കോഴിക്കോട്: സോണ്ടയെ കോഴിക്കോട് കേർപ്പറേഷന്റെ മാലിന്യ നിർമാർജന പ്രവൃത്തിയിൽനിന്ന് ഒഴിവാക്കിയില്ലെങ്കിൽ പ്രത്യക്ഷസമരപരിപാടികളിലേക്ക് നീങ്ങുമെന്ന് യു.ഡി.എഫ് കൗൺസിൽപാർട്ടി. ഞെളിയൻപറമ്പിൽ ബയോമൈനിംഗ് , ക്യാപ്പിംഗ് പ്രവൃത്തി ഏൽപ്പിച്ച സോണ്ട ഇൻഫ്രാടെക് കമ്പനിക്ക് അഞ്ചു തവണ കരാർ നീട്ടി നൽകിയിട്ടും പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആവരെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തി ഞെളിയൻപറമ്പിൽ നിന്നും പുറത്താക്കുകയാണ് വേണ്ടത്. പുതിയ കരാറുകാരെ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവൃത്തി ഏൽപ്പിക്കുകയും വേണം. അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികളിലേക്കും നിയമപരമായി നേരിടുന്നതിലേക്കും യു.ഡി.എഫ് പോകുമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രവൃത്തി 50 ശതമാനം പൂർത്തീകരിച്ചു എന്ന അവകാശവാദം വസ്തുതയ്ക്ക് നിരക്കുന്നതല്ല. അതുകൊണ്ടുതന്നെ 3 കോടി 74 ലക്ഷം രൂപ നൽകിയത് തിരിച്ചുപിടിക്കണം. കരാറിൽ വീഴ്ച വരുത്തിയതിന് 38 ലക്ഷം രൂപ പിഴ ഈടാക്കുകയും വേണം. മാത്രമല്ല മാലിന്യത്തിൽ നിന്ന് വൈദ്യുതി എന്ന പ്രധാന പദ്ധതിയുടെ കരാറിൽ നിന്ന് കെ.എസ്.ഐ.ഡി.സിയെയും സോണ്ടയെയും ഒഴിവാക്കണം. ഞെളിയൻപറമ്പിൽ 12.67 ഏക്കർ ഭൂമി ഇതുമായി ബന്ധപ്പെട്ട് കെ.എസ്.ഐ.ഡി.സിക്ക് കൈമാറിയ നടപടി റദ്ദാക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. നിസ്സാരമായ ബയോമൈനിംഗ്, ക്യാപ്പിംഗ് പ്രവൃത്തി പോലും നടത്താൻ കഴിയാത്ത സോണ്ട കമ്പനിക്കും കെ.എസ്.ഐ.ഡി.സിക്കും 250 കോടി രൂപയുടെ പ്രധാന കരാർ എങ്ങനെ നടപ്പാക്കാൻ കഴിയും. ബയോമൈനിംഗ് പൂർത്തീകരിച്ചു എന്നാണ് അവകാശവാദമെങ്കിൽ ബോദ്ധ്യപ്പെടുത്താൻ കോഴിക്കോട്ടെ മാദ്ധ്യമപ്രവർത്തകർക്ക് ഞെളിയംപറമ്പ് സന്ദർശിക്കാൻ അവസരം നൽകുമോ എന്ന് വെല്ലുവിളിക്കുകയുമാണ്. ഞെളിയൻ പറമ്പിലെ പ്രധാന ഗേറ്റ് അടച്ചുപൂട്ടി പ്രവേശനം നിഷേധിക്കുകയും ആളുകളിൽ നിന്നും വസ്തുതകൾ മറക്കുകയും ചെയ്യുന്ന കോർപ്പറേഷൻ നടപടി ദുരൂഹമാണ്. സോണ്ട കമ്പനിക്ക് ഇതുമായി ബന്ധപ്പെട്ട് മുൻകാല പരിചയമില്ല.
കരാറിൽ ഏർപ്പെട്ടത് 2019ൽ
2019 ഡിസംബർ 10നാണ് മാലിന്യം നീക്കം ചെയ്യാൻ സോണ്ട കമ്പനിയുമായി കോർപ്പറേഷൻ കരാറിൽ ഏർപ്പെട്ടത്. മാലിന്യം നീക്കം ചെയ്ത് ലഭിക്കുന്ന മണൽ 2.8 ഏക്കറിൽ പൂർണമായും നിരപ്പാക്കണം (ക്യാപ്പിംഗ് ) എന്നാണ് വ്യവസ്ഥ . എന്നാൽ പകുതിപോലും നടപ്പാക്കിയിട്ടില്ലെന്ന് സ്ഥലം സന്ദർശിച്ചപ്പോൾ ബോദ്ധ്യപ്പെട്ടു. മാലിന്യങ്ങൾ മലപോലെ അവിടെ കിടക്കുകയാണ്. സോൺ നമ്പർ 1 സോൺ 2 എന്നീ മേഖലകളിൽ നിന്ന് മാലിന്യം നീക്കിയതായി അവകാശപ്പെട്ടാണ് കമ്പനി 3.74 കോടി കൈപ്പറ്റിയത്. പ്രവൃത്തി ആരംഭിക്കും മുമ്പ് തന്നെ 1.95 കോടി വാങ്ങിയിരുന്നു. ആദ്യം പറഞ്ഞ ഭൂമിയിലെ ഒരേക്കറിൽ താഴെ പോലും ക്യാപ്പിംഗ് (നിരപ്പാക്കൽ) നടത്താൻ സോണ്ട കമ്പനിക്ക് കഴിഞ്ഞിട്ടില്ല. സോൺ 3 തൊട്ടിട്ടുമില്ല. കോർപ്പറേഷൻ എൻജിനീയറിംഗ് വിഭാഗം പകുതി കഴിഞ്ഞു എന്ന് അവകാശപ്പെടുന്നത് വസ്തുതയ്ക്ക് നിരക്കാത്തതാണ് . വിദഗ്ദ്ധ സമിതിയും എൻജിനീയറിംഗ് വിഭാഗവും കരാറുകാരന് കൂട്ടുനിൽക്കുകയാണ്. രാഷ്ട്രീയ സ്വാധീനമാണ് ഇതിന്റെ പിറകിലെന്ന് കണ്ടെത്താൻ പ്രയാസമില്ല. സംസ്ഥാനത്തെ പ്രമുഖ സി.പി.എം നേതാവിന്റെ മരുമകൻ നേതൃത്വം നൽകുന്ന സോണ്ട കമ്പനിക്ക് വഴിവിട്ട സഹായമാണ് കോർപ്പറേഷൻ അധികാരികൾ നൽകിവരുന്നതെന്നും നേതാക്കൾ ആരോപിച്ചു. യു.ഡി എഫ്. ലീഡർ കെ.സി.ശോഭിത, ഡപ്യൂട്ടി ലീഡർ കെ.മൊയ്തീൻകോയ, എസ്.കെ.അബൂബക്കർ, കെ.നിർമല എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |