കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപത്തെ ആനക്കുളത്തേയ്ക്ക് ഇടുങ്ങിയ വഴിയിലൂടെ പാൽ വാങ്ങാൻ മാത്രമാണ് പണ്ട് ആളുകൾ പോയിരുന്നത്. എരുമകളെ വളർത്തി പാൽ വിറ്റിരുന്ന ധാരാളം കുടുംബങ്ങൾ അന്നവിടെ ജീവിച്ചിരുന്നു. ആഴമുള്ള കുളം നികത്തി കോർപ്പറേഷൻ സാംസ്കാരിക നിലയം പണിതതോടെ റോഡ് വന്നു. പരിമിതമാണെങ്കിലും പാർക്കിംഗ് സൗകര്യമായി. എന്നിട്ടും ആനക്കുളം സാംസ്കാരിക നിലയം ആർക്കും വേണ്ട !. കെട്ടിടം മനോഹരമാണ്. സാംസ്കാരിക നിലയത്തിലേക്ക് വന്ന വാഹനങ്ങളൊന്നും അവിടെ കണ്ടില്ല. എന്തെങ്കിലും പരിപാടിയുണ്ടെങ്കിലല്ലേ വാഹനങ്ങളെത്തൂ!. മുൻവശത്തെ പടിപ്പുരവാതിൽ പകുതി തുറന്നിട്ടുണ്ട്. അകത്തു കയറിയാൽ ചെറുമുറ്റം. സെക്യൂരിറ്റിയും ഒരു സ്വീപ്പറുമുണ്ട്. ഹാളും ഓഡിറ്റോറിയവുമൊക്കെ കണ്ടാൽ സ്വീപ്പർ ഇല്ലെന്നാണ് തോന്നുക.
പൊതുപരിപാടികൾക്ക് നിലയം അനുവദിക്കാറുണ്ടെന്നാണ് കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.സി. രാജൻ പറയുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയതാണെങ്കിലും വളരെ കുറച്ച് പൊതുപരിപാടികളേ നടന്നിട്ടുള്ളൂ. അവിടേക്ക് ആരും വരാറില്ലത്രെ. പ്രധാന പോരായ്മ ഒരു സാംസ്കാരിക പരിപാടിക്കു പറ്റിയ ഹാൾ ഇല്ലെന്നതാണെന്നും പറയുന്നു.
പ്രമുഖരുടെ പേരിലുണ്ട്
അടച്ചിട്ട ഹാളുകൾ
തിക്കോടിയൻ, കെ.ടി. മുഹമ്മദ്, പി.എം. താജ്, എൻ.പി. മുഹമ്മദ് എന്നിവരുടെയെല്ലാം പേരുകളിൽ കോഴിക്കോട് ഹാളുകളുണ്ട്. വലിയൊരു മുറി മാത്രമായതിനാൽ പരിപാടി നടത്താൻ യോഗ്യമല്ലെന്നാണ് സാംസ്കാരിക സംഘടനകൾ പറയുന്നത്. ഇതിന്റെ ഘടന മാറ്റണം. അത് പ്രായോഗികമാണോ എന്നത് മറ്റൊരു കാര്യം. മുകളിലത്തെ നിലയിൽ തിയേറ്ററുണ്ടെങ്കിലും പ്രാവുകളുടെ സ്വെെര്യവിഹാര കേന്ദ്രമാണിവിടം. ചെറുവേദിയുള്ളതും ഇല്ലാത്തതുമായ ഓഡിറ്റോറിയവുമുണ്ട്. പഴക്കം ചെന്ന മുഷിഞ്ഞ ഇരിപ്പിടങ്ങളാണുള്ളത്. ഒരു പരിപാടി നടത്താവുന്ന വൃത്തിയുള്ള അന്തരീക്ഷമില്ല. ഡോർമറ്ററിയും താമസിക്കാൻ മുറികളുമുണ്ടെങ്കിലും ഉപയോഗപ്പെടുത്തുന്നില്ല.
ആംഫി തിയേറ്ററിൽ പ്രാവുകളുടെ നാടകം!
മികച്ച ആംഫി തിയേറ്ററുണ്ടെങ്കിലും ഉപയോഗിക്കുന്നില്ല. പ്രാവുകളുടെ കുറുകലും ചിറകടിയും കേൾക്കാം. ആളെക്കണ്ടാൽ പറന്നുപോവുകയും പിന്നെയുമെത്തിയുമാണ് അവയുടെ 'നാടകം കളി.' ഗാലറിയിൽ എവിടെയിരുന്നാലും കാണാം, കേൾക്കാം. മെെക്കില്ലെങ്കിലും കുഴപ്പമില്ല. റിഹേഴ്സൽ നടത്താനും പറ്റിയ ഇടം. എന്നാൽ സംഗീതനാടക അക്കാഡമിയുടെയും മറ്റും ഫെല്ലോഷിപ്പ് നേടിയവർക്കുള്ള സംഗീത, നൃത്ത, നാടക പരിശീലനം മാത്രമാണിവിടെ നടത്താറുള്ളത്. അതും വല്ലപ്പോഴും മാത്രം. ഇവയ്ക്ക് വാടക ഈടാക്കാറുമില്ലെന്നാണ് വിവരം.
നാളെ: വിസിലടിച്ചാൽ നിറുത്തിപ്പോണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |