കോഴിക്കോട്: ക്രിസ്മസ് പുതുവത്സര ആഘോഷകാലത്ത് കണ്ണിനും മനസിനും കുളിർയേകി മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ പൂക്കളുടെ നിറവസന്തം വിരിയിച്ച വസന്തോത്സവത്തിന് തുടക്കമായി. രണ്ടുലക്ഷത്തിലേറെയുള്ള പൂച്ചെടികളുടെ വിപുലമായ ശേഖരമാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. ബോട്ടാണിക്കൽ ഗാർഡന്റെ പ്രവേശനകവാടം മുതൽ അവസാന പോയിന്റ്വരെ രണ്ടുകിലോമീറ്ററോളം വാക്ക്വേയിലാണ് പൂക്കൾ ഒരുക്കിയിട്ടുള്ളത്. ഗാർഡനിലുള്ള ചെടികൾക്ക് പുറമേയാണിത്. ഫെസ്റ്റ് ഇന്ന് വൈകിട്ട് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
ഫെസ്റ്റിവലിന്റെ ഭാഗമായി ശിൽപ്പശാലകൾ, ഫോട്ടോ പ്രദർശനം, വിദ്യാർഥികൾക്കുള്ള മത്സരം, ഭക്ഷ്യമേള, പ്രദർശനങ്ങൾ, കലാകാരന്മാർ ഒരുക്കുന്ന കലാപരിപാടികളുമുണ്ട്. സിക്കിമിലെ ദേശീയ ഓർക്കിഡ് ഗവേഷണ കേന്ദ്രം, ഔഷധി, അടയ്ക്ക സുഗന്ധവിള വികസന ഡയറക്ടറേറ്റ് എന്നിവയുടെ പ്രദർശന സ്റ്റാളുകളും ചെടികൾ വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് 12 മണി മുതൽ രാത്രി 8.30 വരെയാണ് പ്രവേശനം. 60രൂപ പ്രവേശന ഫീസ്. മേള 29 ന് അവസാനിക്കും. വാർത്താസമ്മേളനത്തിൽ ഡോ.എൻ.എസ് പ്രദീപ്, ഡോ.എം സാബു, ഡോ.വി.എസ് ഹരീഷ്, ഡോ.കെ.എം മഞ്ജുള, ഡോ. എ.വി രഘു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |