8 ദിവസം, 3220 രോഗികൾ
കോഴിക്കോട്: ഇടവിട്ടെത്തുന്നതോടെ മഞ്ഞും വെയിലും ജില്ലയിൽ പ്രതിദിന പനിബാധിതരുടെ എണ്ണത്തിലും കുതിപ്പ്. ഈ വർഷം ആറു വരെ 3220 പേരാണ് പനി ബാധിതരായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. സർക്കാർ ആശുപത്രികളിൽ ദിനംപ്രതിയെത്തുന്ന രോഗികളുടെ എണ്ണം ആയിരത്തിലധികം ആയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും ഡിസ്പെൻസറികളിലും രോഗികൾ ചികിത്സ തേടി എത്തുന്നുണ്ട്. ശക്തമായ പനി, ശരീരവേദന, ജലദോഷം, കഫക്കെട്ട് തുടങ്ങിയ ലക്ഷണങ്ങളുമായാണ് പലരും ആശുപത്രികളിലെത്തുന്നത്. ഇതിൽ പലർക്കും വെെറൽ പനിയാണ് . പനി മാറിയാലും ചുമയും കഫക്കെട്ടും കുറവില്ലാതെ തുടരുന്നുണ്ട്. കുട്ടികൾക്കിടയിലും പനി വ്യാപകമാണ്. കാലാവസ്ഥാ വ്യതിയാനമാണ് പനി പടരാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. പനി ബാധിതർ നിരവധി തവണ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ടെങ്കിലും ദിവസങ്ങൾക്ക് ശേഷവും പലരും രോഗമുക്തരായിട്ടില്ല. എച്ച്.എം.പി.വി വൈറസ് പനി പടരുന്ന സാഹചര്യത്തിൽ പനി ബാധിച്ചാൽ സ്വയം ചികിത്സ ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും ഉയരുന്നുണ്ട്. ഇതുവരെ 12 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളുമായി നിരവധി പേരാണെത്തുന്നത്.മഞ്ഞപ്പിത്ത വ്യാപനത്തിനും കുറവില്ല. 35 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പനിയെ തുടർന്ന് ജില്ലയിലെ ആശുപത്രികളിൽ വലിയ തിരക്കും അനുഭവപ്പെടുന്നു. പലയിടങ്ങളിലും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ രാത്രി വൈകുവോളം കാത്തിരിക്കേണ്ട ദുരവസ്ഥയിലാണ് രോഗികൾ. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള കുടുംബാരോഗ്യകേന്ദ്രങ്ങളുടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും അവസ്ഥ ഇതുതന്നെ.
പനിബാധിതർ - 3220
ഡെങ്കിപ്പനി - 12
മഞ്ഞപ്പിത്തം - 35
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |