കോഴിക്കോട്: ആരോഗ്യ, വിനോദസഞ്ചാര, തുറമുഖ, വ്യവസായ മേഖലകളിൽ കാര്യമായ പരിഗണനയില്ല,കേന്ദ്ര ബഡ്ജറ്റിൽ കോഴിക്കോട് ജില്ലയ്ക്ക് പൊതുവെ നിരാശ. ഒരു പതിറ്റാണ്ടിലേറെയായി കേരളം കാത്തിരുന്ന എയിംസ് കിനാലൂരിൽ ഇത്തവണയും പ്രഖ്യാപിക്കാതിരുന്നതും വൻ തിരിച്ചടിയായി. ലൈറ്റ് മെട്രോ, കോഴിക്കോട് മെെസൂരു ഗ്രീൻ ഫീൽഡ് ഹെെവേ, ബേപ്പൂർ തുറമുഖം, വിമാനത്താവളം,മെഡിക്കൽ കോളേജ്,കോഴിക്കോട് റെയിൽവേ സ്റ്റേഷൻ തുടർ വികസന പാക്കേജ് തുടങ്ങിയ പദ്ധതികളും പരിഗണിക്കപ്പെട്ടില്ല.
കടുത്ത നിരാശ സമ്മാനിച്ചത് എയിംസാണ്. സംസ്ഥാന സർക്കാർ ബാലുശ്ശേരി കിനാലൂരിൽ പദ്ധതിയ്ക്കായി സ്ഥലം കണ്ടെത്തിയിട്ട് വർഷങ്ങളായി. കഴിഞ്ഞ തവണത്തെ ബഡ്ജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്നെങ്കിലും അവസാനം കൈവിട്ടു. 2014 ജൂലൈ 10നാണ് അന്നത്തെ ധനമന്ത്രി അരുൺ ജെറ്റ്ലി ലോക്സഭയിൽ കേരളത്തിന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ പത്ത് വർഷം കഴിഞ്ഞിട്ടും എയിംസ് സ്വപ്നത്തെ യാഥാർഥ്യമാക്കാൻ കേന്ദ്രസർക്കാർ കനിഞ്ഞില്ല. എയിംസിനായി 200 ഏക്കർ സ്ഥലമാണ് സംസ്ഥാന സർക്കാർ കിനാലൂരിൽ വാഗ്ദാനം ചെയ്തത്. ഇതിൽ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ ( കെ.എസ്.ഐ.ഡി.സി ) കൈവശമുള്ള 150 ഏക്കർ ഭൂമി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. ഭാവി വികസനം കൂടി കണക്കിലെടുത്ത് 250 ഏക്കർ ഭൂമിയാണ് സംസ്ഥാനം ഇവിടെ സജ്ജമാക്കുന്നത്. ഇതിനായി 100 ഏക്കർ സ്വകാര്യ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
കോഴിക്കോട് മൈസൂരു ഗീൻഫീൽഡ് ഹൈവേ, റെയിൽവേ സ്റ്റേഷൻ തുറമുഖ വികസനം എന്നിവയുടെ കാര്യത്തിലും കേന്ദ്രം കനിഞ്ഞിട്ടില്ല. കോഴിക്കോട് മൈസൂരു ഗീൻഫീൽഡ് ഹൈവേ ജില്ലയിലെ രണ്ട് എം.പിമാരും ശുപാർശ ചെയ്ത പദ്ധതിയാണ്. പുറക്കാട്ടരിയിൽ നിന്നും ആരംഭിച്ച് കായണ്ണ കുട്ട വഴി മൈസുരുവിലേക്ക് എത്തുന്ന ഈ ദേശീയ പാത പദ്ധതി മുൻപേ പ്രഖ്യാപിച്ചതാണ്. ബേപ്പൂർ തുറമുഖത്തിന് ആഴം കൂട്ടലും അനുബന്ധ വികസനങ്ങളും കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ നീളം കൂട്ടലും കൂടുതൽ രാജ്യന്തര സർവീസുകൾ ഇവിടെ ആരംഭിക്കലും പ്രതീക്ഷയർപ്പിച്ച പദ്ധതികളായിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വികസനം വേഗത്തിലാക്കൽ, വെസ്റ്റ്ഹിൽ പിറ്റ്ലൈൻ നിർമ്മിക്കൽ, കൊയിലാണ്ടി, തിക്കൊടി, ചോമ്പാല ഫിഷിംഗ് ഹാർബർ വികസനം, കോഴിക്കോട് മെഡിക്കൽ കോളേജിന് പദ്ധതികൾ എന്നിവയെല്ലാം കോഴിക്കോട് കാത്തിരുന്ന പദ്ധതികളായിരുന്നു.
2014 ൽ പ്രഖ്യാപിച്ച പദ്ധതി
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ മാത്രം; എം.കെ രാഘവൻ എം.പി
കോഴിക്കോട്: ബഡ്ജറ്റിൽ കേരളത്തിന്റെ ആവശ്യങ്ങളെ എന്നത്തേയും പോലെ കേന്ദ്രസർക്കാർ നിരാകരിച്ചു. രാഘവൻ എം.പി. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ട് ബിഹാറിനായി പ്രത്യേക പ്രഖ്യാപനങ്ങൾ ഉണ്ടായപ്പോൾ ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇടത്തരക്കാരുടെ വരുമാന നികുതിയിളവ് പ്രഖ്യാപിക്കുകയാണുണ്ടായത്. എന്നാൽ പ്രകൃതി ദുരന്തത്തെ തുടർന്ന് നാമാവശേഷമായ വയനാട്ടിലെ മുണ്ടക്കൈ പുനരധിവാസത്തോട് കേന്ദ്ര സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിച്ചു. എയിംസ് എന്ന കേരളത്തിന്റെ ചിരകാല ആവശ്യത്തിന് ഈ ബഡ്ജറ്റിലും പരാമർശമൊന്നുമില്ല. റെയിൽവേ വികസനത്തിനായി അനുകൂല പ്രഖ്യാപനങ്ങൾ ഒന്നുമില്ല. ലാഭകരമായി പ്രവർത്തിക്കുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള വികസനത്തോട് സർക്കാർ മുഖം തിരിച്ചു. റബർ ഉൾപ്പെടെയുള്ള കേരളത്തിന്റെ കാർഷിക മേഖല കേന്ദ്ര ബജറ്റിൽ പൂർണമായും തിരസ്കരിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ജനക്ഷേമ ബഡ്ജറ്റിന്മലയാളികളുടെ നന്ദി: എം.ടി രമേശ് (ബി.ജെ.പി.സംസ്ഥാന ജന സെക്രട്ടറി)
കോഴിക്കോട്: അടിസ്ഥാനവർഗത്തിന്റെ ഉന്നമനത്തിനൊപ്പം ജനസംഖ്യയിലെ വലിയൊരു ശതമാനം വരുന്ന മധ്യവർഗത്തിന്റെ താത്പര്യങ്ങൾ കൂടി സംരക്ഷിയ്ക്കുന്ന സമഗ്രമായ ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിർമല സീതാരാമന് മൂന്നരക്കോടി മലയാളികളുടെയും നന്ദിയുണ്ടാകും. കർഷകർക്കും ചെറുകിട വ്യവസായികൾക്കും ഏറെ സഹായകരമാകുന്ന സാമ്പത്തിക സഹായം ഉൾപ്പെടെ നിരവധി പദ്ധതികളുണ്ട്. ക്ഷേമപദ്ധതികൾക്കൊപ്പം അടിസ്ഥാന സൗകര്യവികസനത്തിനും ഊന്നൽ നൽകുന്നതാണ് ബഡ്ജറ്റ്.
കേന്ദ്ര ബഡ്ജറ്റ് സ്വാഗതാർഹം: എം.ഡി. സി.
കോഴിക്കോട്: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച എട്ടാ മത്തെ ബഡ്ജറ്റ് ഇടത്തര ചെറുകിട വ്യാപാര, കർഷക, വിദ്യഭ്യാസ, ആരോഗ്യ, നിർമാണ,ടൂറിസം മേഖലകൾക്കെല്ലാം ഗുണകരമാണെന്ന് മലബാർ ഡെവലപ്പ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ സംഘടനകളുടെ സംയുക്ത ബഡ്ജറ്റ് അവനോലോകന യോഗം വിലയിരുത്തി. പ്രതീക്ഷിച്ചതിലപ്പുറമുള്ള ആദായ നികുതി ഇളവ് യോഗം സ്വാഗതം ചെയ്തു. ബീഹാറിന് വാരിക്കോരി പ്രഖ്യാപിച്ചപ്പോൾ കേരളത്തിനെ അവഗണിച്ചതിൽ യോഗം അതൃപ്തി രേഖപ്പെടുത്തി. നികുതി ഘടന മാറ്റവും അവശ്യ മരുന്ന് നികുതി ഇളവും മുതിർന്നവർക്കുള്ള പരിഗണനയും യോഗം സ്വാഗതം ചെയ്തു. സംസ്ഥാനത്തെ റെയിൽ വികസനത്തിന് കൂടുതൽ പദ്ധതികളും തീവണ്ടികളും ഉണ്ടാകുമെന്ന് യോഗം പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു.
കേന്ദ്ര ബഡ്ജറ്റ്: സ്വാഗതം മലബാർ ചേംബർ ഓഫ് കൊമേഴ്സ്
കോഴിക്കോട്: നികുതി പരിഷ്കാരങ്ങൾ, ബിസിനസ് സൗഹൃദ നയങ്ങൾ,തന്ത്രപരമായ നിക്ഷേപങ്ങൾ, എന്നിവയിലൂടെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ഒരു പുരോഗമനപരമായ രൂപരേഖ തയ്യാറാക്കുന്ന, 2025-26 ലെ കേന്ദ്ര ബഡ്ജറ്റിനെ മലബാർ ചേംബർ ഓഫ് കൊമേഴ്സ് സ്വാഗതം ചെയ്യുന്നുവെന്ന് ചേംബർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഗ്ലോബൽ കപ്പാസിറ്റി സെന്ററുകൾ (ജി.സി.സി) കൾക്കായി, പ്രത്യേകിച്ച് ടയർ രണ്ട് നഗരങ്ങളിൽ, ഒരു ദേശീയ മാർഗ്ഗനിർദ്ദേശ ചട്ടക്കൂട് അവതരിപ്പിക്കുക എന്നതാണ് ഈ വർഷത്തെ ബജറ്റിന്റെ ഒരു പ്രധാന ആകർഷണമെന്നും മലബാർ ചേംബർ അഭിപ്രായപ്പെട്ടു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |