സുൽത്താൻ ബത്തേരി: കഴിഞ്ഞ ദിവസം പശുവിനെ പിടികൂടിയ കേണിച്ചിറ എടക്കാട് പ്രദേശത്ത് കടുവ മൂന്ന് പശുക്കളെക്കൂടി പിടികൂടി. കടുവയെ മയക്കുവെടിവച്ച് പിടികൂടണമെന്ന ആവശ്യവുമായി ചത്ത പശുവിന്റെ ജഡവുമായി ഇന്നലെ സർവകക്ഷി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേണിച്ചിറയിൽ റോഡ് ഉപരോധിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ ശനിയാഴ്ച രാത്രി പത്ത് മണിയോട്കൂടിയാണ് തൊഴുത്തിൽ കെട്ടിയിരുന്ന കിഴക്കേൽ സാബുവിന്റെ പശുവിനെ പിടികൂടി കൊന്നത്. പുലർച്ചെ മൂന്നരയോടെ കേണിച്ചിറ പള്ളിത്താഴ മാളിയേക്കൽ ബെന്നിയുടെ രണ്ട് പശുക്കളെയും ആക്രമിച്ച് കൊന്നു. വ്യാഴാഴ്ച കർഷകനായ വർഗീസിന്റെ പശുവിനെ കടുവ ആക്രമിച്ച് കൊന്നിരുന്നു. ഇതോടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുക്കളുടെ എണ്ണം നാലായി. വർഗീസിന്റെ പശുവിനെ മേയ്ക്കാനായി വിട്ട സ്ഥലത്ത് നിന്നാണ് കടുവ പിടികൂടിയതെങ്കിൽ മറ്റ് മൂന്ന് പശുക്കളെയും തൊഴുത്തിൽ നിന്നാണ് പിടികൂടിയത്.
കഴിഞ്ഞ വ്യാഴാഴ്ച മുതൽ പകൽ സമയങ്ങളിൽ പോലും കടുവയുടെ സാന്നിദ്ധ്യം എടക്കാട് പ്രദേശത്ത് കണ്ടതോടെ ജനങ്ങൾ കടുത്ത ഭീതിയിലായിരുന്നു. നേരത്തെ കടുവയുടെ സാന്നിദ്ധ്യം കണ്ട പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും കൂടിനകത്ത് കയറാതെ കർഷകരുടെ വളർത്തുമൃഗങ്ങളെ കൊന്ന് തിന്ന് പ്രദേശത്ത് തന്നെ വിഹരിക്കുകയാണ്. അതിനിടെയാണ് അഞ്ച് മണിക്കൂറിനുള്ളിൽ മൂന്ന് പശുക്കളെകൂടി പിടികൂടിയത്. കടുവ പശുക്കളെ കൊന്നതോടെ രോഷാകുലരായ ജനങ്ങൾ പശുവിന്റെ ജഡവുമായി റോഡ് ഉപരോധിച്ചു. സുൽത്താൻ ബത്തേരി -മാനന്തവാടി റോഡിൽ കേണിച്ചിറ -പൂതാടി കവലയിലായിരുന്നു ഉപരോധം. ശല്യക്കാരനായ കടുവയെ മടക്കുവെടിവെച്ച് പിടികൂടുക, ചത്തപശുവിന്റെയും പരിക്ക് പറ്റിയ വളർത്തുമൃഗങ്ങളുടെയും ഉടമകൾക്കും അടിയന്തര സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സർവകക്ഷി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധം. രാവിലെ 9 മണിക്ക് തുടങ്ങിയ ഉപരോധ സമരം ഒന്നര മണിക്കൂറോളം നീണ്ടു. എ.സി.എഫ് രൻജിത്തിന്റെ നേതൃത്വത്തിൽ വനപാലകരും സർവകക്ഷി നേതാക്കളും പൊലീസും ചേർന്ന് നടത്തിയ ചർച്ചയിലാണ് സമരം താത്ക്കാലികമായി നിർത്തിവച്ചത്. പശുക്കളെ നഷ്ടപ്പെട്ട ഉടമകൾക്ക് നഷ്ടപരിഹാര തുകയുടെ അഡ്വാൻസായി 30000 രൂപ ഉടൻ നൽകാനും ബാക്കി തുക പശുവിന്റെ വില ഡോക്ടർ തീരുമാനിക്കുന്നതിനനുസരിച്ച് നൽകും. കടുവ കൂട്ടിൽ കയറാത്ത സ്ഥിതിക്ക് മയക്കുവെടിവെടിവെച്ച് പിടികൂടുന്നതിന് വേണ്ടി ഉടൻ തന്നെ റിപ്പോർട്ട് പി.സി.സി.എഫിന് അയക്കും. കടുവയെ പിടികൂടുന്നതിനുള്ള ഓപ്പറേഷനായി ആർ.ആർടി ടീമിനെ പ്രദേശത്ത് സജ്ജമാക്കും. തുടങ്ങിയ തീരുമാനങ്ങൾ ചർച്ചയിലുണ്ടായതോടെയാണ് ആക്ഷൻ കമ്മിറ്റി ഉപരോധ സമരം പിൻവലിച്ചത്.
കടുവയെ മയക്കുവെടിവച്ച്
പിടികൂടാൻ ഉത്തരവ്
സുൽത്താൻ ബത്തേരി: കേണിച്ചിറ എടക്കാട് ഭീതി പരത്തിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവായി. കടുവയെ പിടികൂടുന്നതിനായി സ്ഥാപിച്ച കൂട്ടിൽ ഇവ കയറിയില്ലെങ്കിൽ മാത്രമേ മയക്കുവെടി വച്ച് പിടികൂടാവു എന്നാണ് ഉത്തരവിൽ പറയുന്നത്. ഉത്തരവിറങ്ങിയ പശ്ചാത്തലത്തിൽ മയക്കുവെടി വയ്ക്കുന്നതിനും നിരീക്ഷണം നടത്തുന്നതിനുമായി ആർ.ആർ.ടി. സംഘം സ്ഥലത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |