SignIn
Kerala Kaumudi Online
Saturday, 27 July 2024 8.11 PM IST

കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി

mukhamkham
കോഴിക്കോട് ക്രിസ്ത്യൻ കോളേജ് മൈതാനത്ത് നടന്ന മുഖ്യമന്ത്രിയുമായി വിദ്യാർത്ഥികളുടെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കാനെത്തിയവർ.

കോഴിക്കോട്: കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ തുടർച്ചയായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇനിയും കൂടുതൽ മികവിലേക്ക് വിദ്യാഭ്യാസ സമ്പ്രദായം എത്തിക്കണം. ഉപരിപ്ലവമായ കേവല പരിഷ്‌കരണമല്ല, ഉന്നത വിദ്യാഭ്യാസമേഖലയെ കാലാനുസൃതമായി ഉടച്ചുവാർക്കുകയാണ് വേണ്ടത്. അത്തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടത്തുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ വിദ്യാർത്ഥികളുടെ ഗ്രോസ് എൻറോൾമെന്റ് റേഷ്യോയിൽ 10 ശതമാനം നേട്ടമുണ്ടാക്കിയ കേരളത്തിന്റെ ഗേൾസ് എൻറോൾമെന്റ് റേഷ്യോ 50 ശതമാനമാണ്. എന്നാൽ മികവിന്റെയും ഗുണമേന്മയുടെയും കാര്യത്തിൽ ഈ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായങ്ങളും സമൂഹവും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കണം. തൊഴിൽ നേടുക എന്നതിനപ്പുറം തൊഴിൽ ദാതാക്കളായി മാറുകയെന്ന ചിന്ത വിദ്യാർത്ഥികളിൽ വളരണം. ഓരോ വിഷയത്തിലുള്ള അറിവ് പോര, അറിവ് സമൂഹവുമായി അധികാരവുമായി എങ്ങനെ ബന്ധപ്പെടുന്നുവെന്ന് അറിയണം. അറിവിന്റെ രാഷ്ട്രീയം മനസിലാക്കണം. പാഠ്യേതരവിഷയത്തിനപ്പുറം നിന്ന് വിദ്യാർത്ഥികൾ ചിന്തിക്കേണ്ടതായുണ്ട്. അടിസ്ഥാന ശാസ്ത്രബോധവും മാനവിക മൂല്യമുള്ള തലമുറയ്ക്ക് മാത്രമേ വിദ്വേഷ രഹിതമായ നവകേരളം സൃഷ്ടിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ആശയങ്ങൾ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി എ മുഹമ്മദ്‌ റിയാസ്, എ കെ ശശീന്ദ്രൻ, എളമരം കരീം എം.പി, എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, വൈസ് ചാൻസലർമാരായ പ്രൊഫ എം കെ ജയരാജ്, പ്രൊഫ സജി ഗോപിനാഥ്, പ്രൊഫ എം വി നാരായണൻ, പ്രൊഫ പി ജി ശങ്കരൻ, പി എം മുബാറക് പാഷ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫ ജിജു പി അലക്സ്, സംസ്ഥാന വിദ്യാഭ്യാസ ഉപദേശക ബോർഡ് ചെയർമാൻ ഡോ.ജെ പ്രസാദ്, പ്രൊഫ കെ ഫാത്തിമത്ത് സുഹ്‌റ, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ സുധീർ, ഡോ എം എസ് രാജശ്രീ എന്നിവർ പങ്കെടുത്തു. ചീഫ് സെക്രട്ടറി ഡോ.വി വേണു സ്വാഗതവും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് നന്ദിയും പറഞ്ഞു.

മുഖാമുഖം ശ്രദ്ധേയം, മുഖ്യമന്ത്രിയുമായി സംവദിച്ച് കുട്ടികൾ


കോഴിക്കോട്: നവകേരള സദസിന്റെ തുടർച്ചയായുള്ള മുഖ്യമന്ത്രിയുമായി വിദ്യാർത്ഥികളുടെ മുഖാമുഖം പരിപാടി അറിവ് കൊണ്ട് ശ്രദ്ധേയമായി. വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ഇടപെടൽ, സ്വകാര്യ മേഖലയുടെ ഇടപെടലുകൾ, സാമൂഹിക വിവേചനം, കോളേജുകളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ, തൊഴിലവസരങ്ങൾ, സംഘടനാസ്വാതന്ത്ര്യം, ഇ ഗ്രാന്റ്, ഗവേഷക സ്‌കോളർഷിപ്പ്, ലിംഗ സമത്വം, ലൈംഗിക വിദ്യാഭ്യാസം സിലബസിൽ ഉൾപ്പെടുത്തൽ, ആരോഗ്യമേഖലയിലെ സിലബസ് പരിഷ്‌കരണം തുടങ്ങി വിവിധ വിഷയങ്ങൾ വിദ്യാർത്ഥികൾ ഉന്നയിച്ചു. വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ, പാഠ്യപാഠ്യേതര മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾ , വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾ തുടങ്ങിയവരാണ് മുഖാമുഖത്തിൽ പങ്കെടുത്തത്. 2000 ലധികം വിദ്യാർത്ഥികൾ പങ്കെടുത്ത മുഖാമുഖത്തിൽ പകുതിയിലേറെ പേർ വിദ്യാർത്ഥിനികളായിരുന്നു. പരിപാടിയിൽ 60 വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുമായി നേരിൽ സംവദിച്ചു. അവസരം ലഭിക്കാത്തവർക്ക് കാര്യങ്ങൾ എഴുതി നൽകാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു.

@ കുറയാതെ ഭാഷാപ്രാധാന്യം

ഭാഷ, മാനവിക വിഷയങ്ങളുടെ പ്രാധാന്യം കുറയുമോ എന്ന ആശങ്ക ആവശ്യമില്ലെന്നും ഇത്തരത്തിലുള്ള പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാള ഭാഷയുടെ വൈജ്ഞാനിക പദവി ഉയർത്തുന്നതിനും സാഹിത്യ സാംസ്‌കാരിക സംഭാവനകളെ നവേത്ഥാന മൂല്യങ്ങളുടെയും കാഴ്ചപ്പാടുകളുടെയും പ്രചരിപ്പിക്കുന്നതിന് വിവിധങ്ങളായ പദ്ധതികളാണ് നടപ്പാക്കി വരുന്നത്.

@ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാരിയർ ഫ്രീയാക്കും

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദവും ലിംഗ നീതി അധിഷ്ഠിതമാക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാരിയർ ഫ്രീയായി മാറേണ്ടതുണ്ട്. പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങൾ അത്തരത്തിലുള്ളതാണ്. കാഴ്ച പരിമിതി അഭിമുഖീകരിക്കുന്നവർക്കായി ടോക്കിംഗ് ബുക്ക് ലൈബ്രറികൾ, ഓഡിയോ ടെക്സ്റ്റുകൾ, സ്‌ക്രീൻ റീഡറുകൾ മുതലായ സൗകര്യങ്ങൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭാഗമാകേണ്ടതുണ്ട്. അദ്ധ്യാപക പരിശീലന കോഴ്‌സുകളെ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതുണ്ട്. കാഴ്ചപരിമിതിയുള്ള വിദ്യാർത്ഥിനി ആര്യ പ്രകാശിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

@ പാർശ്വവത്ക്കരിക്കപ്പെട്ടവരെ ചേർത്തു നിർത്തും

പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെട്ടവർ, സാമൂഹ്യമായും സാമ്പത്തികമായും പിൻപന്തിയിൽ നിൽക്കുന്നവർ എന്നിവരുടെയെല്ലാം വിദ്യാഭ്യാസ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് നിരവധിയായ നിർദേശങ്ങൾ വന്നിട്ടുണ്ട്. പഠിക്കുന്ന കാമ്പസുകളിൽ ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങൾ പ്രത്യേകമായി പരിഗണിക്കുകയും സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യും.

@ ഏകീകൃത അക്കാദമിക കലണ്ടർ വികസിപ്പിക്കും
കേരളത്തിലെ മുഴുവൻ കലാലയങ്ങൾക്കുമായി ഏകീകൃത അക്കാദമിക കലണ്ടർ വികസിപ്പിക്കും. ഇതിലൂടെ പരീക്ഷ, മൂല്യനിർണയം, ഫല പ്രഖ്യാപനം എന്നിവയിലെല്ലാമുണ്ടായേക്കാവുന്ന കാലതാമസം ഒഴിവാക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.