കോഴിക്കോട്: തീവ്രവാദത്തിന്റെ പേരുപറഞ്ഞ് മതങ്ങളെയും സമുദായങ്ങളെയും അടച്ചാക്ഷേപിക്കരുതെന്ന് എം.കെ. രാഘവൻ എം.പി. രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി ഡി.സി.സി. സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വമല്ല പ്രശ്‌നം, ഹിന്ദുത്വത്തിന്റെ മറപറ്റി ആർ.എസ്.എസും ബി.ജെ.പിയും ചെയ്യുന്ന കാര്യങ്ങളാണ് കുഴപ്പമുണ്ടാക്കുന്നത്. മുസ്ലീം തീവ്രവാദമെന്ന് പറയുന്നതും ശരിയല്ല. മതത്തിന്റെ മറപറ്റി ചിലർ ചെയ്യുന്ന കാര്യങ്ങൾക്ക് മതത്തെ അപകീർത്തിപ്പെടുത്തരുതെന്നും രാഘവൻ പറഞ്ഞു.
ദേശവ്യാപകമായി മതേതര പ്ലാറ്റ്ഫോം ഉയർന്നുവരണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുസ്ലീംലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് അബ്ദുൾ സമദ് സമദാനി എം.പി. പറഞ്ഞു. കർണാടകത്തിലെ സത്യപ്രതിജ്ഞയ്ക്ക് ചുരുങ്ങിയ ദിവസംകൊണ്ട് പ്രതിപക്ഷനേതാക്കളെയൊക്കെ എത്തിക്കാനുള്ള വിശാലമനസ്‌കത കോൺഗ്രസ് കാണിച്ചു. എല്ലാവരും ഒന്നിച്ചു നിന്നാൽ മതേതര ഇന്ത്യയെ വീണ്ടെടുക്കാമെന്ന സന്ദേശമാണിത്. ഈ കൂട്ടായ്മയിൽ എല്ലാ പാർട്ടികൾക്കും ഇടമുണ്ടാവും. എല്ലാവരും അവരവരുടെ ഇടം മനസിലാക്കണം. വല്ലാതെ ക്ഷയിച്ചുപോയെന്ന് മനസിലാക്കാനുള്ള വിവേകം ചില മതേതരപാർട്ടികൾക്കുണ്ടാവണം. ഇന്ത്യയിൽ അങ്ങോളമിങ്ങോളം സ്വാധീനമുള്ള രാഷ്ട്രീയപ്രസ്ഥാനം കോൺഗ്രസ് മാത്രമാണെന്നും സമദാനി പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഫാ. വിൻസന്റ് മോസസ്, കോൺഗ്രസ് നേതാക്കളായ എൻ.സുബ്രഹ്മണ്യൻ, കെ.ബാലനാരായണൻ, പി.എം.നിയാസ്, സത്യൻ കടിയങ്ങാട്, കെ.പി. ബാബു, കെ.രാമചന്ദ്രൻ, മഠത്തിൽ നാണു, കെ.എം.ഉമ്മർ, പ്രമോദ് കക്കട്ടിൽ, വിനോദ് പടനിലം തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |