ബാലുശ്ശേരി:ഔദ്യോഗിക ജീവിതത്തിലെന്ന പോലെ ജൈവ കൃഷിയിലും കർക്കശക്കാരനാണ് റിട്ട. എസ്.ഐ. കാരോൽ പത്മരാജൻ. തന്റെ 18-ാം വയസു മുതൽ കൃഷിയിൽ ഏർപ്പെട്ടിരുന്ന പത്മരാജൻ സർവീസിൽ നിന്ന് വിരമിച്ചതോടെ മുഴുവൻ സമയ കർഷകനായി മാറിയിരിക്കുകയാണ്. സ്വന്തം അദ്ധ്വാനം കൊണ്ട് ജൈവ കൃഷിയിൽ നൂറ് മേനി വിളയിച്ച് വിജയഗാഥ രചിച്ചിരിക്കുകയാണ് നാട്ടുകാർ മണിയേട്ടനെന്നും സഹപ്രവർത്തകർ പപ്പേട്ടനെന്നും വിളിച്ചു വരുന്ന ഈ അറുപത്തി രണ്ടുകാരൻ.
സർവീസിൽ നിന്ന് വിരമിച്ച 2016 മുതൽ രണ്ടര ഏക്കർ സ്ഥലത്താണ് ജൈവ കൃഷി നടത്തി വരുന്നത്.
ചേന, ചേമ്പ്, കാച്ചിൽ, മഞ്ഞൾ, ഇഞ്ചി, തക്കാളി, വെണ്ട, വഴുതിന, പച്ചമുളക്, പാവയ്ക്ക, സപ്പോട്ട, പാഷൻ ,
ഫ്രൂട്ട്, വിവിധയിനം ചീര എന്നിവയും ഔഷധ സസ്യങ്ങളും അലങ്കാര ചെടികളും കൃഷി ചെയ്തു വരുന്നു.രണ്ട് വർഷം
കൊണ്ട് കായ്ക്കുന്ന ഒട്ടു പ്ലാവായ വിയറ്റ്നാം ഏർലിയുടെ വൻ ശേഖരം തന്നെയുണ്ട്. 36 ഇനം തെച്ചികൾ,9 ഇനം തുളസി, 9 ഇനം ചീര എന്നിങ്ങനെ നീളുന്നു കൃഷി ചെയ്തു വരുന്നവ. കൂടാതെ ഡ്രാഗൺ ഫ്രൂട്ട്, വലിയ തോതിൽ കൃഷി ചെയ്തു വരുന്നു.
.നാടൻ കോഴികൾ,മുട്ടക്കോഴി (ബി.വി. 3) എന്നിവയും ഇദ്ദേഹത്തിന്റെ കൃഷിയിൽപ്പെടുന്നവയാണ്.ചാണകപ്പൊടി, ചകരിച്ചോർ, മണ്ണിര കമ്പോസ്റ്റ്, കോഴിവളം, എല്ല് പൊടി, വേപ്പിൻപിണ്ണാക്ക്, കുമ്മായം തുടങ്ങിയവയാണ് വളമായി ഉപയോഗിക്കുന്നത്.
1987 ൽ സർവ്വീസിൽ കയറിയ പത്മരാജൻ കോഴിക്കോട് സിറ്റി എസ്.ഐ ആയാണ് വിരമിച്ചത്.ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുന്ന കാലത്ത് സിനിമാ നടൻ ജോയ് മാത്യുവിന്റെ കൂടെ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്.
ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമായ പത്മരാജൻ ടീം വട്ടോളി വാട്ട്സ ആപ്പ് കൂട്ടായ്മയിലെ സജീവ പ്രവർത്തകനാണ്.
കർഷക ചങ്ങായി, ഗ്രീൻ വട്ടോളി ബസാർ, ചക്കക്കൂട്ടം പനങ്ങാടിന്റെ അഡ്മിൻ കൂടിയാണ്.
ജൈവ കൃഷി ചെയ്ത് വില്പന നടത്തിയാൽ മുടക്ക് മുതൽ കിട്ടില്ല. സർക്കാരും പഞ്ചായത്തും കൃഷിഭവനും
മുൻകൈ എടുത്ത് ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കണമെന്നും ഇവയ്ക്ക് പ്രത്യേക വില
നല്കിക്കൊണ്ടുള്ള മാർക്കറ്റ് ഉണ്ടാക്കണമെന്നും പത്മരാജൻ പറയുന്നു.പരേതരായ കിഴക്കേ വീട്ടിൽ കുഞ്ഞി നാരായണൻ നായരുടേയും കാരാൽ ദാക്ഷായണി അമ്മയുടേയും മകനാണ്.ഭാര്യ: ശ്രീലത (അദ്ധ്യാപിക അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ), മക്കൾ: ശ്രീലക്ഷ്മി (കാനഡ), ശ്രീധന്യ (ഐ.ഐ.ടി .പി. എച്ച് ഡി ചെന്നൈ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |