാനപ്പെട്ട ആശുപത്രികളിൽ 6 മുതൽ 10 വരെ കിടക്കകൾ സജ്ജമാക്കാനുള്ള നിർദ്ദേശം കൊടുത്തിട്ടുണ്ട്. രോഗികളിൽ അസുഖം കൂടുതലുള്ള ഡി കാറ്റഗറിക്കാർക്ക് മെഡിക്കൽ കോളേജിലും മറ്റുള്ള എ, ബി കാറ്റഗറിയിലുള്ളവർക്ക് മറ്റ് ആശുപത്രികളിലും ചികിത്സ ഉറപ്പാക്കും. ''ഡി.എം.ഒ ദിനേശ് കുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |