കോഴിക്കോട്: വീരാളിപ്പട്ടുടുത്ത് ചായില്യമെഴുതി ആടയാഭരണമണിഞ്ഞ് എഴുന്നള്ളുന്ന തിറക്കോലങ്ങൾ വീണ്ടുമെത്തുമ്പോൾ ചേലിയയിലെ കരിയാട്ട് കുഞ്ഞിബാലന് പ്രായം ഒരു വിഷയമേ അല്ല. പതിനെട്ടുകാരന്റെ ചുറുചുറുക്കോടെ ഈ 84 കാരൻ ക്ഷേത്രമുറ്റത്തെത്തും. മുഖത്തെഴുത്തിനും ചമയമൊരുക്കാനും മുന്നിൽ നിൽക്കും.
മലബാറിൽ തീക്കുട്ടിച്ചാത്തൻ തിറ ആദ്യമായി കെട്ടിയാടിയ കുഞ്ഞി ബാലൻ ഇന്ന് വടക്കേ മലബാറിലെ തെയ്യക്കാരുടെ പ്രധാന ഗുരുവാണ്. കുഞ്ഞിബാലനെ തേടി കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന്റെ 2022 ലെ ഫോക്‌ലോർ അക്കാഡമി അവാർഡ് എത്തിയിരുന്നു. എഴുപത്തിയഞ്ചാം വയസിൽ തിറകെട്ടുന്നത് അവസാനിപ്പിച്ചെങ്കിലും തിറയാട്ടങ്ങളുടെ മുഖത്തെഴുത്തുമായി കാവുകളിൽ സജീവമായി.
അച്ഛൻ ശങ്കുണ്ണിയുടെ തെയ്യച്ചമയങ്ങൾ കണ്ട് വളർന്ന കുഞ്ഞിബാലൻ പതിനാറാം വയസിലാണ് ചേലിയ ആലങ്ങോട് ക്ഷേത്രത്തിൽ ഭഗവതിത്തിറയായി പകർന്നാടുന്നത്. തിറയുടെ കുലപതി കരിയാട്ട് ശങ്കുണ്ണി ഗുരുക്കൾ മകന്റെ മുഖത്ത് ആദ്യം ചായമിട്ടു. പരദേവത, ഭഗവതി, നാഗത്തിറ, വേട്ടക്കൊരുമകൻ എന്നിവയാണ് പ്രധാനമായി കെട്ടിയാടിയിരുന്നത്.
കോഴിക്കോടിന് പുറമെ കണ്ണൂരിലും പ്രധാന കാവുകളിലും അമ്പലങ്ങളിലും തിറ കെട്ടിയാടിയിട്ടുണ്ട്. തയ്യൽ തൊഴിലാളിയായ അദ്ദേഹം തെയ്യച്ചമയങ്ങളും ഒരുക്കിയിട്ടുണ്ട്. അമ്മുവാണ് ഭാര്യ. നാലു മക്കളിൽ ബിജു മരിച്ചു. മറ്റുമക്കളായ സതി, റീന, ഷാജു എന്നിവരാണ് ഇപ്പോൾ കൂട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |